- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമലയിൽ പ്രതിദിനം 5000 പേർ ആകാമെന്ന് ഹൈക്കോടതി; ഏഴ് ദിവസം ബാക്കി നിൽക്കെ മണ്ഡല പൂജയ്ക്കൊരുങ്ങി സന്നിധാനം
ശബരിമല: മണ്ഡല പൂജയ്ക്ക് ദിവസങ്ങൾ ബാക്കി നിൽക്കെ ശബരിമലയിൽ നാളെ മുതൽ പ്രതിദിനം 5000 ഭക്തരെ പ്രവേശിപ്പിക്കാൻ ഹൈക്കോടതി അനുമതി നൽകി. കോവിഡ് ഇല്ലെന്നുറപ്പാക്കാൻ ആർടിപിസിആർ ടെസ്റ്റ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണമെന്നും കോടതി പറഞ്ഞു. അതേസമയം നെയ്യഭിഷേകം നേരിട്ട് അനുവദിക്കേണ്ടതില്ലെന്ന മുൻ തീരുമാനത്തിൽ മാറ്റമില്ല. മണ്ഡല മകരവിളക്ക് സീസണിൽ കൂടുതൽ ഭക്തരെ അനുവദിക്കണോ എന്ന് ഉന്നതാധികാര സമിതിക്കു പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
ട്രാവൻകൂർ ദേവസ്വം ബോർഡ് എംപ്ലോയീസ് ഫ്രണ്ട്, കോൺഗ്രസ് നേതാവ് അജയ് തറയിൽ, ചെന്നൈ സ്വദേശി കെ. പി. സുനിൽ, കെ. ബൈജു തുടങ്ങിയവരുടെ ഹർജികൾ പരിഗണിച്ചാണു ജസ്റ്റിസ് സി. ടി. രവികുമാർ, ജസ്റ്റിസ് കെ. ഹരിപാൽ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. നിലവിൽ തിങ്കൾ മുതൽ വെള്ളി വരെ പ്രതിദിനം 2000 തീർത്ഥാടകർക്കും ശനി, ഞായർ ദിവസങ്ങളിൽ 3000 തീർത്ഥാടകർക്കുമാണ് അനുമതി. റജിസ്‌ട്രേഷൻ എടുക്കുന്നവരിൽ 40% എത്തുന്നില്ല. സീസൺ പകുതി കടന്നു. ഈ സാഹചര്യത്തിൽ ഭക്തരുടെ എണ്ണം പുതുക്കി നിശ്ചയിക്കാവുന്നതാണെന്നു കോടതി വിലയിരുത്തി.
അതേസമയം മണ്ഡലപൂജയ്ക്ക് ഏഴ് ദിവസം ബാക്കിനിൽക്കെ തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന, മണ്ഡലപൂജ എന്നിവയ്ക്കുള്ള തയ്യാറെടുപ്പിലാണു സന്നിധാനം. 25ന് വൈകിട്ട് 6.30ന് തങ്കഅങ്കി ചാർത്തി ദീപാരാധനയും 26ന് ഉച്ചയ്ക്ക് മണ്ഡലപൂജയും നടക്കും.
തങ്കഅങ്കി ഘോഷയാത്ര പമ്പയിലും സന്നിധാനത്തും എത്തുമ്പോൾ സ്വീകരിക്കേണ്ട ക്രമീകരണങ്ങളെക്കുറിച്ച് അധികൃതർ ചർച്ച ചെയ്യുന്നുണ്ട്. കോവിഡ് വർധിച്ചതിനാൽ കൂടുതൽ തീർത്ഥാടകരെ അനുവദിക്കേണ്ടെന്ന നിലപാടാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി സ്വീകരിച്ചിട്ടുള്ളത്.
ഇന്നലെ ഉച്ചയ്ക്കു കളഭാഭിഷേകം നടന്നു. പൂജിച്ചു നിറച്ച ബ്രഹ്മകലശം വാദ്യമേളങ്ങളുടെ അകമ്പടിയിൽ ആഘോഷമായാണു ശ്രീലകത്ത് എത്തിച്ചത്. തന്ത്രി കണ്ഠര് രാജീവര് അയ്യപ്പ വിഗ്രഹത്തിൽ കളഭാഭിഷേകം നടത്തി. മേൽശാന്തി വി.കെ.ജയരാജ് പോറ്റി സഹകാർമികത്വം വഹിച്ചു.