ശബരിമല: ശബരിമലയിൽ പ്രതിിദിനം 5000 ഭക്തരെ പ്രവേശിപ്പിക്കുന്ന നടപടി വൈകും. ഇന്നലെ മുതൽ 5000 പേരെ പ്രവേശിപ്പിക്കാൻ കോടതി അനുമതി നൽകി എങ്കിലും സർക്കാർ തീരുമാനമാകാത്തതാണ് വൈകാൻ കാരണം. പൊലീസിന്റെ വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്തു വരുന്നവരെ മാത്രമേ നിലയ്ക്കലിൽനിന്നു കടത്തിവിടൂ. എന്നാൽ സർക്കാർ തീരുമാനമെടുക്കാത്തതിനാൽ പൊലീസിനു വെർച്വൽ ക്യൂ ബുക്കിങ് തുടങ്ങാൻ കഴിഞ്ഞിട്ടില്ല.

മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും നിലപാട് വ്യക്തമാക്കിയിട്ടുമില്ല. ഇതോടെയാണ് തീർത്ഥാടകരുടെ എണ്ണം വർദ്ധിപ്പിക്കുന്നത് പ്രതിസന്ധിയിലായത്. 3 ദിവസം മുൻപ് കോവിഡ് സാഹചര്യം വിലയിരുത്തിയ ശേഷം ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതാധികാര സമിതി മകരവിളക്കു കഴിയും വരെ തീർത്ഥാടകരുടെ എണ്ണം കൂട്ടേണ്ട എന്നാണു നിലാപാടെടുത്തത്. അതിനു ശേഷമാണു ഹൈക്കോടതിയുടെ നിർദ്ദേശം വന്നത്. നിലവിൽ തിങ്കൾ മുതൽ വെള്ളി വരെ 2000 തീർത്ഥാടകരെയും ശനി, ഞായർ ദിവസങ്ങളിൽ 3000 പേരെയുമാണു പ്രവേശിപ്പിക്കുന്നത്.

ആർടിപിസിആർ സർട്ടിഫിക്കറ്റ് മകരവിളക്ക് തീർത്ഥാടനത്തിന്
ശബരിമല: തീർത്ഥാടകർ ആർടി പിസിആർ പരിശോധനാ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടത് മകരവിളക്ക് തീർത്ഥാടനത്തിന്. മണ്ഡലപൂജ പൂർത്തിയാക്കി നട അടയ്ക്കുന്ന 26 വരെ ആന്റിജൻ പരിശോധന നടത്തിയുള്ള നെഗറ്റീവ് സർട്ടിഫിക്കറ്റ് മതി.

തുടർന്ന് മകരവിളക്ക് ഉത്സവത്തിനു 30നു വൈകിട്ട് 5നു നട തുറക്കുമെങ്കിലും അന്നു തീർത്ഥാടകർക്കു പ്രവേശനമില്ല. 31നു രാവിലെ 5 മുതൽ ദർശനം അനുവദിക്കും. 48 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ പരിശോധനാ സർട്ടിഫിക്കറ്റാണു വേണ്ടത്.

പലയിടത്തും തിരക്കു കാരണം ഫലം ലഭിക്കാൻ 3 ദിവസം വരെ എടുക്കുന്നതു തീർത്ഥാടകരെ വിഷമത്തിലാക്കും. നിലയ്ക്കലിൽ എത്തി പരിശോധിച്ചാൽ ഉടൻ ഫലം കിട്ടാൻ സംവിധാനവുമില്ല.