നിവിൻ പോളിയുടെ പേഴ്‌സണൽ മേക്കപ്പ് മാൻ ഷാബു പുൽപ്പള്ളിയുടെ മരണ വാർത്ത ഒരു നടുക്കത്തോടെയാണ് സിനിമാ ലോകം കേട്ടത്. താരങ്ങളും സാങ്കേതിക പ്രവർത്തകരും സിനിമയുടെ അണിയറയിലുള്ള എല്ലാവരും തന്നെ ഒരു ഞെട്ടലോടെയാണ് ഷാബുവിന്റെ മരണവാർത്തയെ കുറിച്ച് സംസാരിക്കുന്നത്. സിനിമാക്കാർക്ക് അത്രമേൽ പ്രിയപ്പെട്ടതായിരുന്നു ഷാബു പുൽപ്പള്ളി എന്ന യുവാവ്. അതുകൊണ്ട് തന്നെ പ്രമുഖരടക്കം നിരവധി സിനിമാ താരങ്ങൾ ഷാബുവിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി രംഗത്ത് എത്തി.

ദുൽഖർ സൽമാൻ , വിനീത് ശ്രീനിവാസൻ, അജു വർഗീസ്, ആന്റണി വർഗീസ്, ഗീതു മോഹൻദാസ് തുടങ്ങിയ താരങ്ങൾ ആദരാഞ്ജലി അർപ്പിച്ചു. ക്രിസ്മസ് സ്റ്റാർ കെട്ടാൻ വേണ്ടി മരത്തിൽ കയറിയപ്പോൾ വീണതാണ് എന്നാണ് സൂചന. ഇന്റേണൽ ബ്ലീഡിങ് ഉണ്ടാകുകയും ചെയ്തു. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തട്ടത്തിൻ മറയത്ത് എന്ന സിനിമ മുതൽ നിവിനൊപ്പം പ്രവർത്തിച്ചുവരികയായിരുന്നു ഷാബു. വയനാട് സ്വദേശിയാണ്.

വിടവാങ്ങിയത് നിവിന്റെ വിശ്വസ്തൻ-വിനീത് ശ്രീനിവാസൻ
'ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല. നിവിന്റെ വലംകൈയാണ് ഷാബു. എട്ടു വർഷങ്ങളായുള്ള പരിചയം..'വിനീത് ശ്രീനിവാസൻ കുറിച്ചു. 2012ൽ വിനീത് ശ്രീനിവാസൻ ഒരുക്കിയ തട്ടത്തിൻ മറയത്ത് ചിത്രത്തിലൂടെയാണ് നിവിനും ഷാബുവും ഒന്നിച്ചു പ്രവർത്തിക്കുന്നത്. പിന്നീട് നീണ്ട എട്ടുവർഷത്തോളം നിവിനൊപ്പം. ഷാബു മേക്കപ്പ് രംഗത്തേക്ക് കടന്ന് വരുന്നത് പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് ആയ പാണ്ഡ്യനൊപ്പമാണ്.

നിവിൻ പോളി തന്നെ നിർമ്മിച്ച് നായക വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമായ കനകം കാമിനി കലഹം എന്ന സിനിമയിൽ ചീഫ് മേക്കപ്പ് ആർട്ടിസ്റ്റ് ആയിരുന്നു ഷാബു. മിഖായേലിൽ ഒരു ചെറിയ വേഷം ചെയ്തിരുന്നു. കനകം കാമിനി കലഹം എന്ന സിനിമയിലും അതിഥി വേഷത്തിൽ ഷാബു അഭിനയിച്ചിട്ടുണ്ട്.

നിവിന്റെ വലം കൈ-ദുൽഖർ സൽമാൻ
പത്ത് വർഷമായി നിവിനൊപ്പം ജോലി ചെയ്തു വരികയായിരുന്ന ഷാബു നിവിന്റെ വലംകൈ ആയിരുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'പുതിയ തീരങ്ങൾ' മുതൽ നടൻ നിവിൻ പോളിയുടെ പേർസണൽ മേക്കപ്പ് ആർട്ടിസ്റ്റ് ആയിരുന്ന ഷാബു പുൽപ്പള്ളി ചലച്ചിത്ര പ്രവർത്തകർക്കിടയിൽ ഏറെ പ്രിയങ്കരനായിരുന്നു. ഷാബുവിന് ആദരാഞ്ജലി അർപ്പിക്കുന്നതിനൊപ്പം നിവിനെയും കുടുംബത്തെയും ആശ്വസിപ്പിച്ചുകൊണ്ടാണ് ദുൽഖറിന്റെ പോസ്റ്റ്.

''ഷാബുവിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നു. ബാംഗ്ലൂർ ഡേയ്‌സിലും വിക്രമാദിത്യനിലും അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചതിന്റെ ഓർമകൾ ഇപ്പോളുമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിന് ഈ വിയോഗം താങ്ങാനുള്ള ശക്തി ഉണ്ടാകട്ടെ. ഷൂട്ടിങ്ങിനിടെ ഞങ്ങളെ സഹായിക്കുന്നവരും ഒപ്പമുണ്ടാകുന്നവരുമൊക്കെ ഒരു കുടുംബം പോലെ ആയിത്തീരാറുണ്ട്. നീയിപ്പോൾ കടന്നുപോകുന്ന അവസ്ഥയെക്കുറിച്ച് എനിക്ക് ചിന്തിക്കാനാകുന്നില്ല നിവിൻ. ഈ നഷ്ടം നികത്താനാകില്ല. നിനക്കും റിന്നക്കും പ്രാർത്ഥനകളും സ്‌നേഹവും'', ദുൽഖർ കുറിച്ചു.

അജു വർഗീസ് ഷാബുവിനെ അനുസ്മരിച്ച് കുറിച്ചത്: ''ഷാബു ഏട്ടാ... ആ കടം വീട്ടാൻ എനിക്കായില്ല ... മറന്നതല്ല.. ഒരായിരം മാപ്പ് .. ന്തിനാ ഏട്ടാ ഇങ്ങനെ പോയേ..''.

ഷാബു നീ ഞങ്ങളുടെ ഹൃദയം തകർത്തു എന്നാണ് ഗീതു മോഹൻദാസ് കുറിച്ചത്.

പരിചയപ്പെടുന്ന എല്ലാവരുമായി സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തി-ബാദുഷ
പരിചയപ്പെടുന്ന എല്ലാവരുമായി സൗഹൃദം കാത്തുസൂക്ഷിക്കുന്ന വ്യക്തിയായിരുന്നു ഷാബുവെന്ന് നിർമ്മാതാവും പ്രൊഡക്ഷൻ കൺട്രോളറുമായ ബാദുഷ. മേക്കപ്പ്മാൻ എന്നതിനപ്പുറമുള്ള ബന്ധമായിരുന്നു നിവിനും ഷാബുവും തമ്മിൽ. 'ഷാബുവിന്റെ ഉള്ളിലെ നന്മയും സൗഹൃദങ്ങൾക്കു കൽപിക്കുന്ന വിലയുമായാണ് ഈ വിയോഗം കൂടുതൽ വേദനിപ്പിക്കുന്നത്. താരങ്ങളും സാധാരണക്കാരുമടങ്ങുന്ന ഒരു വലിയ സൗഹൃദ ലോകമായിരുന്നു അയാളുടെ വിലയേറിയ സമ്പാദ്യം.'നിവിൻ പോളിയുടെ മേക്കപ്പ്മാൻ ഷാബുവിനെ അനുസ്മരിച്ച് സംസാരിക്കുകയായിരുന്നു ബാദുഷ.

'ഞങ്ങളെല്ലാവരും ഈ വാർത്തയുടെ ഷോക്കിൽ നിന്നും മുക്തരായിട്ടില്ല. വളരെ ചെറുപ്പമാണല്ലോ അവൻ. ഷാബുവിന്റെ ചേട്ടൻ ഷാജി(മേക്കപ്പ്മാൻ) ഇപ്പോൾ എനിക്കൊപ്പം 'റസ്റ്റ് ഇൻ പീസ്' എന്ന ചിത്രത്തിൽ പ്രവർത്തിക്കുന്നുണ്ട്. ഇന്നലെ വൈകുന്നേരം ഷാബുവിന് ഇങ്ങനെ ഒരു അപകടം പറ്റി എന്നു കോൾ വന്നപ്പോൾ ഞങ്ങളെല്ലാവരും കൂടി ഷാജിയെ അങ്ങോട്ടേക്ക് അയച്ചു. പക്ഷേ, ഷാജി തൃശൂർ കഴിഞ്ഞപ്പോഴേക്കും ഷാബു മരിച്ചു എന്ന അറിയിപ്പ് കിട്ടി''.ബാദുഷ പറയുന്നു.

'എവിടെ വച്ചു കണ്ടാലും ഓടി വന്ന് കെട്ടിപ്പിടിച്ച് വർത്തമാനം പറയുന്നതായിരുന്നു ഷാബുവിന്റെ രീതി. എപ്പോൾ വിളിച്ചാലും കൃത്യമായി കാര്യങ്ങൾ പറയും അത് നിവിനെ അറിയിക്കും. താരങ്ങളോടും ടെക്‌നീഷ്യൻസിനോടുമൊക്കെ വളരെ അടുത്ത ബന്ധമായിരുന്നു. ആരെ പരിചയപ്പെട്ടാലും വളരെ വേഗം സൗഹൃദത്തിലേക്കെത്തുന്നതായിരുന്നു അവന്റെ രീതി. എപ്പോഴും ചിരിച്ചോണ്ടു മാത്രമേ ഷാബുവിനെ കാണാൻ പറ്റൂ.'

'എട്ടു വർഷമായി ഷാബു നിവിന്റെ ഒപ്പമുണ്ട്. നേരത്തെ സിനിമയിൽ മേക്കപ്പ് സഹായിയായി പ്രവർത്തിക്കുകയായിരുന്നു. ഈ അടുത്ത് നിവിൻ നായകനായ 'കനകം കാമിനി കലഹം' എന്ന പടത്തിന്റെ മേക്കപ്പ്മാനും ഷാബു ആയിരുന്നു. സംഭവം അറിഞ്ഞപ്പോൾ മുതൽ നിവിനെ വിളിക്കുന്നു. കിട്ടുന്നില്ല. ഇന്നലെ രാത്രി സംവിധായകൻ ഹനീഫ് അദേനി എന്നെ വിളിച്ചു. നിവിൻ ഭയങ്കര കരച്ചിലാണെന്ന് പറഞ്ഞു. നിവിന് അത്ര അടുപ്പമായിരുന്നു ഷാബുവുമായി. അവസാനമായി ഒരുനോക്ക് കാണുവാൻ നിവിനും സുഹൃത്തുക്കളും വയനാട്ടിലേയ്ക്ക് പോകുവാനുള്ള തയ്യാറെടുപ്പിലാണ്. ' ബാദുഷ പറയുന്നു.

വയനാട് സ്വദേശിയാണ് ഷാബു. ഭാര്യ രശ്മി. രണ്ട് മക്കൾ. മേക്കപ്പ്മാൻ ഷാജി പുൽപ്പള്ളി സഹോദരനാണ്. നക്ഷത്രം തൂക്കുന്നതിനിടെ മരത്തിൽ നിന്ന് വീണാണ് അപകടം. ആന്തരിക രക്തസ്രാവമാണ് മരണ കാരണം. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.