കടയ്ക്കാവൂർ: മദ്യപിച്ചെത്തി ഏഴു വയസുകാരിയായ മകളെ ക്രൂരമായി മർദ്ദിച്ച പിതാവ് അറസ്റ്റിൽ. ചെരിപ്പുകൊണ്ട് കുട്ടിയുടെ കാലിലും കാരണത്തും അടിച്ചു പരിക്കേൽപ്പിച്ച ചിറയിൻകീഴ് മണ്ണാത്തിമൂല വടക്കേവീട്ടിൽ രാജേഷ് (41) ആണ് അറസ്റ്റിലായത്. ഭാര്യയുമായി പിണങ്ങി കഴിയുന്ന രാജേഷ് ഭാര്യയോടൊപ്പം താമസിച്ചിരുന്ന കുട്ടികളെ തിരുവോണ ദിവസം തന്റെ വീട്ടിലേക്ക് കൂട്ടി കൊണ്ടു വരികയും പിന്നീട് ദിവസവും അതിക്രൂരമായി പീഡിപ്പിക്കുകയും ആയിരുന്നു.

ദിവസവും മദ്യപിച്ചെത്തുന്ന രാജേഷ് കുട്ടികളെ സ്ഥിരം ഉപദ്രവിക്കാറുണ്ടെന്ന് പരിക്കേറ്റ കുട്ടി പൊലീസിനോട് പറഞ്ഞു. ചെരിപ്പിന് കവിളത്ത് അടി കിട്ടിയ കുട്ടി അബോധാവസ്ഥയിലായതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. തുടർന്ന് അയവാസിയും ബന്ധുവുമായ സ്ത്രീ കുട്ടിയെ ചിറയിൻകീഴ് ആശുപത്രിയിൽ എത്തിച്ചു. ആശുപത്രി അധികൃതരാണ് ചൈൽഡ് ലൈനിലും കടയ്ക്കാവൂർ പൊലീസിലും വിവരം അറിയിച്ചത്. തുടർന്ന് പൊലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തിട്ടുണ്ട്.

കുട്ടികളെ പൊലീസ് ഇടപെട്ട് കടയ്ക്കാവൂരിൽ താമസിച്ചിരുന്ന അമ്മയെ ഏൽപ്പിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കടയ്ക്കാവൂർ സി. ഐ ആർ ശിവകുമാറിന്റെ നിർദേശ പ്രകാരം എസ്‌ഐ വിനോദ് വിക്രമാദിത്യൻ, വിജയകുമാർ. സി.പി.ഒ മാരായ ശ്രീകുമാർ ഡീൻ എന്നിവരടങ്ങിയ സാംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.