- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐഎൻടിയുസി ദേശീയ നേതാവ് ചമഞ്ഞ് ജോലി വാഗ്ദാനം ചെയ്ത് ഒരു കോടിയുടെ തട്ടിപ്പ് നടത്തിയ സംഭവം; രണ്ട് വർഷത്തിന് ശേഷം പ്രതി പിടിയിൽ: അറസ്റ്റിലായത് ചങ്ങനാശരി സ്വദേശി കാരയ്ക്കൽ രാജു ആന്റണി
കടുത്തുരുത്തി: ഐഎൻടിയുസി ദേശീയ നേതാവ് ചമഞ്ഞ് ഒരു കോടിയുടെ തട്ടിപ്പ് നടത്തിയ ആൾ പിടിയിലായി. ബാങ്കുകളിൽ അടക്കം വിവിധ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് പലരിൽ നിന്നായി ഒരു കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ ചങ്ങനാശരി കാരയ്ക്കൽ രാജു ആന്റണി (65) ആണ് അറസ്റ്റിലായത്. തട്ടിപ്പിനിരയായ നിരവധി പേരുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിൽ കുറവിലങ്ങാട് പൊലീസ് ആണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇന്ത്യൻ ഓയിൽ കോർപറേഷൻ, സൗത്ത് ഇന്ത്യൻ ബാങ്ക്, ഫെഡറൽ ബാങ്ക് തുടങ്ങി വിവിധ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. രാജു ആന്റണി അടക്കം വൻ റാക്കറ്റ് പണം തട്ടിയെടുത്തതിന് പിന്നിൽ പ്രവർത്തിച്ചതായി പൊലീസ് കണ്ടെത്തി. കളത്തൂർ സ്വദേശി മിനി ഷാജി, ഏറ്റുമാനൂർ സ്വദേശി പാലമറ്റത്തിൽ പി.ജെ ജോജോ, തൃശൂർ പുഴയിൽ ജയിംസ് ചാക്കോ, തെള്ളകം സ്വദേശി ചിലമ്പിട്ട പേരിൽ സൂസൻ തോമസ് എന്നിവർ ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയെ തുടർന്ന് വൈക്കം ഡിവൈഎസ്‌പി സനൽകുമാർ, കുറവിലങ്ങാട് എസ്എച്ച് ഒ കെ.ജെ. തോമസ്, എസ്‌ഐ ടി.ആർ. ഡിബു, എ എസ്‌ഐ സാജു ലാൽ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഐ എൻ ടി യു സി ദേശീയ വർക്കിങ് കമ്മിറ്റി അംഗം ആണെന്നും സിനിമ നിർമ്മാതാവ് ആണെന്നും പരിചയപ്പെടുത്തിയായിരുന്നു തട്ടിപ്പ്. ആളുകൾ തന്റെ വാക് ചാതുരിയിൽ വീണെന്ന് മനസ്സിലായാൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടും. 2018 ജൂലൈയിലാണ് രാജു ആന്റണി തട്ടിപ്പ് നടത്തിയത്. ഒരു വർഷത്തിനുശേഷം ബാങ്കുകളുടെ നിയമന കത്ത് ഉദ്യോഗാർഥികൾക്ക് നൽകിയിരുന്നു. ഇതെല്ലാം വ്യാജമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് പരാതിക്കാർ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയത്.
നേരത്തെ അഭിഭാഷകന്റെ സാന്നിധ്യത്തിൽ ചെക്ക് നൽകിയതായും പരാതിക്കാർ പറയുന്നു. 22 9 2020 ഡേറ്റ് ഇട്ട് നൽകിയ ചെക്ക് മടങ്ങിയതോടെ ആണ് പണം നഷ്ടമായവർ പരാതിയുമായി പൊലീസിനെ സമീപിച്ചത്. രാജു ആന്റണി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമം നടത്തിയെങ്കിലും ഇത് നിഷേധിച്ചിരുന്നു. രണ്ടും മൂന്നും പ്രതികളായ ബിനു ചാക്കോ, സുരേഷ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
മറുനാടന് മലയാളി ബ്യൂറോ