ഇടുക്കി: പ്ലസ് ടു വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ രണ്ട് യുവാക്കൾ അറസ്റ്റിൽ. പ്രണയം നടിച്ച് പണവും സ്വർണവും തട്ടിയെടുത്തതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് രണ്ട് യുവാക്കൾ അറസ്റ്റിലായത്. പെൺകുട്ടിയുടെ സീനിയറായി പഠിച്ച ആൺകുട്ടികളാണ് ആത്മഹത്യാ പ്രേരണാ കുറ്റത്തിന് പൊലീസ് പിടിയിലായത്. 

പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് കാഞ്ചിയാർ കിഴക്കേമാട്ടുക്കട്ട പുളിമൂട്ടിൽ ക്രിസ്റ്റി പി.ചാക്കോ (18), വെള്ളിലാംകണ്ടം പുത്തൻപുരയ്ക്കൽ ജിക്കുമോൻ (19)എന്നിവരെയാണ് ഉപ്പുതറ പൊലീസ് അറസ്റ്റുചെയ്തത്.

മേരികുളം ഇടപ്പൂക്കുളം സ്വദേശിനിയായ പ്ലസ്ടു വിദ്യാർത്ഥിനി ഒക്ടോബർ എട്ടിന് ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ഇരുവരും അറസ്റ്റിലായത്. ക്രിസ്റ്റി പ്രണയം നടിച്ച് പെൺകുട്ടിയുടെ സ്വർണം തട്ടിയെടുത്തു. ഇത് തിരികെ ചോദിച്ചെങ്കിലും മടക്കി നൽകിയില്ല. ക്രിസ്റ്റിയു ജിക്കുവും ചേർന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് പെൺകുട്ടി ആത്മഹത്യ ചെയ്തത്.

പെൺകുട്ടി പ്ലസ്വണ്ണിന് പഠിക്കുമ്പോഴാണ് പ്രതികളുമായി പരിചയപ്പെടുന്നത്. അതേ സ്‌കൂളിൽ പ്ലസ്ടു വിദ്യാർത്ഥികൾ ആയിരുന്നു ഇരുവരും. പെൺകുട്ടി ക്രിസ്റ്റിയുമായി പ്രണയത്തിലായി. ഇയാൾ, ജിക്കുവുമായി ചേർന്ന് പലപ്രാവശ്യമായി പെൺകുട്ടിയുടെ പണവും സ്വർണാഭരണങ്ങളും കൈവശപ്പെടുത്തി. ഇതിനെടെ സ്വർണാഭരണങ്ങളെക്കുറിച്ച് വീട്ടുകാർ അന്വേഷിച്ചതോടെ പെൺകുട്ടി അവ തിരികെ ആവശ്യപ്പെട്ടു.

പലതവണ ആവശ്യപ്പെട്ടിട്ടും പ്രതികൾ ആഭരണം നൽകിയില്ല. ഇതിനിടയിൽ ഭീഷണിമുഴക്കുകയും ചെയ്തു. ഇവ തിരികെക്കിട്ടാതെ വന്നതോടെ പെൺകുട്ടി മനംനൊന്ത് വീടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടെന്ന വീട്ടുകാരുടെ മൊഴിയെത്തുടർന്ന് പെൺകുട്ടിയുടെ ഫോൺകോളുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കൂടുങ്ങിയത്.

സ്വകാര്യ ബാങ്കിൽ പ്രതികൾ പണയംവെച്ചിരുന്ന സ്വർണാഭരണങ്ങൾ പൊലീസ് വീണ്ടെടുത്തു. സിഐ. എസ്.എം.റിയാസ്, എസ്‌ഐ.മാരായ ചാർളി തോമസ്, അശോക് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ടി. ശെൽവൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതി റിമാൻഡുചെയ്തു.