- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉപ്പുതറയിലെ പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച ക്രിസ്റ്റി ആദ്യം തട്ടിയെടുത്തത് പണം; അടുപ്പം വളർന്നതോടെ കണ്ണ് സ്വർണാഭരണത്തിലേക്കായി; കാമുകനെ വിശ്വസിച്ച പെൺകുട്ടി നൽകിയത് മുക്കാൽ പവൻ തൂക്കമള്ള സ്വർണ കൊലുസും സ്വർണമോതിരവും: പ്ലസ് വൺകാരിയുടെ ആത്മഹത്യാ കേസിൽ യുവാക്കൾ അറസ്റ്റിലായപ്പോൾ നടുങ്ങി നാട്ടുകാരും
ഉപ്പുതറ: പെൺകുട്ടി മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് രണ്ട് യുവാക്കൾ അറസ്റ്റിലാകുമ്പോൾ നടുക്കം മാറാതെ നാട്ടകാർ. 17കാരിയുടെ ആത്മഹത്യയിൽ ഇത്രയും വലിയ ഒരു ചതി ഒളിഞ്ഞിരിപ്പുണ്ടെന്ന് ആർക്കും വിശ്വസിക്കാനാകുമായിരുന്നില്ല. മേരികുളം ഇടപ്പൂക്കുളം സ്വദേശിനിയായ പതിനേഴുകാരിയാണ് കാമുകന്റെയും സുഹൃത്തിന്റെയും ചതിയിൽപ്പെട്ട് ജീവനൊടുക്കിയത്. സംഭവവുമായി ബന്ധപ്പെട്ടു കിഴക്കേമാട്ടുക്കട്ട പുളിമൂട്ടിൽ ക്രിസ്റ്റി പി.ചാക്കോ(18), വെള്ളിലാംകണ്ടം പുത്തൻപുരയ്ക്കൽ ജിക്കുമോൻ(19) എന്നിവരെയാണ് ഉപ്പുതറ എസ്എച്ച്ഒ എസ്.എം.റിയാസിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
പ്രണയം നടിച്ച് ആൺ സുഹൃത്തുക്കൾ കൈക്കലാക്കിയ സ്വർണം തിരികെ ചോദിച്ചപ്പോൾ ഭീഷണിപ്പെടുത്തിയതോടെയാണ് സമ്മർദ്ദം താങ്ങാനാവാതെ പെൺകുട്ടി ആത്മഹത്യ ചെയ്തത്. പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച ക്രിസ്റ്റി പിന്നീട് പണം വാങ്ങിയെടുക്കാൻ തുടങ്ങി. ഇതിനു ശേഷം പെൺകുട്ടിയിൽ നിന്നു സ്വർണാഭരണങ്ങൾ കൈക്കലാക്കി. ഓഗസ്റ്റ് 24ന് 6.110 ഗ്രാം തൂക്കമുള്ള ഒരു സ്വർണ കൊലുസും 2 ഗ്രാം തൂക്കമുള്ള സ്വർണ മോതിരവും വാങ്ങി.
ആഭരണങ്ങൾ കാണാതായതോടെ പെൺകുട്ടിയുടെ വീട്ടുകാർ ചോദ്യം ചെയ്തു. അതോടെ ഇവ മടക്കി നൽകണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടി പ്രതികളെ സമീപിച്ചെങ്കിലും ഭീഷണിപ്പെടുത്തിയതോടെ ആത്മഹത്യ ചെയ്തെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ധനകാര്യ സ്ഥാപനത്തിൽ പണയപ്പെടുത്തിയിരുന്ന കൊലുസും ജിക്കുമോന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന മോതിരവും പൊലീസ് കണ്ടെത്തി. 9 ഗ്രാം തൂക്കമുള്ള സ്വർണമാല പെൺകുട്ടിയിൽ നിന്നു വാങ്ങിയിരുന്നെങ്കിലും മടക്കി നൽകിയിരുന്നതായി പ്രതികൾ മൊഴി നൽകിയെങ്കിലും കണ്ടെത്താനായിട്ടില്ല. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു
പെൺകുട്ടി പ്ലസ് വണ്ണിന് പഠിച്ചിരുന്നപ്പോൾ അതേ സ്‌കൂളിലെ വിദ്യാർത്ഥികളായിരുന്നു പ്രതികൾ. ഒക്ടോബർ 8ന് രണ്ടോടെയാണ് പെൺകുട്ടിയെ (17) വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്‌കോളർഷിപ്പുമായി ബന്ധപ്പെട്ട ആവശ്യത്തിന് മാട്ടുക്കട്ടയിലെ അക്ഷയ സെന്ററിൽ പോയ പെൺകുട്ടി തിരികെയെത്തിയപ്പോൾ സഹോദരിമാർ വീട്ടിൽ ഉണ്ടായിരുന്നു. ഇവർ പുല്ലരിയാനായി പോയി മടങ്ങിയെത്തിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
മറുനാടന് മലയാളി ബ്യൂറോ