ശബരിമല: അയ്യപ്പ ഭക്തർക്ക് ദർശന സുകൃതത്തിന്റെ പുണ്യവുമായി ഇന്ന് തങ്ക അങ്കി ചാർത്തി ദീപാരാധന. തങ്കഅങ്കി ഘോഷയാത്ര ഉച്ചയ്ക്ക് 12.30ന് പമ്പയിൽ എത്തും. 3 വരെ പമ്പാ ഗണപതികോവിലിൽ തങ്കഅങ്കി ദർശനത്തിനു വയ്ക്കും. പിന്നീട് പെട്ടിയിലാക്കി അയ്യപ്പ സേവാസംഘം പ്രവർത്തകർ ചുമന്നു സന്നിധാനത്ത് എത്തിക്കും. സോപാനത്ത് എത്തുമ്പോൾ തന്ത്രി കണ്ഠര് രാജീവര്, മേൽശാന്തി വി.കെ.ജയരാജ് പോറ്റി എന്നിവർ ഏറ്റുവാങ്ങും.

വൈകിട്ട് 6.30ന് തങ്ക അങ്കി ചാർത്തി ദീപാരാധന. ഘോഷയാത്ര കടന്നു പോകുന്നതിനാൽ ഉച്ചയ്ക്ക് 12 മുതൽ 5 വരെ തീർത്ഥാടകരെ പമ്പയിൽ നിന്നു സന്നിധാനത്തേക്ക് കടത്തിവിടില്ല. നാളെ പകൽ 11.40നും 12.20നും മധ്യേയാണ് തങ്കഅങ്കി ചാർത്തി മണ്ഡലപൂജ. ചടങ്ങുകൾ പൂർത്തിയാക്കി രാത്രി 9ന് നട അടയ്ക്കും. മണ്ഡലകാല തീർത്ഥാടനത്തിനു സമാപ്തി കുറിച്ച് നാളെ ഉച്ചയ്ക്ക് മണ്ഡല പൂജ. മകരവിളിക്കിനായി 30ന് വൈകിട്ട് 5ന് നട തുറക്കും.