ന്യൂഡൽഹി: ജീവനക്കാരുടെ കുടിശ്ശിക എന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ ഗ്രാറ്റുവിറ്റിയിൽ നിന്നും പിടിക്കാമെന്ന് സുപ്രീംകോടതി .ജസ്റ്റിസുമാരായ എസ്.കെ. കൗൾ, ദിനേശ് മഹേശ്വരി, ഋഷികേശ് റോയ് എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി. ജീവനക്കാർ കുടിശ്ശികയെന്തെങ്കിലും നൽകാനുണ്ടെങ്കിൽ അവരുടെ ഗ്രാറ്റ്‌വിറ്റി തടഞ്ഞുവെക്കുകയോ പിടിച്ചെടുക്കുകയോ ചെയ്യാമെന്നാണ് കോടതി വിധിച്ചത്.

ഗ്രാറ്റ്‌വിറ്റി തടഞ്ഞുവെക്കാനാവില്ലെന്ന രണ്ടംഗ ബെഞ്ചിന്റെ 2017-ലെ നിരീക്ഷണം വിധിയായിരുന്നില്ല, പ്രത്യേക കേസുമായി ബന്ധപ്പെട്ട ഉത്തരവ് മാത്രമായിരുന്നെന്നും സുപ്രീംകോടതി വ്യക്തമാക്കി. അതുകൊണ്ടുതന്നെ 2017-ലെ വിധിയെ കീഴ്‌വഴക്കമായി കാണാനാവില്ല. ഗ്രാറ്റ്‌വിറ്റിയിൽ നിന്ന് വാടകപ്പിഴ പിടിക്കാമെന്ന് 2005-ൽ സുപ്രീംകോടതിയുടെ മറ്റൊരു വിധിയുണ്ടായിരുന്നെന്നും മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.

സ്റ്റീൽ അഥോറിറ്റി ഓഫ് ഇന്ത്യയിലെ (സെയിൽ) ജീവനക്കാരന്റെ കേസിലാണ് സുപ്രധാനമായ വിധി. ഔദ്യോഗികവസതിയിൽ കൂടുതൽക്കാലം താമസിച്ചതിന് 1.95 ലക്ഷം രൂപ വാടകയായി ചുമത്തിയിരുന്നു. ഇതു നൽകാൻ ജീവനക്കാരൻ തയ്യാറാവാത്തതിനെത്തുടർന്നാണ് ഗ്രാറ്റ്‌വിറ്റിയിൽനിന്നു പിടിച്ചത്. ഇതിനെതിരേ ജീവനക്കാരൻ ജാർഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചു. ഗ്രാറ്റ്‌വിറ്റിയിൽനിന്ന് തുക പിടിക്കാൻ പാടില്ലെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഇതാണ് സുപ്രീം കോടതി റദ്ദാക്കിയത്.