കോങ്ങാട്: പൊലീസിന്റെ സമയോചിത ഇടപെടലിൽ ജീവൻ തിരിച്ചു കിട്ടിയത് ആത്മഹത്യയ്ക്ക് ഇറങ്ങിയ സ്ത്രീയ്ക്ക്. കൊണ്ടോട്ടി സ്‌പെഷ്യൽ ബ്രാഞ്ച് എസ്‌ഐക്ക് വാട്‌സാപ്പ് ഗ്രൂപ്പ് വഴി മാറി മറിഞ്ഞ് ലഭിച്ച ഒരു സന്ദേശമാണ് സ്ത്രീയുടെ ജീവന് കാവലായത്. ശനിയാഴ്ച രാത്രി 8ന് ആത്മഹത്യ ചെയ്യും എന്ന് ഇവർ അയച്ച സന്ദേശം ഒരു ഗ്രൂപ്പ് വഴിയാണ് കൊണ്ടോട്ടി സ്‌പെഷൽ ബ്രാഞ്ച് എസ്‌ഐ സി. സുരേഷ് ബാബുവിനു ലഭിച്ചത്.

രാത്രി 7.25നാണു അദ്ദേഹത്തിന് സന്ദേശം ലഭിച്ചത്. സന്ദേശം കണ്ട ഉടൻ അദ്ദേഹം അത് ഉടൻ പാലക്കാട്ടേക്കു കൈമാറി. അവിടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കോങ്ങാട് പൊലീസ് സ്റ്റേഷനിലെ സ്‌പെഷൽ ബ്രാഞ്ച് എഎസ്‌ഐ എൻ.രാമചന്ദ്രൻ വിവരം കോങ്ങാട്, കല്ലടിക്കോട് സ്റ്റേഷനുകളിൽ അറിയിച്ചു. ഇതോടെ ഒരു വലിയ രക്ഷാപ്രവർത്തനത്തിന് തുടക്കമായി. ഫോൺ നമ്പർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ സ്ത്രീ കല്ലടിക്കോട് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്നയാളാണെന്ന് നേരത്തെ അറിഞ്ഞിരുന്നു. പിന്നീട് കല്ലടിക്കോട് സ്‌പെഷൽ ബ്രാഞ്ച് എഎസ്‌ഐ രാമചന്ദ്രന്റെ അന്വേഷണത്തിൽ ഇവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. മാത്രമല്ല, ഇവർ അപ്പോൾ ഓട്ടോയിൽ യാത്ര ചെയ്യുകയാണെന്നും അറിഞ്ഞു.

സംഭവം ഗൗരവമായി കണ്ട പൊലീസ് സ്ത്രീയ്ക്ക് പിന്നാലെ തന്നെ പാഞ്ഞു.പൊലീസ് ഓട്ടോ ഡ്രൈവറെ ഫോണിൽ ബന്ധപ്പെട്ടു വിവരം അറിയിച്ചു. പറളിയിൽ പോകണം എന്നു പറഞ്ഞാണ് സ്ത്രീ ഓട്ടോ വിളിച്ചിരുന്നത്. ഇതിനിടെ മുണ്ടൂരിൽ എത്തിയപ്പോൾ സ്ത്രീ വാഹനത്തിൽനിന്നു ചാടിയിറങ്ങി മറ്റൊരു ഓട്ടോയിൽ കയറി യാത്ര തുടർന്നു. മുണ്ടൂർ എത്തുമ്പോൾ ഇവരെ പിടികൂടാൻ കോങ്ങാട് എസ്‌ഐ മഹേഷ്‌കുമാർ ജീപ്പുമായി അവിടേക്കു കുതിക്കുന്നതിനിടെയാണ് ഇവർ മറ്റൊരു ഓട്ടോയിൽ കടന്നുകളഞ്ഞത്. അതോടെ വീണ്ടും ആശങ്കയായി. എങ്കിലും പ്രതീക്ഷ വിടാതെ പൊലീസ് ശ്രമം തുടർന്നു.

ഓട്ടോ ഡ്രൈവറുടെ നമ്പർ സംഘടിപ്പിച്ച് എസ്‌ഐ ഓട്ടോ കോങ്ങാട് സ്റ്റേഷനിൽ എത്തിക്കാൻ നിർദ്ദേശം നൽകി. സ്റ്റേഷനിൽ എത്തുമ്പോൾ സ്ത്രീയുടെ കൈവശം ഉഴുന്നുവടയും വിഷക്കുപ്പിയും ഉണ്ടായിരുന്നു. ഉടൻ പൊലീസ് ജീപ്പിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. പണം ഇടപാടുമായി ബന്ധപ്പെട്ട പ്രയാസമാണ് ആത്മഹത്യ ചെയ്യാൻ പ്രേരണയായതെന്നു പറയുന്നു. നിലവിൽ ഇവർ അപകടനില തരണം ചെയ്തതായി എസ്‌ഐ എം. മഹേഷ്‌കുമാർ പറഞ്ഞു. രാത്രി 8.30ഓടെ സംഭവ ബഹുലമായ രക്ഷാ ദൗത്യത്തിനു അവസാനമായി.