തിരുവനന്തപുരം: യാക്കോബായ സഭയുടെ അവകാശ സംരക്ഷണ യാത്ര ഇന്ന് സെക്രട്ടേറിയറ്റിന് മുന്നിൽ സമാപിക്കും. ഇന്ന് രാവിലെ 10.30ന് പുന്നൻ റോഡ് സെന്റ് പീറ്റേഴ്‌സ് കത്തീഡ്രലിലെ സ്വീകരണത്തിനു ശേഷമായിരിക്കും ജാഥ സെക്രട്ടേറിയറ്റിന് മുന്നിലെത്തുക. യാക്കോബായ, ഓർത്തഡോക്‌സ് സഭകൾ തമ്മിലുള്ള തർക്കം നിയമനിർമ്മാണത്തിലൂടെ പരിഹരിക്കണമെന്നും വിശ്വാസികൾക്ക് ആരാധനാ സ്വാതന്ത്ര്യം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് വയനാട്ടിലെ മീനങ്ങാടി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് കത്തീഡ്രലിൽ നിന്നുമാണ് യാക്കോബായ സഭ അവകാശ സംരക്ഷണ യാത്ര ആരംഭിച്ചത്.

സമരസമിതി കൺവീനറും മുംബൈ ഭദ്രാസനാധിപനുമായ തോമസ് മാർ അലക്‌സന്ത്രയോസിന്റെ നേതൃത്വത്തിലാണ് വയനാട്ടിൽ നിന്നും യാത്ര ആരംഭിച്ചത്. സഭയ്ക്കുണ്ടായ നീതി നിഷേധത്തെക്കുറിച്ചു വിവിധ ദേവാലയങ്ങളിലും പൊതുസ്ഥലങ്ങളിലും കഴിഞ്ഞ 14 ദിവസമായി വിശദീകരണം നടത്തിയ ശേഷം ഇന്നലെ വൈകിട്ടാണ് നഗരാതിർത്തിയായ കഴക്കൂട്ടത്ത് എത്തിയത്.

സമാപന സമ്മേളനത്തിൽ തിരുവനന്തപുരം നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ് അധ്യക്ഷത വഹിക്കും. തുമ്പമൺ ഭദ്രാസനാധിപനും സഭാ ലിറ്റിഗേഷൻ കമ്മിറ്റി ചെയർമാനുമായ യൂഹാനോൻ മാർ മിലിത്തിയോസ് ഉദ്ഘാടനം ചെയ്യും.

യാക്കോബായ സുറിയാനി സഭയിലെ മെത്രാപ്പൊലീത്തമാർ, സഭാ ഭാരവാഹികൾ, വർക്കിങ് കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പ്രസംഗിക്കും .വിശ്വാസികൾ ഒപ്പു വച്ച ഭീമഹർജി ഗവർണർക്കും മുഖ്യമന്ത്രിക്കും സമർപ്പിക്കുമെന്നും സമരസമിതി സെക്രട്ടറി ഫാ.ജോൺ ഐപ്പ് അറിയിച്ചു.