തിരുവനന്തപുരം: യാക്കോബായ സഭയ്ക്കു നീതി ലഭ്യമാക്കാൻ നിയമനിർമ്മാണം ആവശ്യപ്പെട്ടു സഭയുടെ നേതൃത്വത്തിൽ വയനാട്ടിൽ നിന്നും ആരംഭിച്ച അവകാശ സംരക്ഷണ യാത്രയ്ക്ക് തലസ്ഥാനത്ത്‌സമാപനം. സുപ്രീം കോടതി വിധിയിൽ യാക്കോബായ സഭയ്ക്ക് അനുകൂലമായ പല കാര്യങ്ങളും നടപ്പാക്കാത്തതിൽ പ്രതിഷേധിക്കുന്നതായി സെക്രട്ടേറിയറ്റിനു മുന്നിൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത തുമ്പമൺ ഭദ്രാസനാധിപനും സഭാ ലിറ്റിഗേഷൻ കമ്മിറ്റി ചെയർമാനുമായ യൂഹാനോൻ മാർ മിലിത്തിയോസ് പറഞ്ഞു.

അവകാശ സംരക്ഷണം ആവശ്യപ്പെട്ട് ജനുവരി ഒന്നിന് തിരുവനന്തപുരത്ത് അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് മുംബൈ ഭദ്രാസനാധിപനും സമരസമിതി കൺവീനറുമായ തോമസ് മാർ അലക്‌സന്ത്രയോസ് അറിയിച്ചു. മാത്യൂസ് മാർ തിമോത്തിയോസ് വിശ്വാസ പ്രഖ്യാപന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ഐസക് മാർ ഒസ്താത്തിയോസ്, കുര്യാക്കോസ് മാർ ക്ലീമീസ്, ഏലിയാസ് മാർ അത്തനാസിയോസ്, മാത്യൂസ് മാർ തേവോദോസിയോസ്, സഖറിയാസ് മാർ പീലക്‌സിനോസ്, മാർക്കോസ് മാർ ക്രിസോസ്റ്റമോസ്, യാക്കോബ് മാർ അന്തോണിയോസ്, ഭാഗവത ചൂഡാമണി പള്ളിക്കൽ സുനിൽജി, അനൂപ് ജേക്കബ് എംഎൽഎ, സഭാ വൈദിക ട്രസ്റ്റി സ്ലീബാ പോൾ വട്ടവേലിൽ കോറെപ്പിസ്‌കോപ്പ, അൽമായ ട്രസ്റ്റി ഷാജി ചൂണ്ടയിൽ, സഭാ സെക്രട്ടറി പീറ്റർ കെ.ഏലിയാസ്, ഫാ.ജോൺ ഐപ്പ്, ഫാ.സഖറിയാ കളരിക്കാട്, ഫാ.ഫെവിൻ ജോൺ, റോയി ഐസക്, ഡോ.കോശി എം.ജോർജ്, കെ.ഒ.ഏലിയാസ്, സുരേഷ് ജയിംസ് വഞ്ചിപ്പാലം, ഫാ.റോയി ജോർജ് കട്ടച്ചിറ, പി.സി.കുര്യൻ തുടങ്ങിയവർ പ്രസംഗിച്ചു.

സർക്കാരിനു നിയമനിർമ്മാണം ആകാമെന്ന് കോടതി വിധി ഉണ്ടെന്ന് യാക്കോബായ സഭ
തിരുവനന്തപുരംന്മ യാക്കോബായ, ഓർത്തഡോക്‌സ് സഭാ തർക്കത്തിനു ശാശ്വത പരിഹാരം കാണാൻ സർക്കാരിനു നിയമനിർമ്മാണം നടത്താമെന്നു 2017 ജൂലൈ 3 ലെ സുപ്രീം കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുണ്ടെന്നു യൂഹാനോൻ മാർ മിലിത്തിയോസ്, ഡോ.ഗീവർഗീസ് മാർ കൂറിലോസ് എന്നിവർ അറിയിച്ചു.

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും നടത്തുന്ന പ്രശ്‌നപരിഹാര ശ്രമങ്ങളെ സഭ സ്വാഗതം ചെയ്യുന്നു. പ്രതീക്ഷയോടെയാണു പ്രധാനമന്ത്രിയുടെ നീക്കത്തെ കാണുന്നത്. മുഖ്യമന്ത്രിക്ക് ഇച്ഛാശക്തിയുണ്ട്. അടുത്ത നിയമസഭാ സമ്മേളന കാലത്തു തന്നെ നിയമം കൊണ്ടു വരുമെന്നാണു പ്രതീക്ഷ. യാക്കോബായ സഭയെ സഹായിച്ചാൽ തിരികെ സഹായിക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അതു പ്രതിഫലിച്ചിരുന്നു.സഭാ തർക്കം പരിഹരിക്കാൻ നിയമനിർമ്മാണം ആവശ്യപ്പെട്ട് 5 ലക്ഷം വിശ്വാസികൾ ഒപ്പിട്ട ഭീമ ഹർജി സഭാ നേതൃത്വം ഗവർണർക്കും സർക്കാരിനും സമർപ്പിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി ഇ.പി.ജയരാജനും ഹർജികൾ സ്വീകരിച്ചു.