ഏഡൻ: ഇടവേളക്ക്ശേഷം മിഡൽ ഈസ്റ്റിൽ വീണ്ടും ചോരക്കളി. യെമനിലെ ഏഡൻ രാജ്യാന്തര വിമാനത്താവളത്തിലുണ്ടായ സ്ഫോടനത്തിൽ 26 മരണം. മുപ്പതോളം പേർക്കു പരുക്കേറ്റു. യെമനിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭാ അംഗങ്ങൾ സൗദിയിൽ നിന്നും ഏഡൻ വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് സ്ഫോടനമുണ്ടായത്.

പ്രധാനമന്ത്രി മായീൻ അബ്ദുൽമാലിഖ് അടക്കം മന്ത്രിസഭാ അംഗങ്ങളും യെമനിലെ സൗദി സ്ഥാനപതി മുഹമ്മദ് സഈദ് അൽ ജാബറും സഞ്ചരിച്ച വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെയായിരുന്നു സ്ഫോടനം. മന്ത്രിസഭാ അംഗങ്ങൾ എല്ലാവരേയും സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന.

ഹൂതി വിമതരാണ് ആക്രമണത്തിന് പിന്നിലെന്ന് സൗദി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ദിവസമാണ് സൗദിയുടെ പിന്തുണയോടെ 24 അംഗ മന്ത്രിസഭ ചുമതലയേറ്റത്. പുതിയ സർക്കാരിനെതിരെ ഹൂതി വിമതർ ശക്തമായ പ്രതിഷേധമുയർത്തിയിരുന്നു.

നേരത്തെ സൗദിയെയും എന്തിന് മക്ക- മദീനയെവരെ ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങളാണ് ഹൗതി വിമതർ നടത്തിയിരുന്നത്. സൗദിയിലെ ആരാംകോ കമ്പനിയുടെ എണ്ണക്കപ്പലുകൾ അവർ ആക്രമിച്ചിരുന്നു. പക്ഷേ അന്നൊന്നും ഇത്ര വലിയ ആൾനാശം ഉണ്ടായിരുന്നില്ല. ഇതിന് മറുപടി സൗദി നൽകുന്നതോടെ മേഖല കലുഷിതമാവുമെന്നാണ് ആശങ്ക.

ലക്ഷ്യമിട്ടത് വിമാനം തന്നെ

വിമാനം സ്‌ഫോടനത്തിൽ തകർന്നിരുന്നെങ്കിൽ അത് വൻദുരന്തമായി മാറുമായിരുന്നുവെന്ന് വിമാനത്തിൽ ഉണ്ടായിരുന്ന യെമൻ വാർത്താവിനിമയ മന്ത്രി നഗ്യുബ് അൽ അവ്ഗ് പറഞ്ഞു. നേരത്തെ ലാൻഡ് ചെയ്യാനിരുന്ന വിമാനം വൈകി എത്തിയതുകൊണ്ടാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.

കഴിഞ്ഞ വർഷം ഹൂതി വിമതർ ഏഡനിലെ സൈനിക പരേഡിന് നേരേ നടത്തിയ മിസൈൽ ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു, 2014 ൽ ഹുതി വിമതർ തലസ്ഥനമായ സനാ പിടിച്ചതോടെ യെമൻ സർക്കാർ സൗദിയിൽ നിന്നാണ് മുഖ്യമായി പ്രവർത്തിച്ചുവരുന്നത്. ആക്രമണം യെമനി ജനതയ്ക്ക് നേരേയുള്ള ആക്രമണമെന്നാണ് സർക്കാർ വൃത്തങ്ങൾ വിശേഷിപ്പിച്ചത്.

യെമൻ ആഭ്യന്തര സംഘർഷത്തിൽ ഇതുവരെ 1,12,000 പേരാണ് കൊല്ലപ്പെട്ടത്. ആറ് വർഷമായി അന്ത്യമില്ലാതെ തുടരുന്ന യുദ്ധം പട്ടിണിയും രോഗങ്ങളുമാണ് ഏറെ സൃഷ്ടിച്ചത്.