- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട തുറന്നു; ദർശനം ദിവസേന 5000 പേർക്ക്
ശബരിമല: മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്രനട തുറന്നു. തന്ത്രി കണ്ഠര് രാജീവരാണ് ബുധനാഴ്ച വൈകീട്ട് അഞ്ചുമണിക്ക് നട തുറന്നത്. മേൽശാന്തി ജയരാജ് പോറ്റി കോവിഡ് നിരീക്ഷണത്തിലായതിനാലാണ് കണ്ഠരര് രാജീവർ നട തുറന്നത്. വ്യാഴാഴ്ച രാവിലെ നാല് മണി മുതൽ ഭക്തർക്കും പ്രവേശനം അനുവദിച്ചു.
മണ്ഡലപൂജയ്ക്ക് നടയടച്ചശേഷം യോഗനിദ്രയിലായ അയ്യപ്പനു മുൻപിൽ ദണ്ഡനമസ്‌കാരം ചെയ്തശേഷം തന്ത്രി വിഗ്രഹത്തിലെ ഭസ്മംനീക്കി പൂജകൾ ചെയ്തു. തുടർന്ന്, സന്നിധാനത്തെ ഗണപതിക്ഷേത്രനട തുറന്ന തന്ത്രി, പതിനെട്ടാംപടിയിറങ്ങി താഴെ ആഴിയിൽ ദീപം പകർന്നു. ദിവസം 5000 പേർക്കാണ് ദർശനം. ഓൺലൈനിലാണ് ഇവർ ദർശനത്തിന് ബുക്കുചെയ്തത്.
സഹായികളായ മൂന്നുപേരടക്കം ദേവസ്വത്തിലെ ഏഴുപേർക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് മേൽശാന്തി നിരീക്ഷണത്തിൽ പോയത്. ആരോഗ്യവകുപ്പിന്റെ ശുപാർശ പരിഗണിച്ചാണിത്. സന്നിധാനം മൈക്രോ കൺടെയ്ന്മെന്റ് മേഖലയാക്കി പ്രഖ്യാപിക്കണമെന്ന് സന്നിധാനത്തെയും നിലയ്ക്കലിലെയും മെഡിക്കൽ ഓഫീസർമാർ ശുപാർശ ചെയ്തിട്ടുണ്ട്. 350-ലേറെ പേരിൽ നടത്തിയ പരിശോധനയിലാണ് ഏഴുപേർക്ക് കോവിഡ് കണ്ടെത്തിയത്.