- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൈനസ് 60 ഡിഗ്രി താപനിലയിൽ വിമാനത്തിന്റെ ടയറിൽ പിടിച്ചിരുന്ന് പറന്നത് 8000 കിലോമീറ്റർ; ജോഹന്നാസ്ബർഗിൽ നിന്നും 11 മണിക്കൂർ യാത്ര ചെയ്ത് ലണ്ടനിൽ എത്തിയപ്പോൾ കാത്തിരുന്നത് നൂലാമാലകൾ; അഭയം നൽകി ബ്രിട്ടൻ സ്വീകരിച്ച ധീരതയുടെ കഥ
സ്വപ്നങ്ങൾ മരവിച്ചു മണ്ണടിയുമ്പോഴും ജീവിതത്തെ മുന്നോട്ടു നയിക്കുന്ന അതിജീവനത്തിനുള്ള ത്വര മനുഷ്യനെ എന്ത് സാഹസികതയ്ക്കും തയ്യാറാക്കും എന്ന് പറഞ്ഞത് മിലൻ കുന്ദേര. അത്തരത്തിൽ ഒരു സാഹസികതയുടെ കഥയാണിത്. മരുപച്ച തേടിയല്ല, മര്യാദയ്ക്കൊരു ജീവിതം തേടി അധികമാരും തെരഞ്ഞെടുക്കാത്ത വഴി തെരഞ്ഞെടുത്ത ഒരാളുടെ കഥ. ലക്ഷ്യമെത്തുമുൻപേ കൈവിട്ടു പതിച്ച, അയാളുടെ കൂട്ടുകാരന്റെ കഥ.
നാട്ടിലെ ദാരിദ്ര്യവും പട്ടിണിയും സഹിക്കാതെ കള്ളവണ്ടി കയറി മഹനഗരങ്ങളിലെത്തി ജീവിതം കരുപ്പിടിപ്പിച്ച ധാരാളം മലയാളികളുടെ കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ, അതിനെയൊക്കെ അതിശയിപ്പിക്കുന്ന ഒരു കള്ളവണ്ടികയറ്റമായിരുന്നു തെമ്പ സബേക്ക എന്ന ദക്ഷിണാഫ്രിക്കകാരന്റേത്. ജോഹന്നാസ്ബർഗിൽ നിന്നും ലണ്ടൻ വരെ ഇയാൾ യാത്രചെയ്തത് ബോയിങ് 747-400 ന്റെ വീൽ ആർച്ചിനുള്ളിൽ. 11 മണിക്കൂർ കൊണ്ട് 5,639 മൈൽ യാത്രചെയ്ത അയാൾക്ക് ഓക്സിജൻ ക്ഷാമം മുതൽ മൈനസ് അറുപത് ഡിഗ്രി താപനില വരെ അനുഭവിക്കേണ്ടി വന്നു.
സാഹസികതയോടുള്ള ഭ്രമമായിരുന്നില്ല ഇയാളെ ഇതിനു പ്രേരിപ്പിച്ചത്, മറിച്ച് ജീവിക്കുവാനുള്ള കൊതിയായിരുന്നു. അച്ഛനാരെന്നറിയാതെയായിരുന്നു സബേക്കയുടെ ജനനം. മൂന്നാം മാസം അമ്മയും അവനെ ഉപേക്ഷിച്ചു. പിന്നീട് അവന്റെ ഒരു അകന്ന ബന്ധുവായിരുന്നു അവനെ ദത്തെടുത്ത് വളർത്തിയത്. പിന്നീട് അവനുണ്ടായത് നല്ല രീതിയിലുള്ള ജീവിതമായിരുന്നു. എന്നാൽ, വിധി അത് ഏറെ തുടരുവാൻ അവനെ അനുവദിച്ചില്ല. അവനെ ദത്തെടുത്ത് വളർത്തിയ സ്ത്രീയുടെ അകാല ചരമം അവനെ വീണ്ടും അനാഥനാക്കി. ഫീസ് കൊടുക്കാനില്ലാത്തതിനാൽ സ്‌കൂൾ പഠനം പോലും ഉപേക്ഷിക്കേണ്ടതായി വന്നു.
ജോഹന്നാസ്ബർഗിലെ ഒരു കൊച്ചു ടൗൺഷിപ്പിൽ ജീവിച്ചിരുന്ന അവനോട് പലർക്കും അസൂയയായിരുന്നു, സ്വന്തമായി ഒരു വീടുണ്ടായതിന്റെ പേരിൽ. ഒരു രാത്രി അവനെ ആക്രമിച്ച് കൊല്ലാൻ ഒരു സംഘം വീട്ടിലെത്തി. ആക്രമണത്തിൽ ഏറെ പരിക്കുകളോടെ രക്ഷപ്പെട്ട അവൻ ആശുപത്രിയിലായി. ഇക്കാലയളവിൽ അവന്റെ വീട്, അത് ലക്ഷ്യം വച്ചവർ തട്ടിയെടുക്കുകയും ചെയ്തു. മാത്രമല്ല, ഇനി ടൗൺഷിപ്പിലേക്ക് തിരിച്ചു ചെന്നാൽ ജീവൻ അപകടത്തിലായേക്കുമെന്ന ഭീതിയും.
അലഞ്ഞുതിരിഞ്ഞെത്തിയത് വിമാനത്താവളത്തിനരികിൽ. ഭക്ഷണത്തിനുള്ള പണത്തിനായി യാചിക്കേണ്ടിവന്നു. വഴിയരികിലെ ജീവിതം അതീവ ദുരിതപൂർണ്ണമായിരുന്നു എന്ന് അയാൾ ഇന്നോർക്കുന്നു. ചെറിയ ചില്ലറ കൂലിവേലകൾ ചെയ്തുവെങ്കിലും കാര്യമായി ഒന്നും സമ്പാദിക്കാൻ കഴിഞ്ഞില്ല. അങ്ങനെയിരിക്കുമ്പോഴാണ് വഴിയരികിൽ വച്ച്കാർലിറ്റൊ വെയിൽ എന്നൊരാളെ പരിചയപ്പെടുന്നത്. മൊസാംബിക്കിലെ അഭ്യന്തരയുദ്ധത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട അയാൾ പിന്നെ എങ്ങനെയോ ജോഹന്നാസ്ബർഗിൽ എത്തുകയായിരുന്നു. വിവാഹിതനായെങ്കിലും ഭാര്യ അയാളെ ഉപേക്ഷിച്ചതോടെ ജീവിതം തകർന്ന ഒരു മനുഷ്യൻ.
അവിടെ നിന്നാണ് രാജ്യത്തിനു പുറത്തുപോയി കഷ്ടപ്പാടുകളില്ലാതെ ജീവിക്കണമെന്ന സ്വപ്നം അവരിൽ ഉടലെടുക്കുന്നത്. ഒരു മെക്കാനിക്ക് കൂടിയായ വെയിലിന്റെ കൈവശം ഉണ്ടായിരുന്ന ഒരു പുസ്തകത്തിൽ നിന്നാണ് വിമാനത്തിന്റെ വിവിധ ഭാഗങ്ങളെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ അവർ മനസ്സിലാക്കുന്നത്. അങ്ങനെ അവർ യാത്രചെയ്യുവാനായിവിമാനം തന്നെ തെരഞ്ഞെടുക്കുകയായിരുന്നു.
2015 ജൂൺ 18 ന് അവർ ജോഹന്നാസ്ബർഗിലെ വിമാനത്താവളത്തിലെത്തി. സെക്യുരിറ്റി ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മതിൽ ചാടിയാണ് അകത്തുകയറിയത്. ഇരുളിന്റെ മറവു പറ്റി, കറുത്തവേഷവും ധരിച്ച് അവർ വിമാനത്താവളമാകെ നിരീക്ഷിച്ചു. പതിനഞ്ച് മിനിറ്റെടുത്തു പറന്നുയരാൻ പോകുന്ന ഒരു വിമാനം കണ്ടുപിടിക്കാൻ. അങ്ങനെയാണ് രാത്രി 10:15 ന് ലണ്ടനിലേക്ക് പോകുന്ന ബ്രിട്ടീഷ് എയർവേയ്സിന്റെ ജമ്പോ ജറ്റിനടുത്ത് ഇവരെത്തുന്നത്.
ചക്രത്തിന്റെ ആർച്ചിനുള്ളിലേക്ക് നുഴഞ്ഞുകയറുമ്പോൾ എഞ്ചിന്റെ മുരൾ അതീവ ഭീകരമായിരുന്നു എന്ന് സബേക്ക ഓർക്കുന്നു. എന്നാൽ അതൊന്നും തന്നെഭയപ്പെടുത്തിയില്ലെന്നും, ജീവിക്കണം എന്ന ഒരു ആഗ്രഹം മാത്രമാണ് തന്നെ നയിച്ചതെന്നും അയാൾ പറയുന്നു. അതിജീവനത്തിനായി ആഫ്രിക്ക വിട്ടു പോയേ തീരു എന്നതായിരുന്നു അവസ്ഥ. അകത്തുകയറിയ ഉടനെ ഒരു കൈ അതിനുള്ളിലെ ഒരു റോഡുമായി ഇലക്ടിക് വയർ കൊണ്ട് ബന്ധിച്ചു.
ഉയരങ്ങളിൽ, മർദ്ദം ക്രമീകരിക്കാത്ത, താപനില ക്രമീകരിക്കാത്ത ഇടത്ത് ഓക്സിജന്റെ അഭാവവും സഹിച്ച് എങ്ങനെ ലണ്ടനിലെത്തി എന്നത് അയാൾക്ക് അറിയില്ല. വിമാനം ഇറങ്ങുന്ന നിമിഷം ബോധരഹിതനായി റൺവേയിലേക്ക് അയാൾ പതിക്കുകയായിരുന്നു. പിന്നീട് ആറുമാസക്കാലമാണ് അയാൾ അബോധാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞത്.ബോധം വീണപ്പോൾ ഒരു പൊലീസുകാരനെത്തി വെയിലിന്റെ ഫോട്ടോ പതിച്ച ഒരു തിരിച്ചറിയൽ കാർഡ് കാണിച്ച് ആളെ അറിയുമോ എന്നു ചോദിച്ചു. അറിയും എന്നു പറഞ്ഞപ്പോൾ ആ പൊലീസുകാരനാണ് പറഞ്ഞത്, വിമാനം ഇറങ്ങുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുൻപ് അയാൾ വിമാനത്തിൽ നിന്നും താഴെ വീണു മരണമടഞ്ഞെന്ന്. ഹീത്രൂ വിമാനത്താവളത്തിൽ നിന്നും ആറു മൈൽ ദൂരം മാത്രമുള്ള റിച്ച്മോണ്ടിലെ ഒരു കെട്ടിടത്തിലെ എ സി പ്ലാന്റിനു മുകളിലായിരുന്നു അയാൾ പതിച്ചത്.
നിയമത്തിന്റെ നൂലാമാലകൾ ഏറെ ഉണ്ടായിരുന്നെങ്കിലും, മനുഷ്യത്വം മനസ്സിൽ സൂക്ഷിക്കുന്ന ബ്രിട്ടൻ അതെല്ലാം മാറ്റി സെബാക്കയെ സ്വീകരിച്ചു. അന്ന് വിമാനത്തിൽ നിന്നും വീണതിനെ തുടർന്ന് കാലിനുണ്ടായ ഒടിവുകാരണം ഇന്നും വാക്കർ ഉപയോഗിച്ച് മാത്രം നടക്കുവാൻ കഴിയുന്ന അവസ്ഥയിലാണ് അയാൾ. എന്നാലും അംഗീകൃത അഭയാർത്ഥി പദവി ഉള്ളതിനാൽ ലഭിക്കുന്ന സാമൂഹ്യ ക്ഷേമ പെൻഷന്റെ സഹായത്താൽ ലിവർപൂളിലെ ഒരു ഒറ്റമുറി വീട്ടിൽ താമസിക്കുകയാണിയാൾ. ഇയാൾ പേരുമാറ്റി ജസ്റ്റിൻ എന്ന പേരും സ്വീകരിച്ചു കഴിഞ്ഞു.
ഇന്നു രാത്രി ചാനൽ 4 ൽ ഇയാളുടെ ജീവിതത്തെ കുറിച്ചുള്ള ഒരു ഡോക്യൂമെന്ററി പ്രക്ഷേപണം ചെയ്യാനിരിക്കെ, ഇത്തരത്തിൽ വിമാനത്തിൽ കള്ളവണ്ടി കയറിയ മറ്റു ചില സംഭവങ്ങളെ കുറിച്ചും അറിയാം. ഇതുവരെ ലോകത്തിലാകമാനം ഇത്തരത്തിലുള്ള 109 സംഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. പക്ഷെ, 24 പേർക്ക് മാത്രമാണ് അവരുടെ ലക്ഷ്യത്തിൽ എത്താൻ സാധിച്ചിട്ടുള്ളത്. ഇത്തരത്തിൽ വിമാനത്തിൽ കള്ളവണ്ടി കയറി രക്ഷപ്പെട്ട ആദ്യ ആൾ ബാസ് വീ എന്ന 12 വയസ്സുള്ള ഇന്തോനേഷ്യക്കാരനായിരുന്നു. 1946-ൽ ആസ്ട്രേലിയയിലേക്കായിരുന്നു ഈ കൗമാരക്കാരൻ യാത്രചെയ്തത്.
അതേസമയം, ഏറെ ആളുകൾ ലക്ഷ്യം വച്ച ലണ്ടനിൽ സുരക്ഷിതരായി പറന്നിറങ്ങിയത രണ്ട്പേർ മാത്രമാണ്. അതിൽ ആദ്യമെത്തിയത് ഇന്ത്യൻ വംശജനായ പ്രദീപ് സൈനിയാണ്. പഞ്ചാബ് സ്വദേശിയായ ഇയാൾ 1996 ൽ ഡെൽഹിയിൽ നിന്നും ലണ്ടനിലേക്കുള്ള വിമാനത്തിലാണ് വീൽ ആർച്ചിനിടയിൽ ഒളിച്ചിരുന്ന് യാത്രചെയ്ത് ലണ്ടനിലെത്തിയത്. പിന്നീട് ഇപ്പോളെത്തിയ സെബാക്കയും. ഇരുപത്തഞ്ച് വർഷം മുൻപ്, കള്ളവിമാനം കയറി ലണ്ടനിലെത്തിയ സൈനി ഇപ്പോൾ അന്ന് താൻ വന്നിറങ്ങിയ ഹീത്രൂ വിമാനത്താവളത്തിൽ ഡ്രൈവറായി ജോലി നോക്കുകയാണ്. വിവാഹിതനായ ഇയാൾക്ക് രണ്ട് ആൺമക്കളുമുണ്ട്.
മറുനാടന് മലയാളി ബ്യൂറോ