പെഷവാർ: പാക്കിസ്ഥാനിലെ മതമൗലികവാദികൾ ക്ഷേത്രം തകർത്ത സംഭവത്തിൽ 45 പേർകൂടി അറസ്റ്റിലായി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 100 ആയി. 350-ലേറെപ്പേർക്കെതിരേ കേസെടുത്തിട്ടുണ്ട്. അറസ്റ്റിലായവരെ ഭീകരവിരുദ്ധകോടതിയിൽ ഹാജരാക്കി. കോടതി ഇവരെ മൂന്നുദിവസത്തേക്ക് റിമാൻഡ് ചെയ്തു.

ഖൈബർ പക്തുൻക്വ പ്രവിശ്യയിൽ ടെറി ഗ്രാമത്തിലുള്ള ക്ഷേത്രത്തിനുനേരെ ബുധനാഴ്ചയാണ് ഒരുകൂട്ടം ആളുകളെത്തി ആക്രമണം അഴിച്ചുവിട്ടത്. ക്ഷേത്രത്തിന്റെ നവീകരണപ്രവർത്തനത്തെ എതിർത്ത ജംഇയത്തുൽ ഉലമായെ എന്ന സംഘടനയുടെ നേതാക്കളും പ്രവർത്തകരുമാണ് ആക്രമണത്തിനുപിന്നിൽ.

പതിറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിന്റെ നവീകരണം കോടതിയുടെ അനുമതിയോടെയാണ് തുടങ്ങിയിരുന്നത്. പാക് നയതന്ത്രകാര്യാലയംവഴി സംഭവത്തിൽ ഇന്ത്യ കടുത്ത എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. അതേസമയം, കേടുപാടുകൾ സംഭവിച്ച ഭാഗം ഏറ്റെടുത്ത് പുനർനിർമ്മിക്കുമെന്ന് ഖബർ-പക്തുൻക്വ സർക്കാർ അറിയിച്ചിട്ടുണ്ട്.