തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ട് ബലപ്പെടുത്താൻ തമിഴ്‌നാട് പ്രഷർ ഗ്രൗട്ടിങ് നടത്താനൊരുങ്ങുന്നു. അണക്കെട്ട് സുരക്ഷിതമാണെന്ന് ആവർത്തിക്കുമ്പോഴും തമിഴ്‌നാട് തിടുക്കത്തിൽ പ്രഷർ ഗ്രൗട്ടിങ് നടത്താൻ തീരുമാനിച്ചതു കേരളത്തിന്റെ ആശങ്ക വർധിപ്പിക്കുന്നു. 10.07 കോടി രൂപ ചെലവിൽ രണ്ടു ഘട്ടമായി പ്രഷർ ഗ്രൗട്ടിങ് നടത്താനാണു തമിഴ്‌നാട് തീരുമാനം.

അതേസമയം ധൃതി പിടിച്ച് അണക്കെട്ടിൽ പ്രഷർ ഗ്രൗണ്ടിങ് നടത്തുന്നത് എന്തിനെന്ന് വ്യക്തമല്ല. ഡാമിൽ കൂടുതൽ വിള്ളലുകൾ രൂപപ്പെടുകയോ ചോർച്ചയുണ്ടാവുകയോ ചെയ്‌തോയെന്നു തമിഴ്‌നാട് വ്യക്തമാക്കിയിട്ടില്ല. സുപ്രീം കോടതി നിയോഗിച്ച മേൽനോട്ട സമിതിയുടെ അനുമതി പ്രഷർ ഗ്രൗട്ടിങ്ങിനായി തേടിയിരിക്കുകയാണ്. അനുമതി ലഭിച്ചാൽ മെയ്‌ മാസത്തിനകം ചെയ്യാനാണു തമിഴ്‌നാടിന്റെ തീരുമാനം.

152 അടി സംഭരണശേഷിയുള്ള അണക്കെട്ടിൽ ഒന്നാം ഘട്ടത്തിൽ 130 അടി നിരപ്പിനു താഴെയും രണ്ടാം ഘട്ടത്തിൽ ഇതിനു മുകളിൽ 152 അടി നിരപ്പിനു താഴെയുമായാണു പ്രഷർ ഗ്രൗട്ടിങ് നടത്തുക. 2015 മേയിൽ സെൻട്രൽ സോയിൽ ആൻഡ് മെറ്റീരിയൽ റിസർച് സ്റ്റേഷൻ ഉദ്യോഗസ്ഥർ അണക്കെട്ടു സന്ദർശിച്ചു സമർപ്പിച്ച പഠന റിപ്പോർട്ടിനെ തുടർന്നാണു പ്രഷർ ഗ്രൗട്ടിങ് നടത്താൻ തമിഴ്‌നാട് തീരുമാനിച്ചത്.

അണക്കെട്ടിൽ നിന്നു ഗാലറിയിലേക്കു വരുന്ന വെള്ളത്തിന്റെ (സ്വീപ്പേജ്) അളവു ഗുരുതരമായ രീതിയിൽ വർധിക്കുമ്പോഴോ സ്വീപ്പേജ് ജലത്തിലൂടെ ഒലിച്ചു പോകുന്ന, അണക്കെട്ടിന്റെ നിർമ്മാണ വസ്തുവിന്റെ (സുർക്കി മിശ്രിതം) അളവു കൂടുമ്പോഴോ ആണു ഗ്രൗട്ടിങ്ങിലൂടെ ഡാം ബലപ്പെടുത്തുക.