- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യൂറോപ്യൻ യൂണിയനിലേക്ക് കയറ്റുമതി ചെയ്യുന്ന നികുതിയില്ലാത്ത ബസ്മതി അരി ഇന്ത്യയുടേത് മാത്രമെന്ന് ഇന്ത്യ; തങ്ങളെ ഒഴിവാക്കിയാൽ തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാൻ; ബസ്മതി അരിയെ ചൊല്ലി ഇന്ത്യയും പാക്കിസ്ഥാനും വീണ്ടും ഏറ്റുമുട്ടുന്നു
ഇപ്പോൾ തന്നെ തകർന്നിരിക്കുന്ന ഇന്ത്യാ-പാക് ബന്ധം യൂറോപ്യൻ യൂണിയനിലേക്ക് ബസ്മതി അരി കയറ്റുമതി ചെയ്യുന്നത് സംബന്ധിച്ച തർക്കത്താൽ വീണ്ടും വഷളാവുകയാണ്. ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം ലഭിച്ച നാൾ മുതൽ പരസ്പരം തർക്കത്തിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യയും പാക്കിസ്ഥാനും നിരവധി തവണ നേരിട്ടും അല്ലാതേയും ഏറ്റുമുട്ടിയിട്ടുമുണ്ട്. ബസ്മതി കയറ്റുമതിയുമായി ബന്ധപ്പെട്ട കാര്യത്തിൽ എതിരാളിയെതാറടിച്ചു കാണിക്കുവാൻ ഇരു രാജ്യങ്ങളും ശ്രമിക്കുകയാണെന്ന് ഇ യു ഡിസ്ഇൻഫോലാബ് ഇന്നലെ വെളിപ്പെടുത്തി.
തെറ്റായ വിവരങ്ങളും പ്രചാരണ തന്ത്രങ്ങളും വെളിച്ചത്തുകൊണ്ടുവരുന്ന ഡിസ്ഇൻഫോലാബ് വെളിപ്പെടുത്തുന്നത് നിരവധി ഫേക്ക് അക്കൗണ്ടുകൾ ഇരു രാജ്യങ്ങളും എതിരാളികൾക്ക് എതിരായ പ്രചാരണത്തിനായി ഉപയോഗിക്കുന്നു എന്നാണ്. ഏകദേശം അഞ്ഞൂറോളം അത്തരത്തിലുള്ള കൺടെന്റുകൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവർ പറയുന്നു. ഇത്തരത്തിലുള്ള നിരവധി കൺടന്റുകൾ യൂറോപ്യൻ യൂണിയനും ഐക്യരാഷ്ട്ര സംഭയും കണ്ടെത്തിയിട്ടുണ്ടെന്നും ഇവർ പറയുന്നു.
ഇപ്പോൾ ഈ പ്രവണതയ്ക്ക് പുതിയൊരുമാനം കൈവന്നിരിക്കുകയാണ്. യൂറോപ്യൻ യൂണിയനിലേക്ക് ബസ്മതി കയറ്റുമതി ചെയ്യുന്നത് പൂർണ്ണമായും തങ്ങളാണെന്ന അവകാശവാദവുമായി ഇന്ത്യ എത്തുകയാണ്. ഇന്ത്യയുടെയോ പാക്കിസ്ഥാനിന്റേയോ അധികാരപ്പെട്ടവർ, ശുദ്ധമായ ബസ്മതി അരിയാണെന്ന് സാക്ഷ്യപ്പെടുത്തിയാൽ അരിക്ക് നികുതിയോ ചുങ്കമോ ചുമത്തില്ല എന്നാണ് യൂറോപ്യൻ യൂണിയൻ അധികൃതർ വ്യക്തമാക്കിയിട്ടുള്ളത്.
എന്നാൽ, യൂറോപ്യൻ യൂണിയന് ആവശ്യമായ ബസ്മതി അരിയുടെ മൂന്നിൽ രണ്ടുഭാഗം നൽകുന്ന ഇന്ത്യ നികുതി രഹിത ഇറക്കുമതിക്കുള്ള അവകാശം ഇന്ത്യയ്ക്ക് മാത്രമായി ഒതുക്കുവാനുള്ള ശ്രമത്തിലാണ്. ഇതിനെതിരെ ആഞ്ഞടിക്കുമെന്ന പാക്കിസ്ഥാന്റെ പ്രസ്താവനയോടെ ഇന്ത്യാ-പാക് തർക്കം യൂറോപ്യൻ മണ്ണിലും മുറുകുകയാണ്. ബസ്മതി അരിക്കുള്ള ജ്യോഗ്രഫിക്കൽ ഇൻഡിക്കേഷൻ (ജി ഐ ) സ്റ്റാറ്റസ് ലഭിക്കണംഎന്നതാണ് ഇന്ത്യയുടെ ആവശ്യം. പഞ്ചാബ്, ഹരിയാന, ഡൽഹി, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലെ എല്ലാ ജില്ലകളിലും ഉത്തർപ്രദേശ്, ജമ്മു കാശ്മീർ എന്നീ സംസ്ഥാനങ്ങളിലെ ചില ജില്ലകളിലും ബസ്മതി അരി ഉദ്പാദിപ്പിക്കുന്നുണ്ട്.
ഉപഭോക്താക്കൾക്ക് ഗുണമേന്മയുള്ള, പേരുകേട്ട ഉദ്പന്നങ്ങൾ അതിന്റെ സ്വതസിദ്ധമായ സവിശേഷതകളോടെ ലഭിക്കുന്നു എന്നുറപ്പാക്കുവാനാണ് യൂറോപ്യൻ യൂണിയൻ ജി ഐ മാർക്ക് ഉപയോഗിക്കുന്നത്. മാത്രമല്ല, ഉദ്പന്നങ്ങൾക്ക് ജി ഐ മാർക്ക് ലഭിക്കുമ്പോൾ ലഭിക്കുന്ന ആധികാരികത അവയ്ക്ക് കൂടുതൽ വില ഈടാക്കാൻ സഹായിക്കുകയും ചെയ്യും. ഇത്തരത്തിൽ ഇന്ത്യൻ ഉദ്പന്നങ്ങൾക്ക് മാത്രമായി ജി ഐ മാർക്ക് നിജപ്പെടുത്തുന്നതിനെതിരെ പരാതി നൽകുമെന്ന പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഉപദേഷ്ടാവ് അബ്ദുൾ റസാക്ക് ദാവൂദ് അറിയിച്ചു.
പാക്കിസ്ഥാനിലെ അരിയുദ്പാദകരുടെ താത്പര്യം സംരക്ഷിക്കുവാൻ ഏതറ്റം വരെയും പോകുമെന്നും അദ്ദേഹം തന്റെ ട്വീറ്ററിലൂടെ അറിയിച്ചു. ഇതാദ്യമായല്ല, ഇന്ത്യ സ്വന്തം ഉദ്പന്നങ്ങൾക്ക് മൂല്യവർദ്ധനവ് ഉണ്ടാക്കാൻ ശ്രമിക്കുന്നത്. പത്ത് വർഷങ്ങൾക്ക് മുൻപ് ഡാർജലിങ് തേയിലയുടെ പേരിനു മേൽ ജി ഐ സമ്പാദിച്ചിരുന്നു ഇന്ത്യ. പശ്ചിമ ബംഗാളിനാണ് ഈ പേരിനു മേൽ അവകാശം ലഭിച്ചത്.
നിലവിൽ യൂറോപ്യൻ യൂണിയൻ വാങ്ങുന്നതിന്റെ നാലിലൊന്ന് ഭാഗം മാത്രമാണ് പാക്കിസ്ഥാനിൽ നിന്നുള്ളത്. ഇന്ത്യയുടെ അപേക്ഷ യൂറോപ്യൻ യൂണിയൻ അംഗീകരിച്ചാൽ ഇത് പാക്കിസ്ഥാനിലെ അരിയുദ്പാദകർക്ക് വലിയൊരു അടിയായി മാറും. അതുകൊണ്ടു തന്നെ യൂറോപ്യൻ മാർക്കറ്റിൽ ബസ്മതി അരി മോണോപോളൈസ് ചെയ്യുവാനുള്ള ഇന്ത്യയുടെ ശ്രമത്തിൽ പ്രതിഷേധിക്കുകയാണ് പാക്കിസ്ഥാനിലെ അരി കയറ്റുമതിക്കാരും പ്രതിഷേധത്തിലാണ്.
ഇന്ത്യയുടെ ഇത്തരത്തിലുള്ള ശ്രമം യൂറോപ്യൻ യൂണിയനിലേക്ക് ബസ്മതി അരി കയറ്റുമതി ചെയ്യുന്നവർക്കിടയിലെ ധാർമ്മികമായ മത്സരത്തിന്റെ അന്തസത്തക്ക് നിരക്കാത്തതാണ് എന്നാണ് പാക്കിസ്ഥാൻ പറയുന്നത്. ബസ്മതി അരി, അതിന്റെ യഥാർത്ഥ നാമത്തിൽ തന്നെ യൂറോപ്യൻ യൂണിയനിലേക്കും കയറ്റുമതി ചെയ്യാൻ പാക്കിസ്ഥാന് അധികാരവും അവകാശവുമുണ്ടെന്നും ഇവർ പറയുന്നു. 2017- 2019 കാലഘട്ടത്തിൽ യൂറോപ്യൻ യൂണിയനിലേക്കുള്ള പാക്കിസ്ഥാന്റെ ബസ്മതി അരി കയറ്റുമതി ഇരട്ടിച്ചിരുന്നു.
അതേസമയം കീടനാശിനികൾ ഉപയോഗിക്കുന്നതിനാൽ യൂറോപ്യൻ സ്റ്റാൻഡേർഡ്സ് പാലിക്കാൻ ഇന്ത്യൻ ബസ്മതി അരിക്കായില്ലെന്ന കാരണത്താൽ ഇന്ത്യയുടെ കയറ്റുമതി ഇക്കാലയളവിൽ കുറയുകയായിരുന്നു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഒരു പ്രസ്താവനയിലൂടെയാണ് ബസ്മതി അരിക്കുള്ള ജ്യോഗ്രഫിക്കൻ ഇൻഡിക്കേഷൻ ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യ അപേക്ഷിച്ചതായ വിവരം യൂറോപ്യൻ യൂണിയൻ കമ്മീഷൻ പുറത്തുവിട്ടത്. ബന്ധപ്പെട്ടവർക്ക് പരാതികൾ സമർപ്പിക്കാൻ മൂന്നു മാസം സമയം നൽകുമെന്നും കമ്മീഷൻ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ