വാഷിങ്ടൺ: അമേരിക്കയിൽ ബുധനാഴ്ച നടന്ന ആക്രമണത്തിലും കലാപത്തിലും കൊല്ലപ്പെട്ടത് നാല് ട്രംപിസ്റ്റുകൾ. അതേസമയം കലാപകാരികളുടെ ആക്രമണത്തിൽ നിരവധി പൊലീസുകാർക്കും പരിക്കേറ്റു. കലാപകാരികളെ നേരിടുന്നതിനിടയിൽ അഗ്നിശമനോപകരണത്തിന് അടികിട്ടിയ ക്യാപിറ്റോളിലെ പൊലീസ് ഓഫിസർ ലൈഫ് സപ്പോർട്ടിങ് മെഷീനുകളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നത്. ഈ പൊലീസ് ഉദ്യോഗസ്ഥന്റെ തലയ്ക്കാണ് അടിയേറ്റത്. അതേസമയം ഈ പൊലീസ് ഓഫിസറെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല.

ഇദ്ദേഹം മരിച്ചെന്നാണ് സിഎൻഎൻ ആദ്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ പിന്നീട് പൊലീസ് ഫോഴ്‌സസ് യൂണിയനാണ് അദ്ദേഹം ലൈഫ് സപ്പോർട്ടിങ് മെഷീനുകളുടെ സഹായത്തോടെ ജീവൻ നിലനിർത്തുന്ന വിവരം വെളിപ്പെടുത്തിയത്. കലാപത്തിനിടയിൽ ഇദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായതായും റിപ്പോർട്ട് ഉണ്ട്. ഇതിന് പിന്നാലെയാണ് അടികിട്ടിയതെന്നും ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഒരു കെമിക്കൽ ഏജന്റാണ് ഇദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ച ആക്രമണം നടത്തിയത്. ഇദ്ദേഹത്തിന്റെ പേര് വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ലെങ്കിലും 15 വർഷം പൊലീസിൽ സേവനം അനുഷ്ടഠിച്ച ഉദ്യോഗസ്ഥനാണ് ആശുപത്രിയിലുള്ളതെന്ന് വ്യക്തമാക്കി. ഇദ്ദേഹത്തിന്റെ വീട്ടുകാർ എത്തിയാൽ ഉടൻ ലൈഫ് സപ്പോർട്ട് മെഷീന്റെ പിന്തുണ എടുത്തുമാറ്റുമെന്നാണ് റിപ്പോർട്ട്.

ട്രംപിസ്റ്റുകളുടെ ആക്രമണത്തിൽ 50ൽ അധികം പൊലീസുകാർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. നാലു മരണമാണ് സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ റിപ്പോർട്ട് ചെയ്തത്. ട്രംപ് അനുകൂലിയായ എയർഫോഴ്‌സ് ഉദ്യോഗസ്ഥ ആഷ്‌ലി ബാബിത്ത് എന്ന 35കാരിയാണ് ആദ്യം രക്തസാക്ഷിയായത്. നെഞ്ചിന് വെടിയേറ്റാണ് ഇവർ മരിച്ചത്. ട്രംപ് അനുകൂലികളായ ബെഞ്ചമിൻ ഫിലിപ്‌സ്, കെവിൻ ഗ്രെസൻ, റോസൻ ബോയ് ലാൻഡ് എന്നിവരാണ് മരിച്ച മറ്റ് മൂന്ന് പേർ.

പരിക്കേറ്റ നിരവധി പൊലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇതുവരെ ആരുടേയും ജീവന് ആപത്ത് സംഭവിച്ചതായി റിപ്പോർട്ട് ഇല്ല. അതേസമയം ക്യാപിറ്റോൾ പൊലീസ് ചീഫ് സ്റ്റീവ് സണ്ട് സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് വ്യാഴാഴ്ച രാത്രി തന്നെ ജോലി രാജി വെച്ചു. 2019 ജൂണിലാണ് സ്റ്റീവ് സണ്ട് ക്യാപിറ്റോൾ പൊലീസ് ചീഫായി ചുമതലയേറ്റത്.