മലപ്പുറം: ഓൺലൈൻ ആപ്പിൽ നിന്നും 10,000 രൂപ കടമെടുത്ത യുവതി രണ്ട് മാസം കൊണ്ട്  1.40 ലക്ഷം രൂപ തിരിച്ചടച്ചിട്ടും കടം തീരുന്നില്ല. കാൻസർ ചികിത്സയ്ക്കും നിത്യ ചെലവിനും പണം കണ്ടെത്താനാവാതെ നിൽക്കക്കള്ളിയില്ലാതായപ്പോഴാണ് യുവതി ഓൺലൈൻ ആപ്പു വഴി 10,000 രൂപ കടമെടുത്തത്. എന്നാൽ 1.40 ലക്ഷം രൂപ തിരിച്ചടച്ചിട്ടും കടം തീർന്നിട്ടില്ലെന്നാണ് ആപ്പുകാർ പറയുന്നത്. മലപ്പുറം എടവണ്ണ സ്വദേശി സുബിത രാജാണ് വായ്പ എടുത്ത് ഓൺലൈൻ ആപ്പിൽ കുടുങ്ങിയത്..

ചികിത്സയ്ക്കായി നാട്ടുകാർ സ്വരൂപിച്ച പണവും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആഭരണങ്ങൾ പണയംവച്ച തുകയുമെല്ലാം ചേർത്താണ് 1.40 ലക്ഷം രൂപ അടച്ചത്. വീണ്ടും പണം അടയ്ക്കണം എന്ന് ആവശ്യപ്പെട്ടതോടെ നിവൃത്തി ഇല്ലാത്ത അവസ്ഥയിലാണ് കുടുംബം. ഇതോടെ സുബിതയുടെ ഫോണിലുള്ള കോണ്ടാക്ട് നമ്പരുകളിലേക്ക് ഇവർ തട്ടിപ്പുകാരിയാണെന്ന രീതിയിൽ ചിത്രം സഹിതം ആപ്പുകാർ മെസേജുകൾ അയയ്ക്കുകയാണെന്ന് സുബിത പറയുന്നു. ഫോണിൽ വിളിച്ചുള്ള അധിക്ഷേപം വേറെയും. ഫോൺ വിളിച്ചുള്ള അധിക്ഷേപം സഹിക്കാതായതോടെ സിം കാർഡ് മാറ്റേണ്ടി വന്നെന്നും സബിത പറയുന്നു.

ഉള്ളതെല്ലാം വിറ്റുപെറുക്കിയിട്ടും സുഹൃത്തുക്കൾ സഹായിച്ചിട്ടും ചികിത്സ മുടങ്ങുമെന്ന ഘട്ടത്തിലാണ് നാല് ഓൺലൈൻ ആപ്പുകൾ വഴി 10,000 രൂപ വായ്പയെടുത്തതെന്ന് സബിത പറയുന്നു. ഒരു ആപ്പിൽനിന്ന് 4000 രൂപ വായ്പയെടുത്താൽ 2800 രൂപ മാത്രമാണു കയ്യിൽ കിട്ടുക. 7 ദിവസത്തിനുശേഷം 4000 രൂപ തിരിച്ചടയ്ക്കണം. ഇങ്ങനെ തിരിച്ചടയ്ക്കാൻ പറ്റാതെ വന്നതോടെ ഭീഷണി തുടങ്ങി. ഇതോടെ മറ്റ് ആപ്പുകളിൽ നിന്നും പണം എടുത്തു.

ആപ് ഇൻസ്റ്റാൾ ചെയ്ത ഫോണിലെ കോണ്ടാക്ട് നമ്പരുകളെല്ലാം ഈ സംഘത്തിനു കിട്ടിയിരുന്നു. ഇവർക്കെല്ലാം സുബിത തട്ടിപ്പുകാരിയാണെന്ന രീതിയിൽ സന്ദേശങ്ങൾ പോയിത്തുടങ്ങിയതോടെ അപമാനഭീതി മൂലം എത്രയും വേഗം തുക തിരിച്ചടയ്ക്കാനുള്ള ശ്രമമായി. ഇതുപോലുള്ള മറ്റ് ആപ്പുകളിൽനിന്ന് വായ്പയെടുത്ത് തിരിച്ചടയ്ക്കുകയേ വഴിയുണ്ടായിരുന്നുള്ളൂ. ഒന്നു കഴിഞ്ഞ് മറ്റൊന്ന് എന്ന രീതിയിൽ വായ്പകൾ ഇരട്ടിച്ചതോടെ ഒടുവിൽ പിടിച്ചുനിൽക്കാൻ വഴിയില്ലാതായി.

നട്ടെല്ലിലും ശ്വാസകോശത്തിലും കാൻസർ ബാധിച്ച സുബിത എടവണ്ണ ഒതായിയിലെ വാടകവീട്ടിലാണു താമസം. ഭർത്താവ് പ്രജീഷിന് പെയിന്റിങ് ജോലിയിൽനിന്നു കിട്ടുന്ന പണമാണ് ഏക വരുമാന മാർഗം.