- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തീയെടുത്തത് നീണ്ട 14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജനിച്ച കൺമണിയെ; ആറ്റു നോറ്റുണ്ടായ മകൾ നഷ്ടപ്പെട്ട വേദനയിൽ വെന്തുരുകി ഹിരാലാൽ-ഹിർകന്യാ ദമ്പതികൾ
മുംബൈ: മഹാരാഷ്ട്ര ഭണ്ഡാര ജില്ലാ ആശുപത്രിയിലെ അഗ്‌നിബാധയിൽ മരിച്ചവരിൽ 14 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ജനിച്ച കൺമണിയും. ഹിരാലാൽ - ഹിർകന്യാ ദമ്പതികൾക്കാണ് ആറ്റുനോറ്റുണ്ടായ കൺമണിയെ നഷ്ടമായത്. ജനിച്ച് ദിവസങ്ങൾ മാത്രം പിന്നിട്ട മകളെ തീ എടുത്തപ്പോൾ വെന്തുരുകുകയാണ് ഈ മാതാപിതാക്കൾ.
മൂന്ന് ശിശുക്കൾ ജനിക്കുന്നതിനു മുൻപേ നഷ്ടപ്പെട്ട ദമ്പതികൾക്ക് ഈ മാസം ആറിനാണു പെൺകുഞ്ഞു പിറന്നത്. ജീവിതം സന്തോഷത്തിന്റെ നാളുകളുടേതായെന്ന് ഉറപ്പിച്ചപ്പോഴാണ് ഇവരെ തേടി വലിയ ദുരന്തം എത്തിയത്. ഏഴാം മാസത്തിൽ ജനിച്ച കുഞ്ഞിനു ഭാരം കുറവായതിനെത്തുടർന്നാണ് ഭണ്ഡാര ജില്ലാ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ നവജാത ശിശുക്കളുടെ ഐസിയുവിലുണ്ടായ അഗ്‌നിബാധയിൽ ഈ കുഞ്ഞുൾപ്പെടെ 10 ശിശുക്കൾ മരിക്കുക ആയിരുന്നു.
വീട്ടിൽ ശുചിമുറി ഇല്ലാത്തത്തിനാൽ പൊതുശുചിമുറിയിൽ പോയി മടങ്ങവേ വീണതാണു നേരത്തേ പ്രസവിക്കാൻ കാരണം. മകൾ നഷ്ടപ്പെട്ട ആഘാതത്തിൽ നിന്നു ഹിർകന്യ ഇനിയും മോചിതയായില്ലെന്നു ഹരിലാൽ കണ്ണീരോടെ പറയുന്നു. ഭണ്ഡാര സകോളി താലൂക്കിലെ ഉസ്ഗാവ് നിവാസികളായ കൂലിവേലക്കാരാണ് ഇരുവരും.
അതിനിടെ, തീപിടിത്തത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി ജില്ലാ ബന്ദ് നടത്തി. സംഭവത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് എതിരെ വിമർശനവുമായി ശിവസേന മുഖപത്രമായ 'സാമ്ന'യും രംഗത്തെത്തി.