- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശരണം വിളിയാൽ ഭക്തിസാന്ദ്രമായി തിരുവാഭരണ ഘോഷയാത്ര ശബരിമലയ്ക്കു പുറപ്പെട്ടു; സ്വീകരണ ഹാരങ്ങൾ ഇല്ലാത്തതിനാൽ പാതയുടെ ഇരുപുറവും സാമൂഹ്യ അകലം പാലിച്ച് തിരുവാഭരണയാത്ര ദർശിച്ച് നാട്ടുകാരും തീർത്ഥാടകരും
പന്തളം: ശരണം വിളിയിൽ അന്തരീക്ഷം ഭക്തിസാന്ദ്രമായപ്പോൾ പന്തളം ധർമശാസ്താ ക്ഷേത്രത്തിൽനിന്ന് തിരുവാഭരണ ഘോഷയാത്ര ശബരിമലയ്ക്കു പുറപ്പെട്ടു. ഇത്തവണത്തെ തിരുവാഭരണ ഘോഷയാത്ര കോവിഡ് നിയന്ത്രണങ്ങൾ പാലിച്ചായതിനാൽ സ്വീകരണഹാരങ്ങൾ അണിയിക്കാൻ അനുവാദമില്ല. അതിനാൽ ഘോഷയാത്ര പോകുന്ന പാതയുടെ ഇരുവശവും സാമൂഹ്യ അകലം പാലിച്ച് നാട്ടുകാരും തീർത്ഥാടകരും തിരുവാഭരണയാത്ര ദർശിച്ചു.
ഇന്നലെ രാവിലെ 11ന് തിരുവാഭരണ പേടകവാഹകരെ കൊട്ടാരത്തിലേക്ക് സ്വീകരിച്ചു. തുടർന്ന് സ്രാമ്പിക്കൽ കൊട്ടാരത്തിലെ സുരക്ഷിത മുറിയിൽനിന്ന് തിരുവാഭരണങ്ങൾ അടങ്ങുന്ന പേടകം ക്ഷേത്ര ശ്രീകോവിലിനു മുൻപിലേക്ക് എഴുന്നള്ളിച്ചു. പന്തളം വലിയകോയിക്കൽ ധർമ ശാസ്താ ക്ഷേത്രത്തിൽനിന്ന് ചൊവ്വാഴ്ച പകൽ ഒന്നിനാണ് തിരുവാഭരണയാത്ര പുറപ്പെട്ടത്. ആശൂലം കാരണം കൊട്ടാരം പ്രതിനിധി അനുഗമിക്കാതിരുന്നതിനാലും മറ്റ് നിയന്ത്രണങ്ങൾ ഉണ്ടായിരുന്നതിനാലും പതിവ് പൂജകൾ ഒഴിച്ചുള്ള ചടങ്ങുകൾ പരിമിതപ്പെടുത്തിയിരുന്നു
പേടക വാഹകർക്കു മേൽശാന്തി പടിഞ്ഞാറേമഠത്തിൽ മഹേഷ് കുമാർ പൂജിച്ച പൂമാല നൽകിയ ശേഷം ഉച്ചപൂജയ്ക്കായി നട അടച്ചു. 12.35നു നട തുറന്നതോടെ മേൽശാന്തി പേടകം അടച്ചു നീരാജനമുഴിഞ്ഞു. തിരുവാഭരണങ്ങളുടെ പട്ടിക കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി.ജി.ശശികുമാർവർമയെ ഏൽപിച്ച ശേഷം താക്കോൽ ദേവസ്വം അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫിസർ എൻ.രാജീവ് കുമാർ ഏറ്റുവാങ്ങി.
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു, ബോർഡ് അംഗം കെ എസ് രവി എന്നിവരുടെ നേതൃത്വത്തിൽ ബോർഡ് അധികൃതർ പന്തളം കൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി ജി ശശികുമാരവർമ, പി എൻ നാരായണവർമ എന്നിവരിൽനിന്ന് തിരുവാഭരണങ്ങൾ ഏറ്റുവാങ്ങി. ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ളയുടെ നേതൃത്വത്തിൽ തിരുവാഭരണങ്ങൾ ക്ഷേത്രത്തിലെത്തിച്ചു.
ആചാരവിധിപ്രകാരം ശ്രീകോവിലിനുമുമ്പിൽ തിരുവാഭരണ പേടകംതുറന്നുവച്ചു. 12.45ന് ക്ഷേത്രമേൽശാന്തി പടിഞ്ഞാറേമഠം മഹേഷ് കുമാർ പോറ്റി പേടകവാഹക സംഘാംഗങ്ങൾക്ക് മാലകൾ പൂജിച്ചുനൽകി. തുടർന്ന് തിരുവാഭരണം കൊട്ടാര കുടുംബാംഗങ്ങൾ പ്രദക്ഷിണമായി എടുത്ത് കിഴക്കേനടയിൽ എത്തിച്ചു. ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ള പ്രധാന തിരുവാഭരണപേടകം ശിരസിലേറ്റി.
ഉച്ചയ്ക്ക് ഒന്നിനു ക്ഷേത്രത്തിൽനിന്നു പുറപ്പെട്ട ഘോഷയാത്ര മണികണ്ഠനാൽത്തറയിലും കൈപ്പുഴ ക്ഷേത്രത്തിലും പ്രദക്ഷിണം നടത്തി. കലശക്കുടവും വെള്ളിയാഭരണങ്ങളും അടങ്ങിയ കലശപ്പെട്ടിയുമായി മരുതമന ശിവൻപിള്ളയും ജീവതയും കൊടിയും അടങ്ങിയ കൊടിപ്പെട്ടിയുമായി കിഴക്കേത്തോട്ടത്തിൽ പ്രതാപചന്ദ്രൻ നായരും അനുഗമിച്ചു. ദേവസ്വം അധികൃതരും ഘോഷയാത്രയ്ക്കൊപ്പം യാത്രതിരിച്ചു.
പത്തനംതിട്ട എ ആർ ക്യാമ്പിലെ അസി. കമാൻഡന്റ് പി പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള 42 അംഗ സായുധ പൊലീസ് സംഘം സുരക്ഷയൊരുക്കി ഘോഷയാത്രയെ അനുഗമിച്ചു. കൈപ്പുഴ, കുളനട, ഉള്ളന്നൂർ, ആറന്മുള വഴി അയിരൂർ പുതിയകാവ് ക്ഷേത്രത്തിൽ എത്തുന്ന ഘോഷയാത്ര ആദ്യ ദിവസം അവിടെ ക്യാമ്പ് ചെയ്യും. ബുധനാഴ്ച അയിരൂരിൽനിന്ന് ആരംഭിക്കുന്ന ഘോഷയാത്ര ളാഹ സത്രത്തിൽ സമാപിക്കും.
അയിരൂർ പുതിയകാവ് ക്ഷേത്രത്തിലായിരുന്നു ഇന്നലെ വിശ്രമം. ഇന്നു ളാഹ സത്രത്തിലെത്തി വിശ്രമിക്കും. നാളെ വൈകിട്ട് ശരംകുത്തിയിലാണ് ദേവസ്വം ബോർഡിന്റെ സ്വീകരണം. തുടർന്ന് അയ്യപ്പവിഗ്രഹത്തിൽ തിരുവാഭരണം ചാർത്തി ദീപാരാധന കഴിഞ്ഞ് നട തുറക്കുമ്പോഴാണ് മകരജ്യോതി. കൊട്ടാരത്തിലുണ്ടായ ആശൂലം കാരണം രാജപ്രതിനിധി ഇക്കുറി ഘോഷയാത്രയെ അനുഗമിക്കുന്നില്ല.