- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലിക്ക് അഭിമുഖത്തിന് എത്തിയവരെ കാത്തിരുന്നത് കുട്ടയും മൺവെട്ടിയും കൊടുവാളും; തെങ്ങുകയറിയും വാഴയ്ക്ക് കുഴിയെടുത്തും കാട് വെട്ടിത്തെളിച്ചും ഇന്റർവ്യൂ പൂർത്തിയാക്കി ഉദ്യോഗാർത്ഥികൾ
ചിറ്റൂർ: ജോലിക്കുള്ള അഭിമുഖത്തിനെത്തിയപ്പോൾ പതിവു രീതിയിലുള്ള കാര്യങ്ങൾ തന്നെയാണ് കഴിഞ്ഞ ദിവസം എരുത്തേമ്പതി ഐഎസ്ഡി ഫാമിലെത്തിയ ഉദ്യോഗാർത്ഥികളും പ്രതീക്ഷിച്ചത്. എന്നാൽ എല്ലാ പ്രതീക്ഷകളും തെറ്റിച്ച് കൂടിക്കാഴ്ചയ്ക്ക് എത്തിയവരെ കാത്തിരുന്നത് ചോദ്യങ്ങളായിരുന്നില്ല. മറിച്ച് മൺവെട്ടിയും പാരയും കൊടുവാളും കുട്ടയുമെല്ലാമായിരുന്നു. അനുവദിച്ച സമയത്തിനുള്ളിൽ കുഴിയെടുക്കാനും കാടുവെട്ടി തെളിക്കാനും തെങ്ങുകയറാനും പറഞ്ഞപ്പോൾ പലരും ഞെട്ടി.
എന്നാൽഡ നിർദ്ദേശം ലഭിച്ചതോടെ ജോലിക്ക് വേണ്ടിയുള്ള കഠിനാധ്വാനം തുടങ്ങി. കഴിഞ്ഞ ഒരാഴ്ചയായി എരുത്തേമ്പതി ഐഎസ്ഡി ഫാമിൽ നടക്കുന്ന സ്ഥിരം തൊഴിലാളികളുടെ ഒഴിവിലേക്കുള്ള കൂടിക്കാഴ്ചയാണ് ഉദ്യോഗാർഥികൾക്ക് പുത്തൻ അനുഭവമായത്.പുരുഷന്മാർക്ക് 10 മിനിറ്റിനുള്ളിൽ നിശ്ചിത അളവിൽ വാഴക്കുഴിയെടുക്കൽ, തെങ്ങിനു തടമെടുക്കൽ, കാടുവെട്ടിത്തെളിക്കൽ, തെങ്ങുകയറ്റം എന്നിവയായിരുന്നു. സ്ത്രീകൾക്ക് ആദ്യ മൂന്ന് ഇനങ്ങളും തെങ്ങു കയറ്റത്തിനു പകരം കുട്ടയിൽ മണ്ണ് ചുമക്കലുമായിരുന്നു.
എംപ്ലോയ്മെന്റ് മുഖേനയാണ് ഉദ്യോഗാർഥികളെ കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചത്. 60 ഒഴിവുകളിലേക്കായി 515 പേർക്ക് കത്തയച്ചു. 492 ഉദ്യോഗാർഥികൾ കൂടിക്കാഴ്ചയിൽ പങ്കെടുത്തു. വനിതകൾക്ക് 43 ഒഴിവുകളും പുരുഷന്മാർക്ക് 17 ഒഴിവുകളുമാണുള്ളത്. കായിക ക്ഷമത പരിശോധനയ്ക്കായി നാല് ഇനങ്ങളാണ് ഉണ്ടായിരുന്നത്. നിരീക്ഷിക്കാനും മാർക്കിടാനുമായി ഓരോ വിഭാഗത്തിനും മൂന്ന് പേർ അടങ്ങുന്ന കൃഷി ഉദ്യോഗസ്ഥരുണ്ടായിരുന്നു. പ്രിൻസിപ്പൽ കൃഷി ഓഫിസർ വി.സുരേഷ്ബാബു, കൃഷി ഡപ്യൂട്ടി ഡയറക്ടർമാരായ പി.പി.ഉമ്മുൽസൽമ, എസ്.നൂറുദീൻ, ടി.സുശീല, പി.ആർ.ഷീല, ഫാം സൂപ്രണ്ട് എസ്.ആറുമുഖപ്രസാദ് എന്നിവർ കൂടിക്കാഴ്ചയ്ക്ക് നേതൃത്വം നൽകി.