പാലക്കാട്. കാലാവസ്ഥ ചൂടുപിടിച്ചു തുടങ്ങുന്ന സമയമാണ് ജനുവരി മാസം. എന്നാൽ കേരളത്തിൽ ഇപ്പോഴും ചറ പറ മഴ പെയ്തുകൊണ്ടിരിക്കുകയാണ്. രണ്ടാഴ്ചയായി തുടരുന്ന അസാധാരണമായ മഴയും കാറ്റും മൂലം ജനങ്ങൾ വലയുകയാണ്. ഇന്നോളം പരിചയമില്ലാത്ത ഈ കാലാവസ്ഥ ജനങ്ങൾക്ക് വലിയ തോതിലുള്ള ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. എന്നാൽ സമാന സാഹചര്യം മൂന്ന് പതിറ്റാണ്ടുകൾക്ക് മുമ്പ് കേരളത്തിൽ അനുഭവപ്പെട്ടിട്ടുണ്ടെന്നാണ് ഗവേഷകരുടെ നിരീക്ഷണം.

1985 ജനുവരിയിൽ സംസ്ഥാനത്ത് ഈ രീതിയിൽ ഒന്നരയാഴ്ചയോളം മഴലഭിച്ചതായാണ് വിവരം. എന്നാൽ അതുസംബന്ധിച്ച് വിലയിരുത്തലുകളും ശാസ്ത്രീയമായ വിശദീകരണങ്ങളും അന്ന് ലഭ്യമായിരുന്നില്ലെന്ന് കലാവസ്ഥ ഗവേഷകൻ ഡോ. എം.കെ.സതീഷ്‌കുമാർ പറഞ്ഞു. ഈ പ്രതിഭാസത്തിന്റെ ആവർത്തനം, വരുംദിവസങ്ങളിലും അടുത്തകാലവർഷത്തിലും എങ്ങനെയൊക്കെ സ്വാധീനമുണ്ടാക്കുമെന്നതും പഠനവിഷയമാണ്.

നേരം വെളുത്ത് ആറു മണി കഴിഞ്ഞാലും കൂരിരിട്ടാണ് പല സ്ഥലങ്ങളിലും. ഏറിയും കുറഞ്ഞും മഴയും പെയ്യുന്നുണ്ട്. മഴ ഇല്ലെങ്കിലും പകൽമുഴുവൻ കാർമേഘങ്ങളാൽ ആകാശം മൂടിക്കെട്ടുന്ന സ്ഥിതിയും നിത്യജീവിതത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. തെക്കൻകേരളത്തിൽ പലയിടത്തും കനത്തമഴ പെയ്യുന്നു. പ്രാദേശികമായാണ് കൂടുതലും പെയ്ത്ത്. പതിവില്ലാത്ത മഴതുടരുന്നത് നാണ്യവിളകൾക്ക് നാശമുണ്ടാക്കുന്നതിനൊപ്പം വിവിധഫലങ്ങളുടെയും പച്ചക്കറികളുടെയും വിളവ്കുറയാനും കാരണമാകും. രാത്രിയിൽ കനത്ത തണുപ്പും അനുഭവപ്പെടുന്നുണ്ട്.

കിണറുകളിലും ജലസംഭരണികളിലും ജലവിതാനം താഴില്ലെന്നതാണ് ആകെ ഗുണം. ഉച്ചവരെ പൊതുവേ മഴകുറവും ശേഷം അന്തരീക്ഷം കാർമേഘത്താൽ മൂടി, വിവിധസ്ഥലങ്ങളിൽ കനത്തമഴ പെയ്യുകയാണ്. പല ജില്ലകളിലും ജാഗ്രതയ്ക്കുള്ള യെലോ അലർട്ട് പ്രഖ്യാപിക്കുന്നുണ്ട്. തമിഴ്‌നാട്ടിലും കനത്തമഴയായതിനാൽ നദികൾ കവിഞ്ഞൊഴുകി കേരളത്തിനും ഭീഷണിയായി മാറുന്നു. കഠിനമായ തണുപ്പിനിടയിലും ഡൽഹിയിൽ ശക്തമായ മഴപെയ്തു.

ദക്ഷിണാർധ ഗോളത്തിൽചൂടും ഉത്തരാർധഗോളത്തിൽ തണുപ്പുമാണ് ഈസമയത്തുള്ളത്. പതിവിന് വിപരീതമായി ദക്ഷിണാർധഗോളത്തിൽ നിന്നുള്ള കാറ്റ് ഉത്തരാർധത്തിലേക്കു പോയി തിരിച്ചുവരികയാണ്. അതോടെ നീരാവി വർധിച്ച്, അത് മേഘങ്ങളായി രൂപംകൊള്ളുകയാണിപ്പോൾ. സാധാരണ, കാറ്റ് തിരികെ വരാറില്ല, ഇപ്പോഴത്തെ കാലാവസ്ഥമാറ്റത്തെ മാഡൻ ജൂലിയൻ ഒാസിലേഷന്റെ(എംജെഒ) ഭാഗമായാണ് കലാവസ്ഥശാസ്ത്രജ്ഞർ കാണുന്നത്.

ഇപ്പോഴത്തെ അന്തരീക്ഷം എത്രദിവസം നീണ്ടുനിൽക്കുമെന്ന് വ്യക്തമായ സൂചനയില്ല. കാലവർഷത്തിൽ മഴ പതിവിലധികം ലഭിച്ചുവന്നാണ് കണക്കെങ്കിലും തുലാവർഷം ഗണ്യമായി കുറഞ്ഞു. തുലാവർഷം പിൻവാങ്ങിയെങ്കിലും കാർമേഘങ്ങൾ അന്തരീക്ഷത്തിൽ ബാക്കിയായെന്നാണ് ശാസ്ത്രജ്ഞന്മാരുടെ നിഗമനം. ശേഷിക്കുന്ന തുലാവർഷപാത്തിയിലേക്കാണ് തുടർച്ചയായി കാറ്റ് മേഘങ്ങളുമായി എത്തുന്നത്. സൗത്ത് ഈസ്റ്റ് ഏഷ്യയിൽ മുഴുവനും ശക്തമായ മഴയാണ്.മഴയും മൂടിക്കെട്ടിയ അന്തരീക്ഷവും കാരണം തണുത്തകാറ്റ് കേരളത്തിലേക്ക് എത്താതെ തിരിഞ്ഞുപോകുന്നു.