- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊറോണക്കാലത്ത് മരുഭൂമിയിൽ ഒറ്റയ്ക്കിരുന്ന് ലോക സാമ്പത്തിക ഫോറത്തിന്റെ ഭാഗമായി എംബിഎസ്; സൗദി രാജകുമാരന്റെ ലക്ഷ്യം സൗദിയെ ടൂറിസത്തിന്റെ മഹനീയ ഇടമാക്കൽ; ലോക സാമ്പത്തിക ഫോറത്തിലും അൽഉലാ മരുഭൂമിയുടെ സൗന്ദര്യം വീണ്ടും ചർച്ചയാക്കി സൽമാൻ രാജകുമാരൻ
റിയാദ്: ലോക സാമ്പത്തിക ഉച്ചകോടിയെ സൗദി രാജകുമാരൻ അഭിസംബോധന ചെയ്തത് അൽ ഉല മരുഭൂമിയിൽ ഒറ്റയ്ക്കിരുന്ന്. അല്ഡ ഉലയിലെ മനോഹാരിതയ്ക്ക് താഴെ ഓഫീസ് സജ്ജമാക്കിയാണ് സൗദി രാജകുമാരന് ലോക നേതാക്കളെ അഭിസംബോധന ചെയ്തത്. അൽഉലയുടെ പ്രാധാന്യം ലോകത്തെ അറിയിക്കാനുള്ള എംബിഎസിന്റെ ഇടപെടൽ. കൊറോണയുടെ കാലത്താണ് ഈ വ്യത്യസ്ത വഴി
സാമ്പത്തിക-സാമൂഹിക പരിഷ്‌കരണങ്ങളിലൂടെയാണ് സൗദിയുടെ യാത്ര. ഇതിന് നേതൃത്വം നൽകുന്നത് എംബിഎസും. സ്ത്രീ സ്വാതന്ത്ര്യത്തിന് ഉതകുന്നതുൾപ്പെടെ പല പരിഷ്‌കാരങ്ങളും എബിഎസ് നടപ്പാക്കി. തൊഴിൽ നിയമങ്ങൾ പൊളിച്ചെഴുതി. നിക്ഷേപ സൗഹൃദ അന്തരീക്ഷം ഉറപ്പാക്കുകയും ചെയ്തു. എണ്ണയിൽ നിന്ന് ടൂറിസത്തിലേക്ക് കൂടി സൗദി രാജകുമാരന്റെ കണ്ണ് വീഴുകയാണ്. അതിന് വേണ്ടിയാണ് ലോക സാമ്പത്തിക ഉച്ചകോടിയെ അൽഉലയിൽ ഇരുന്ന് അഭിസംബോധന ചെയ്തത്. ഈ പേര് ലോകമെങ്ങും ചർച്ചയാക്കുകയാണ് എംബിഎസ്.
അൽഉലാ മരൂഭൂമിയിലെ പാറക്കെട്ടുകളിൽ ആഡംബര ഹോട്ടൽ നിർമ്മിക്കുന്നതിന് രാജകുമാരനും പ്രമുഖ ഫ്രഞ്ച് വാസ്തുശിൽപി ജീൻ നൊവേലും ചർച്ച നടത്തിയിരുന്നു. പാറ തുരന്നു നിർമ്മിക്കുന്ന മൂന്നു വില്ലകളും 40 റൂമുകളുമുള്ള ഹോട്ടൽ സമുച്ചയത്തിന്റെ രൂപരേഖ കിരീടാവകാശിക്ക് ജീൻ സമർപ്പിച്ചിരുന്നു. ശേഷം ഇരുവരും പദ്ധതി പ്രദേശം സന്ദർശിക്കുകയും ചെയ്തു. നൂറ്റാണ്ടുകൾക്ക് മുമ്പേ മനുഷ്യ വാസം തുടങ്ങിയതായി സ്ഥിരീകരിക്കപ്പെട്ട ഈ പ്രദേശത്തേക്ക് ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനാണ് സ്വപ്ന പദ്ധതി നടപ്പാക്കുന്നത്. 2024 ൽ ടൂറിസ്റ്റുകൾക്ക് തുറന്നു കൊടുക്കാനാകുമെന്നാണ് പ്രതീക്ഷ.
ലോക ടൂറിസം ഭൂപടത്തിൽ അൽഉലാക്ക് പരമപ്രധാന സ്ഥാനം ലഭിക്കുന്നതിനുള്ള പദ്ധതികളെ കുറിച്ച് കിരീടാവകാശി ചെയർമാനായ അൽഉലാ റോയൽ അഥോറിറ്റി നേരത്തെ ചർച്ച ചെയ്തിരുന്നു. അതിന്റെ ഭാഗമായാണ് ജീൻ നൊവേലിന്റെ റിസോർട്ട് സമുച്ചയമെത്തുന്നത്. ഇതെല്ലാം മനസ്സിൽ വച്ചാണ് എംബിഎസ് മുമ്പോട്ട് പോകുന്നത്. അത്ഭുതങ്ങൾ മേളിച്ച ചരിത്ര സ്ഥലിയിൽ മികച്ച ലാന്റ് ആർട്ടിൽ നിർമ്മിച്ച ചരിത്ര പട്ടണമാണ് അൽ ഉല. ഇവിടെ പണികഴിപ്പിച്ച ലോക റെക്കോർഡിട്ട കണ്ണാടി കെട്ടിടമാണ് മറായ ഹാൾ അഥവാ മിറർ വണ്ടർ. ഇവിടെയായിരുന്നു ഇത്തവണത്തെ അറബ് ഉച്ചകോടിയും നടന്നത്.
ഭൂപ്രകൃതി കൊണ്ടും കാലപഴക്കം ചെന്ന പർവതങ്ങൾ കൊണ്ടും നിറയെ പ്രത്യേകതകൾ ഉള്ള പ്രദേശമാണ് അൽഉല. പ്രാദേശികവും രാജ്യാന്തരീയവുമായ സാംസ്‌കാരിക കേന്ദ്രമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പർവതനിരകൾക്കിടയിൽ ഈ പ്രത്യേക നഗരം ഉയരുന്നത്. മികച്ച സംസ്‌കാരങ്ങളിൽ അവശേഷിക്കുന്നത് കലയും വാസ്തുവിദ്യയുമാണെന്ന കാഴ്ചപ്പാടിൽ പ്രത്യേകം ഡിസൈൻ ചെയ്ത കേന്ദ്രങ്ങളാണ് ഇവിടുത്തെ പ്രധാന ആകർഷകം. അത്തരത്തിൽ ലോക റെക്കോർഡിട്ട കണ്ണാടി കെട്ടിടം നിർമ്മാണത്തിലും കാഴ്ചയിലും കാഴ്ചപ്പാടിലും വേറിട്ടു നിൽക്കുന്നു. ലോക വിനോദസഞ്ചാര ഭൂപടത്തിൽ പ്രധാനപ്പെട്ട ഇടം നേടി എടുക്കുവാനുള്ള വിഷൻ2030 പദ്ധതിയുടെ ഭാഗമായാണ് 2000 വർഷത്തിലേറെ പഴക്കമുള്ള അൽ ഉലയ്ക്ക് സൗദി രാജകുമാരൻ ഇത്രയേറെ പ്രാധാന്യം നൽകുന്നത്.
നൂറ്റാണ്ടുകളായി മനുഷ്യസ്പർശമേൽക്കാത്ത, അമൂല്യമായ പുരാവസ്തുക്കളായിട്ടാണ് ഇവിടുത്തെ ശേഷിപ്പുകളെ ചരിത്രകാരന്മാർ കണക്കാക്കുന്നത്. മദീന പ്രദേശത്തെ അൽഉലക്കു വടക്കാണ് അൽ മെയ്ദീൻ എന്നും ഹെഗ്ര എന്നും അറിയപ്പെടുന്ന ഈ പൗരാണിക നഗരാവശിഷ്ടം. അറേബ്യ, ജോർദാൻ വഴി മെഡിറ്റേറേനിയൻ, ഈജിപ്ഷ്യൻ പ്രദേശങ്ങളിലേക്കുള്ള പൗരാണിക വാണിജ്യത്തെ നിയന്ത്രിച്ചിരുന്ന നെബേഷ്യൻ സമൂഹത്തിന്റെ രണ്ടാമത്തെ പ്രധാന നഗരമായിട്ടാണ് ഹെഗ്രയെ ചരിത്രകാരന്മാർ കണക്കാക്കുന്നത്.
ജോർദാനിലെ യുനെസ്‌കോ പൈതൃകകേന്ദ്രമായ പെട്രയാണ് നെബേഷ്യരുടെ ഏറ്റവും വലിയ നഗരമായി ഇതുവരെയുള്ള കണ്ടെത്തലുകൾ വച്ച് കണക്കാക്കുന്നത്. അവിടുത്തെ നിർമ്മിതികളോട് അദ്ഭുതാവഹമായ സാമ്യം ഹെഗ്രയിലെ അവശേഷിപ്പുകളിൽ കാണാൻ സാധിക്കും. പെട്രയുടെ സഹോദര നഗരമായി ഹെഗ്രയെ കരുതുന്നു. പെട്രയ്ക്ക് തെക്കോട്ട് നബേഷ്യനുകളുടേതായി കണ്ടെത്തിയിട്ടുള്ള ഏറ്റവും വലിയ ആവാസകേന്ദ്രവും ഇതു തന്നെ.
ഡമാസ്‌കസിൽ നിന്നു മെക്കയിലേക്കുള്ള പൗരാണിക തീർത്ഥാടന പാതയിൽ വരുന്ന ഈ സങ്കേതം പിൽക്കാലത്ത് വിസ്മൃതിയിൽ ആണ്ടുപോവുകയായിരുന്നു. അതിനാൽ തന്നെ നൂറ്റാണ്ടുകളായി ഇവിടുത്തെ പുരാവസ്തുക്കൾ കാര്യമായ മനുഷ്യസ്പർശമൊന്നും ഏൽക്കാത്ത പുരാവസ്തു നിധികളായിട്ടാണ് ചരിത്രകാരന്മാർ കണക്കാക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ