ചെന്നൈ: സിഎസ്‌ഐ മധ്യകേരള മഹായിടവക ബിഷപ്പായി റവ.ഡോ. സാബു കെ. ചെറിയാനെ (59) തിരഞ്ഞെടുത്തു. സ്ഥാനാരോഹണം നാളെ രാവിലെ എട്ടിനു കോട്ടയം സിഎസ്‌ഐ ഹോളി ട്രിനിറ്റി കത്തീഡ്രലിൽ നടക്കും. മോഡറേറ്റർ ബിഷപ് ധർമരാജ് റസാലത്തിന്റെ അധ്യക്ഷതയിൽ ചെന്നൈയിലെ സഭാ ആസ്ഥാനത്തു നടന്ന ബിഷപ് സിലക്ഷൻ കമ്മിറ്റി യോഗത്തിലാണു റവ.ഡോ. സാബു കെ. ചെറിയാനെ ബിഷപ്പായി തിരഞ്ഞെടുത്തത്.

സ്ഥാനാരോഹണ ചടങ്ങിന് മോഡറേറ്റർ ബിഷപ് എ.ധർമരാജ് റസാലം, തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത എന്നിവർ മുഖ്യകാർമികത്വം വഹിക്കും. ഡപ്യൂട്ടി മോഡറേറ്റർ ഡോ. കെ.രൂബേൻ മാർക്ക്, മധ്യകേരള മഹായിടവക മോഡറേറ്റേഴ്‌സ് കമ്മിറി ബിഷപ് ഡോ. ഉമ്മൻ ജോർജ് എന്നിവർ സഹകാർമികത്വം വഹിക്കും.

മധ്യകേരള മഹായിടവക പ്രത്യേക കൗൺസിൽ കഴിഞ്ഞ ഒക്ടോബർ 15നു കോട്ടയത്തു യോഗം േേചർന്ന് റവ.ഡോ. സാബു കെ.ചെറിയാൻ, റവ. നെൽസൻ ചാക്കോ എന്നിവരുടെ പേരുകൾ സിനഡിനു നൽകിയിരുന്നു. കഴിഞ്ഞ ദിവസം കൂടിക്കാഴ്ചയ്ക്കു ശേഷമാണു റവ.ഡോ. സാബു കെ.ചെറിയാനെ ബിഷപ്പായി പ്രഖ്യാപിച്ചത്. തിരുവല്ല തുകലശേരി സെന്റ് തോമസ് സിഎസ്‌ഐ ചർച്ച് വികാരിയാണ്.

കാഴഞ്ചേരി പുന്നയ്ക്കാട് മലയിൽ കുടുംബാംഗമാണ്. അദ്ധ്യാപകരായിരുന്ന പരേതരായ എം.കെ.ചെറിയാൻ- ഏലിയാമ്മ ദമ്പതികളുടെ മകൻ. 1988ൽ ഡീക്കൻ പട്ടം നേടി. 1989ൽ വൈദികപ്പട്ടം സ്വീകരിച്ചു. മധ്യകേരള മഹായിടവക ട്രഷററായി പ്രവർത്തിച്ചിട്ടുണ്ട്. അക്കാലത്താണു വൈദികർക്കു കേന്ദ്രീകൃത ശമ്പളസംവിധാനം ഏർപ്പെടുത്തിയത്. 1988 മുതൽ 96 വരെ ആന്ധ്ര മിഷനിൽ സുവിശേഷകനായി.

ഭാര്യ: ഡോ. ജെസി സാറ കോശി. മക്കൾ: സിബു ചെറിയാൻ കോശി (അയർലൻഡിൽ ഫിനാൻസ് പ്രഫഷനൽ), ഡോ. സാം ജോൺ കോശി (ചെന്നൈയിൽ മെഡിക്കൽ പിജി വിദ്യാർത്ഥി).