- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ശനിയാഴ്‌ച്ച ആയിട്ടും മരണസംഖ്യ 1000 ത്തിനു മുകളിൽ; എല്ലാ രാജ്യങ്ങൾക്കും ക്വാറന്റൈനും നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാക്കിയതോടെ വിമാനങ്ങൾ കൂട്ടത്തോടെ റദ്ദ് ചെയ്യുന്നു; മാർച്ച് വരെ ബ്രിട്ടണിൽ ഇനിയാർക്കും പുറത്തേക്ക് പോകാനോ മടങ്ങിയെത്താനോ കഴിഞ്ഞേക്കില്ല
ബ്രിട്ടനിൽ ഇപ്പൊൾ മരണത്തിന്റെ നാളുകൾ. കോവിഡ് വ്യാപനം കുറയുമ്പോഴും മരണനിരക്ക് ഉയരുക തന്നെയാണ്. തുടർച്ചയായ അഞ്ചാം ദിവസവും പ്രതിദിന മരണസംഖ്യ 1000 ത്തിൽ അധികമായതോടെ ബ്രിട്ടൻ ആശങ്കയിലായിരിക്കുകയാണ്. സാധാരണ ശനിയാഴ്‌ച്ചകളിൽ മരണസംഖ്യ കുറവായിരിക്കും. വാരാന്ത്യ ഒഴിവിൽ, മരണം രേഖപ്പെടുത്താനുള്ള നടപടികൾ പൂർത്തിയാക്കുന്നതിലുള്ള കാലതാമസമാണ് വാരാന്ത്യങ്ങളിലും ഒഴിവു ദിനങ്ങളിലുമൊക്കെ മരണ സംഖ്യ കുറയുവാൻ കാരണം.
അത്തരമൊരു ഒഴിവുദിനമായിട്ടുകൂട് മരണസംഖ്യ 1,295 ആയി എന്നത് തീർച്ചയായും ആശങ്കയ്ക്ക് വക നൽകുന്ന ഒന്നുതന്നെയാണ്. അതേസമയം ഇന്നലെ പുതിയതായി 41,346 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞയാഴ്‌ച്ചയിലേതിനേക്കാൾ ഏകദേശം മൂന്നിലൊന്ന് കുറവാണിത്. എന്നാൽ പ്രതിദിന മരണനിരക്ക് കഴിഞ്ഞയാഴ്‌ച്ചയിലേതിനേക്കാൾ 25 ശതമാനം കൂടുതലാണ് ഈ ശനിയാഴ്‌ച്ച.
അതേസമയം ഇതുവരെ ഏകദേശം 3.5 ദശലക്ഷത്തോളം പേർക്ക് വാക്സിനേഷൻ നൽകിക്കഴിഞ്ഞതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇന്നലെമാത്രം 3.24 ലക്ഷം പേർക്കാണ് കുത്തിവയ്പ നടത്തിയത്. രാജ്യത്താകമനം ടൗൺഹാളുകളിലും ജി പി സർജറികളിലും വാക്സിൻ പരിപാടി അതിവേഗംപുരോഗമിക്കുന്നുണ്ട്. അതേസമയം, ഉപയോഗിച്ചതിനു ശേഷം ഓരോ പാക്കറ്റിലും ബാക്കിവരുന്ന വാക്സിൻ ജി പി മാർ വലിച്ചെറിയുന്നതായി റിപ്പോർട്ടുകൾ വന്നു.
ഈ ബാക്കി വരുന്ന മരുന്നുകൾ സംഭരിച്ചു വച്ച് മറ്റുവ്യക്തികൾക്ക് നൽകാവുന്നതാണ്. ഇസ്രയേൽ വളരെ വിദഗ്ദമായ പ്ലാനിംഗിലൂടെ ഒരു തുള്ളി വാക്സിൻ പോലും നഷ്ടപ്പെടുത്താത്, അവ കാര്യക്ഷമമായി ഉപയോഗിക്കുന്ന കാര്യം നേരത്തേ ലോക മധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ, ബ്രിട്ടനിൽ അങ്ങനെ വലിയൊരു അളവ് മരുന്ന് തന്നെ പാഴാക്കി കളയുന്നു എന്നാണ് റിപ്പോർട്ടുകൾ വരുന്നത്.
മാർച്ച് വരെ ബ്രിട്ടന് പുറത്തുകടക്കുക അസാദ്ധ്യമായേക്കും
രാജ്യത്തെ പൗരന്മാരുടെ ജീവൻ രക്ഷിക്കുക എന്നത് ഏതൊരു ഭരണകർത്താവിന്റെയും ആത്യന്തികമായ കടമയാണ്. കൊറോണയെന്ന കുഞ്ഞൻ വൈറസ് പൂർവ്വാധികം ശക്തിയോടെ ആഞ്ഞുവീശാൻ തുടങ്ങിയപ്പോൾ ബോറിസ് ജോൺസൺ പ്രഥമ പരിഗണന നൽകിയതും അതിനു തന്നെയായിരുന്നു. ലോക്ക്ഡൗണും, പിന്നെ വിവിധ ടയറുകളായുള്ള നിയന്ത്രണങ്ങളുമൊന്നും പോരാതെവന്നപ്പോൾ മൂന്നാമത് ഒരു തവണ കൂടി ലോക്ക്ഡൗൺ പ്രഖ്യാപിച്ചു.
എന്നിട്ടും രോഗവ്യാപനം പ്രതീക്ഷിച്ചതുപോലെ തടയാൻ ആയില്ല എന്നുമാത്രമല്ല, ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുംജനിതകമാറ്റം സംഭവിച്ച പുതിയ ഇനം കൊറോണകൾ ബ്രിട്ടനിൽ എത്താനുമാരംഭിച്ചു. യാത്ര വിലക്കുകയല്ലാതെ ഇത്തരം സാഹചര്യത്തെ നേരിടാൻ മറ്റു മാർഗ്ഗമില്ലെന്നറിഞ്ഞ ബോറിസ് ജോൺസൺ യാത്രാ ഇടനാഴി നാളെ മുതൽ പൂർണ്ണമായും അടച്ചുപൂട്ടുകയാണ്.
നേരത്തേ, ഒന്നാം വരവിന് നേരിയൊരു ശമനമുണ്ടായ നേരത്താണ് വിവിധ രാജ്യങ്ങളുമായി ബ്രിട്ടൻ യാത്രാ ഇടനാഴികൾ ഉണ്ടാക്കിയത്. ഇപ്രകാരം യാത്രാ ഇടനാഴിയിലുള്ള രാജ്യം സന്ദർശിച്ചു മടങ്ങിവരുമ്പോൾ ബ്രിട്ടനിൽ ക്വാറന്റൈനിൽ ഇരിക്കേണ്ടതില്ല. ലോകത്തിന്റെ പലയിടങ്ങളിലും രോഗവ്യാപനം കടുക്കാൻ തുടങ്ങിയതോടെ ഈ പട്ടികയിൽ നിന്നും രാജ്യങ്ങൾ ഓരോന്നായി നീക്കം ചെയ്യാൻ തുടങ്ങി.
ഇപ്പോൾ ഈ ഇടനാഴി സമ്പ്രദായം തന്നെ വേണ്ടെന്നു വയ്ക്കുകയാണ്. ഇനി ഏത് രാജ്യത്തുനിന്നും ബ്രിട്ടനിൽ എത്തുന്നവർക്ക് യാത്രയ്ക്ക് 72 മണീക്കൂർ മുൻപ് പരിശോധന നടത്തിയ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. മാത്രമല്ല, പത്തു ദിവസം വരെ ക്വാറന്റൈനിൽ ഇരിക്കുകയും വേണം. ഇന്ന് വെളുപ്പിന് 4 മണിമുതൽ ഇത് പ്രാബല്യത്തിൽ വരും.
തെക്കെ അമേരിക്ക, പോർച്ചുഗൾ, കേപ്പ് വെർദേ തുടങ്ങിയ ഇടങ്ങളിലേക്കുള്ള എല്ലാ വിമാന സർവ്വീസുകളും റദ്ദ് ചെയ്തിട്ടുണ്ട്. ഇപ്പോൾ തന്നെ പ്രതിസന്ധിയിൽ ആയിരിക്കുന്ന വ്യോമയാന മേഖലയെ ഈ പ്രഖ്യാപനങ്ങൾ കൂടുതൽ കടുത്ത പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ട്. ഇനിയുമേറെ പേർക്ക് തൊഴിൽ നഷ്ടം സംഭവിച്ചേക്കാം എന്ന ആശങ്കയുയരുന്നുണ്ട്. പുതിയ നിയന്ത്രണങ്ങൾ നിലവിൽ വന്നതോടെ പല വിമാന സർവ്വീസുകളും വീണ്ടും പല സർവ്വീസുകളും വെട്ടിച്ചുരുക്കാൻ ആലോചിക്കുകയാണ്.
ജെറ്റ്2 മാർച്ച് അവസാനം വരെയുള്ള എല്ലാ വിമാന സർവീസുകളും ഹോളിഡേ ട്രിപ്പുകളും റദ്ദ് ചെയ്തു. ബ്രിട്ടീഷ് എയർവേയ്സും ഷെഡ്യുളുകളിൽ മാറ്റം വരുത്തിയിട്ടുണ്ട്. അതുപോലെ രാജ്യത്തെ വിമാനത്താവളങ്ങൾ അധികം വൈകാതെ താത്ക്കാലികമായി അടച്ചുപൂട്ടേണ്ടിവരുമെന്ന് എയർപോർട്ട് ഓപ്പറേറ്റേഴ്സ് അസ്സോസിയേഷൻ ചീഫ് എക്സിക്യുട്ടീവ് കരെൻ ഡീ പറഞ്ഞു.
ബ്രിട്ടനിലെ രണ്ടാമത്തെ വലിയ വിമാനത്താവളമായ ഗ്ഗാറ്റ്‌വിക്ക് അവരുടേ സൗത്ത് ടെർമിനൽ താത്ക്കാലികമായി അടച്ചുപൂട്ടി. 600 പേർക്കാണ് ഇതുമൂലം തൊഴിൽ നഷ്ടമായത്. ഹീത്രൂവിലെ മൂന്നും നാലും ടെർമിനലുകളും അടച്ചുപൂട്ടിയിരിക്കുന്നു. അതേസമയം പ്രാദേശിക വിമാനത്താവളങ്ങളാണ് കൂടുതൽ കടുത്ത പ്രതിസന്ധി അനുഭവിക്കുന്നത്. ന്യുക്വേ വിമാനത്താവളം ഫെബ്രുവരി പകുതിവരെ അടച്ചിട്ടിരിക്കുകയാണ്. അതേസമയം എക്സെറ്റർ വിമാനത്താവളം ലോക്കൽ കൗൺസിലിന്റെ സാമ്പത്തിക സഹായത്താൽ പിടിച്ചു നിൽക്കുന്നു.
വിമാനങ്ങൾ പലതും റദ്ദാവുകയും വിമാനത്താവളങ്ങൾ അടച്ചുപൂട്ടൽ ഭീഷണിയിൽ ആവുകയും ചെയ്തതോടെ മാർച്ച് അവസാനം വരെ ബ്രിട്ടനിൽ നിന്നും പുറത്തേക്കുള്ള യാത്ര അസാദ്ധ്യമാകുന്ന ലക്ഷണമാണുള്ളത്. ഏതായാലും വരും നാളുകളിലെ കൊറോണ വ്യാപനത്തിന്റെ സ്വഭാവം അടിസ്ഥാനമാക്കി മാത്രമേ ഭാവി പരിപാടികൾ എന്തൊക്കെയായിരിക്കും എന്ന് തീരുമാനിക്കാൻ കഴിയൂ.