- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വൈറ്റ് ഹൗസിൽ ട്രംപിന്റെ അവസാന ദിവസം ഇന്ന്; നാളെ രാവിലെ എട്ടു മണിക്ക് വിടവാങ്ങൽ ചടങ്ങിൽ 100 ക്രിമിനലുകൾക്ക് മാപ്പു നൽകും; അധികാര കൈമാറ്റത്തിനു നിൽക്കാതെ മടങ്ങുന്ന ട്രംപിനൊപ്പം മെലേനിയ പോവുന്നത് ചരിത്രത്തിലെ ഏറ്റവും വിലകുറഞ്ഞ പ്രഥമ വനിതയായി
അടുത്തകാലത്തൊന്നും ഇല്ലാത്തവണ്ണം അമേരിക്കയെ ലോകത്തിനു മുന്നിൽ നാണം കെടുത്തിയ സംഭവപരംബരകൾക്ക് ശേഷം അവസാനം ഡൊണാൾഡ് ട്രംപ് വൈറ്റ്ഹൗസ് വിട്ടൊഴിയുകയാണ്.
വിടവാങ്ങൽ ചടങ്ങിന്റെ ഭാഗമായി വൈറ്റ്-കോളർ ക്രിമിനലുകൾ ഉൾപ്പടെ നൂറോളം കുറ്റവാളികൾക്ക് മാപ്പുനൽകും. അൻഡ്രൂസ്‌ജോയിന്റ് ബേസിൽ ബുധനാഴ്‌ച്ച രാവിലെ ഒരു യാത്രയയപ്പ് ചടങ്ങ് നടത്തും അതിനുശേഷം എയർഫോഴ്സ് വണ്ണിൽ ട്രംപ് ഫ്ളോറിഡയിലെ തന്റെ മാർ-എ-ലാഗോ റിസോർട്ടിലേക്ക് പറക്കും. എയർഫോഴ്സ് വണ്ണിലെ അവസാനവട്ട സവാരി.
ബൈഡൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നതിനു മുൻപ് തന്നെ ട്രംപ് തലസ്ഥാനം വിടും. രാവിലെ 6 മണിക്കും 7:15 നും ഇടയിലായി എത്തിച്ചേരുവാനാണ് ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണിക്കപ്പെട്ടിരിക്കുന്ന അതിഥികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
പരിപാടിയുടെ വിശദാംശങ്ങൾ ഇനിയും വ്യക്തമായിട്ടില്ലെങ്കിലും കളർ ഗാർഡും 21- ആചാരവെടികളും ഉണ്ടാകുമെന്നാണ് കരുതുന്നത്. ക്ഷണം ലഭിച്ച വ്യക്തിക്ക് അഞ്ചുപേരെ കുൂടി കൊണ്ടുവരാം. എന്നാൽ, പരിപാടികൾ തീരുംവരെ മാസ്‌ക് ധരിക്കണം എന്നത് നിർബന്ധമാക്കിയിട്ടുണ്ട്.
ജനപ്രീതിയില്ലാതെ പടിയിറങ്ങുന്ന പ്രഥമ വനിത
കഴിഞ്ഞ നാലു വർഷത്തോളം എന്ത് ചെയ്തു എന്നതിന്റെ പേരിലല്ല ഏത് വസ്ത്രം ധരിച്ചു എന്നതിന്റെ പേരിൽ ഏറെ വാർത്തകളിൽ ഇടംപിടിച്ച വ്യക്തിയാണ് മെലേനിയ ട്രംപ്. അതു കൂടാതെ അവർ വാർത്തകളിൽ ഇടംപിടിച്ചത് ലക്ഷക്കണക്കിന് ഡോളർ ചെലവഴിച്ച്, അവരുടെ മേൽനോട്ടത്തിൽ വൈറ്റ്ഹൗസിൽ നടത്തിയ പുതുക്കിപ്പണികളിലൂടെയാണ്. ബൗളിങ് അലിയും, ബാഡ്മിന്റൺ കോർട്ടും എല്ലാം ഉൾപ്പെട്ട ഈ പണി ഏറെ വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു.
ഏതായാലും, വൈറ്റ്ഹൗസിന്റെ പടിയിറങ്ങുമ്പോൾ, ഏറ്റവും ജനപ്രീതി കുറഞ്ഞ പ്രഥമവനിത എന്ന ബഹുമതികൂടി കരസ്ഥമാക്കിക്കൊണ്ടാണ് മെലേനിയ പടിയിറങ്ങുന്നത്. ഈയിടെ നടത്തിയ അഭിപ്രായ സർവേ പ്രകാരം മെലേനിയയ്ക്ക് ലഭിച്ചത് 47 പോയിന്റുകൾ മാത്രമായിരുന്നു. അതേസമയം മിഷേൽ ഒബാമയ്ക്ക് 69 പോയിന്റും ലാറാ ബുഷിന് 67 പോയിന്റും ലഭിച്ചിരുന്നു. എന്നാൽ, മെലേനിയയ്ക്ക് ആശ്വസിക്കാൻ കഴിയുന്ന ഒരേയൊരു കാര്യം തന്റെ ഭർത്താവിനേക്കാൾ കൂടുതൽ പോയിന്റുകൾ നേടാനായി എന്നുമാത്രമാണ്. ട്രംപിന് ലഭിച്ചത് വെറും 30 പോയിന്റുകൾ മാത്രമായിരുന്നു.
സാമാന്യ മര്യാദയും, കാലാകാലങ്ങളായി അനുഷ്ഠിച്ചുവരുന്ന ചടങ്ങുകളും ഒന്നും മെലേനിയ കണക്കിലെടുക്കുന്നില്ല. പുതിയ പ്രസിഡണ്ടിന്റെ ഭാര്യയെ വൈറ്റ്ഹൗസ് പരിചയപ്പെടുത്താൻ മെലേനിയ വൈറ്റ്ഹൗസിൽ ഉണ്ടാകില്ല. ആധുനിക അമേരിക്കയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് പുറത്തേക്ക് പോകുന്ന പ്രഥമ വനിത, പുതിയതായി എത്തുന്ന പ്രഥമ വനിതയെ സ്വീകരിക്കാൻ വൈറ്റ്ഹൗസിൽ ഇല്ലാതെയിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ