ളരെ വേഗത്തിലും കാര്യക്ഷമമായും വാക്സിനേഷൻ പരിപാടികളുമായി മുന്നോട്ട് പൊയ്ക്കൊണ്ടിരുന്ന ഇസ്രയേൽ ഇക്കാര്യത്തിൽ ലോക രാജ്യങ്ങളുടെ തന്നെ കൈയടി നേടിയിരുന്നു. പ്രത്യേകിച്ച്, ഒരു തുള്ളി പോലും പാഴാക്കാതെ, അതിവിദഗ്ദമായി വാക്സിൻ പരിപാടി മുന്നോട്ട് കൊണ്ടുപോകുന്ന ആരോഗ്യ പ്രവർത്തകരുടെ മികച്ച മാനേജ്മെന്റ് തന്ത്രംലോക ശ്രദ്ധയാകർഷിച്ചിരുന്നു. ഈ തിളക്കത്തിൽ നിൽക്കുമ്പോഴാണ് ഒരു കരിനിഴൽ പോലെ ആ വിവാദം എത്തുന്നത്.

കോവിഡ് വാക്സിന്റെ കാര്യത്തിലും ഇസ്രയേൽ വംശീയ വിവേചനം കാണിക്കുന്നു എന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. ഇസ്രയേൽ അതിക്രമിച്ച് കീഴടക്കിയതെന്ന് ആരോപിക്കപ്പെടുന്ന വെസ്റ്റ് ബാങ്ക്, ഗസ്സാ സ്ട്രിപ്പ് എന്നിവിടങ്ങളിൽ അധിവസിക്കുന്ന ഏകദേശം നാലപത് ലക്ഷത്തോളം പേരെ വാക്സിൻ നൽകുന്നതിൽ നിന്നും ഒഴിവാക്കിയ നടപടിയാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.ഇസ്രയേലിലെ എല്ലാ പൗരന്മാർക്കും വാക്സിൻ ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നേതന്യാഹു പ്രഖ്യാപിച്ചതിനു പുറകേയാണ് ഈ വിവാദം എത്തിയിരിക്കുന്നത്.

അതേസമയം ഇസ്രയേലിലെ അരബ് പൗരന്മാരും കിഴക്കൻ ജറുസലേമിൽ താമസിക്കുന്ന ഫലസ്തീനിയൻ വംശജരും രാജ്യത്തിൽ വാക്സിനേഷൻ പരിപാടിയിൽ ഉൾപ്പെട്ടിട്ടുണ്ട്. പക്ഷെ, വെസ്റ്റ് ബാങ്കിൽ ജീവിക്കുന്ന ഫലസ്തീനിയൻ കാരേയും ഇപ്പോൾ ഹമാസിന്റെ നിയന്ത്രണത്തിലുള്ള ഗസ്സാ സ്ട്രിപ്പിൽ ഉള്ളവരെയുമാണ് വാക്സിൻ നൽകുന്നതിൽ നിന്നും ഒഴിവാക്കിയിരിക്കുന്നത്. എന്നാൽ, വെസ്റ്റ് ബാങ്കിൽ ഉള്ള യഹൂദ വംശജർക്ക് വാക്സിൻ ലഭ്യമാക്കുവാൻ സർക്കാർ പ്രത്യേക നടപടികൾ കൈക്കൊണ്ടിട്ടുണ്ട്.

വാക്സിൻ നൽകുന്നതിൽ പോലും വംശീയ വിവേചനം കാണിക്കുന്നു എന്ന് ഇസ്രയേലിനെതിരെ ആരോപണമുയർത്തിയ പാലസ്റ്റീനിയൻ പ്രധാനമന്ത്രി മൊഹമ്മദ് ഷട്ടായെ പക്ഷെ ഇതുവരെ വാക്സിൻ നൽകണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിട്ടില്ല. അതേസമയം ഫലസ്തീനിന്റെ അധീനതയിലുള്ള ഇടങ്ങളിൽ രോഗപ്രതിരോധം നടത്തേണ്ടത് തങ്ങളുടെ കടമയല്ലെന്ന വാദമാണ് ഇസ്രയേൽ ഉന്നയിക്കുന്നത്. തങ്ങളുടെ സ്വന്തം പൗരന്മാരുടെ കാര്യം നോക്കിയതിനുശേഷം മറ്റു ഭാഗങ്ങളിലേക്ക് പോകുമെന്നാണ് ഇസ്രയേൽ വൃത്തങ്ങൾ അറിയിച്ചത്.

അതേസമയം ലോകത്തിലെ പ്രധാന മനുഷ്യാവകാശ സംഘടനകൾ പറയുന്നത്, ഇസ്രയേലിന്റെ അധീനതയിൽ ഇരിക്കുന്ന മേഖലയിലെ ഫലസ്തീനിയൻ പൗരന്മാർക്കും പ്രതിരോധ കുത്തിവയ്പ് നടത്താൻ ഇസ്രയേലിന് ഉത്തരവാദിത്തമുണ്ട് എന്നാണ്. ആയിരക്കണക്കിന് ഫലസ്തീൻ കാരാണ് ഇസ്രയേലിൽ ജോലി ചെയ്യുന്നത്.

മാത്രമല്ല, ഇത്തരത്തിൽ ഇസ്രയേൽ നിയന്ത്രണത്തിലാക്കിവച്ച ഭാഗങ്ങളിൽ നിരവധി യഹൂദരും ഉണ്ട്. അതുകൊണ്ടുതന്നെ ധാർമ്മികമായി ഫലസ്തീൻ കാർക്ക് കൂടി വാക്സിൻ നൽകാൻ ഇസ്രയേലിന് ബാദ്ധ്യതയുണ്ടെന്നാണ് ഇവർ ചൂണ്ടിക്കാണിക്കുന്നത്.