ലോകത്തിലെ കോവിഡ് മരണനിരക്ക് ഏറ്റവും അധികമുള്ളത് ബ്രിട്ടനിലാണെന്ന ഞെട്ടിക്കുന്ന വിവരമണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ജനുവരി 17 വരെയുള്ള കണക്കുകൾ പ്രകാരം പ്രതിവാരം 935 പേരാണ് ബ്രിട്ടനിൽ കോവിഡിന് കീഴടങ്ങി മരണം വരിച്ചിരിക്കുന്നത്. അതായത്, ഓരോ പത്തുലക്ഷം രോഗികളിലും 16.5 പേർ വീതം ബ്രിട്ടനിൽ കോവിഡ് മൂലം മരണമടയുന്നു. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ റിസർച്ച് പ്ലാറ്റ്ഫോം ആയ അവർ വേൾഡിന്റെ കണക്ക് പ്രകാരം ലോകത്ത് മറ്റൊരു രാജ്യത്തിലും ഇത്രയും ഉയർന്ന മരണനിരക്കില്ല.

ജനുവരി 11 വരെ ചെക്ക് റിപ്പബ്ലിക്കായിരുന്നു ഇക്കാര്യത്തിൽ മുന്നിലുണ്ടായിരുന്നത്. ഓരോ പത്തുലക്ഷം പേരിലും 16.3 മരണങ്ങളായിരുന്നു ഇവിടെ നടന്നത്. ഇതാണ് ജനുവരി 11 ന് ശേഷം ബ്രിട്ടൻ മറികടന്നത്. എന്നിരുന്നാലും, രാജ്യവ്യാപകമായ മൂന്നാം ലോക്ക്ഡൗൺ ഫലവത്തായി തുടങ്ങി എന്നതിന്റെ ശുഭസൂചനകൾ പുറത്തുവരുന്നുണ്ട്. രോഗവ്യാപന നിരക്കും മരണനിരക്കും കുറഞ്ഞുവരുന്നു എന്നത് ബ്രിട്ടന് ആശ്വാസമേകുന്ന കാര്യം തന്നെയാണ്.

മരണനിരക്കിൽ മുന്നിൽ നിൽക്കുന്ന അഞ്ച രാജ്യങ്ങളിൽ ബ്രിട്ടനും ചെക്ക് റിപ്പബ്ലിക്കും കഴിഞ്ഞാൽ മറ്റുള്ളവ പോർച്ചുഗൽ (14.82), സ്ലോവാക്യ (പത്ത് ലക്ഷം രോഗികളിൽ 14.55 മരണങ്ങൾ), ലിത്വാനിയ (13.01 എന്നിവയാണ്. ഇക്കൂട്ടത്തിൽ ആദ്യത്തെ പത്ത് രാജ്യങ്ങളിൽ ഒമ്പതും യൂറോപ്പിൽ ആണ് എന്നുള്ളതാണ് മറ്റൊരു അതിശയകരമായ വസ്തുത. പനാമ മാത്രമാണ് ഈ ലിസ്റ്റിലെ യൂറോപ്പിലല്ലാത്ത രാജ്യം.

കഴിഞ്ഞ ഒക്ടോബർ മുതൽ ലോകത്തിലെ കോവിഡിന്റെ എപ്പിസെന്ററായി മാറിയിരിക്കുകയാണ് യൂറോപ്പ്. ലോകത്തിലെ മൊത്തം കോവിഡു മരണങ്ങളുടെ മൂന്നിലൊന്ന് നടന്നത് ഇവിടെയായിരുന്നു. ഈ മേഖലയിലെ 52 രാജ്യങ്ങളും പ്രവിശ്യകളും ചേർന്ന് പ്രതിദിനം 5,570 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇത് കഴിഞ്ഞ ആഴ്‌ച്ചയിലേതിനേക്കാൾ 17 ശതമാനം കൂടുതലാണ്.അതേസമയം അമേരിക്കയും കാനഡയും ചേർന്ന മേഖലയിൽ കഴിഞ്ഞയാഴ്‌ച്ചയിലേതിനേക്കാൾ 20 ശതമാനമാണ് മരണനിരക്കിൽ കണ്ട വർദ്ധനവ്.

ലാറ്റിൻ അമേരിക്കയിലും കരീബിയന്ന്ദ്വീപുകളിലും കൂടി 5,42, 410 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ആഴ്‌ച്ചയിലേതിനേക്കാൾ 25 ശതമാനം വരെ മരണനിരക്കിൽ വർദ്ധനവുണ്ടായിട്ടുണ്ട്. അതേസമയം, രോഗവ്യാപനത്തിൽ മുന്നിൽ നിൽക്കുന്ന ഇന്ത്യയും ബ്രസീലും മരണനിരക്കിന്റെ കാര്യത്തിൽ ഏറ്റവും മുന്നിലുള്ള 30 രാജ്യങ്ങളിൽ ഉൾപ്പെടുന്നില്ല എന്നതും അതിശയകരമായ ഒരു വസ്തുതയാണ്. ഇന്ത്യയിൽ ഓരോ പത്തുലക്ഷം പേരിലും 0.15 പേർ വീതം മാത്രമാണ് കോവിഡ് ബാധമൂലം മരണമടയുന്നതെങ്കിൽ, ബ്രസീലിൽ ഇത് 4.72 ആണ്

അതേസമയം ജനസംഖ്യാടിസ്ഥാനത്തിലുള്ള കണക്ക് നോക്കുകയാണെങ്കിൽ മരണനിരക്കിൽ മുന്നിലുള്ളത് ബെൽജിയമാണ്. പത്തുലക്ഷം ജനങ്ങളിൽ 1,751 പേരാണ് ഇവിടെ മരണമടഞ്ഞിട്ടുള്ളത്. 1,501 പേരുമായി സോൾവാനിയയും 1,344 പേരുമായി ബോസ്നിയയും തൊട്ടുപുറകേയുണ്ട്. വിവിധ രാജ്യങ്ങളിലെ സർക്കാർ ഏജൻസികൾ നൽകുന്ന ഔദ്യോഗിക കണക്കുകൾ അനുസരിച്ചാണ് ഈ പട്ടിക തയ്യാറാക്കിയിട്ടുള്ളത്. അതിനാൽ തന്നെ യഥാർത്ഥ മരണസംഖ്യ ഇതിലും വളരെ അധികമായിരിക്കാൻ സാധ്യതയുണ്ട്.

കൊറോണ ഇനിയും കടന്നുകയറാത്ത പത്തു രാജ്യങ്ങൾ

കഴിഞ്ഞവർഷം അവസാനത്തോടെ ചൈനയിലെ വുഹാനിൽ നിന്നും ആരംഭിച്ച കൊറോണയുടെ തേരോട്ടം ലോകത്തിന്റെ എല്ലാ മൂലയിലും എത്തിക്കഴിഞ്ഞിരിക്കുന്നു. അന്റാർട്ടിക്ക ഉൾപ്പടെ എല്ലാ ഭൂഖണ്ഡങ്ങളിലും ഈ കുഞ്ഞൻ വൈറസിന്റെ സാന്നിദ്ധ്യം തെളിഞ്ഞിട്ടുമുണ്ട്. അപ്പോഴും ഈ രാക്ഷസ വൈറസിന് അകത്തുകയറാൻ കഴിയാത്ത ഏകദേശം പത്തോളം രാജ്യങ്ങളുണ്ട്. ഇവയിൽ മിക്കവയും പ്രധാന വൻകരകളിൽ നിന്നും അകന്ന് സ്ഥിതിചെയ്യുന്ന ദ്വീപു രാഷ്ട്രങ്ങളാണ്. അതിൽ പലതും സ്ഥിതിചെയ്യുന്നത് ശാന്തസമുദ്രത്തിലും.

ഹാവായ്ക്കും ആസ്ട്രേലിയയ്ക്കും ഇടയിൽ സ്ഥിതിചെയ്യുന്ന തെക്കൻ ശാന്തസമുദ്രത്തിലെ ഒരു ദ്വീപ് രാഷ്ട്രമായ റ്റുവാലു വൈറസ് വ്യാപനത്തെ കുറിച്ച് അറിഞ്ഞയുടൻ കടുത്ത നടപടികൾ കൈക്കൊള്ളുക വഴിയാണ് രോഗത്തെ പ്രതിരോധിച്ചത്. ആദ്യമായി രാജ്യത്തിന്റെ അതിർത്തികൾ അടച്ചുപൂട്ടിയഇവർ, ഇവിടെ എത്തുന്നവർക്കെല്ലാം ക്വാറന്റൈൻ നിർബന്ധമാക്കി.വെറും 10 ചതുരശ്ര മൈൽ വിസ്തീർണ്ണം മാത്രമുള്ള ഇവിടെ ഇതുവരെ ഒരു കേസുപോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

169 ദ്വീപുകൾ അടങ്ങിയ പോളി ഏഷ്യൻ രാജ്യമായ ടോംഗ, തെക്കൻ ശാന്ത സമുദ്രത്തിൽ തന്നെയുള്ള, ന്യുസിലാൻഡിന്റെ സാമന്തരാജ്യമായ ടൊകെലാവ്, തെക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലുള്ള ബ്രിട്ടീഷ് ഭരണപ്രദേശമായ സെയിന്റ് ഹെലേന എന്നിവിടങ്ങളിലും ഇതുവരെ ഒരു വൈറസ് പോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. രോഗവ്യാപന വാർത്ത പുറത്തുവന്ന ഉടനെ കൈക്കൊണ്ട സത്വര നടപടികളാണ് ഈ രാജ്യങ്ങളെ രക്ഷിച്ചു നിർത്തുന്നത്.

തെക്കൻ ശാന്ത സമുദ്രത്തിലെ അഗ്‌നിപർവ്വത ദ്വീപു സമൂഹമായ പിറ്റ്കാരിൻ ദ്വീപുകൾ, തെക്കൻ ശാന്തസമുദ്രത്തിലെ തന്നെ 15 ദ്വീപുകൾ അടങ്ങിയ കൂക്ക് ഐലൻഡ്സ്, മദ്ധ്യ ശാന്തസമുദ്രത്തിലെ കിരിബാറ്റി, ലോകത്തിലെ തന്നെ ഏറ്റവും ചെറിയ മൂന്നാമത്തെ രാജ്യമായ നൗരു, നിയു, പലാവു തുടങ്ങിയവയാണ് കൊറോണക്ക് എത്തിനോക്കാൻ കഴിയാത്ത മറ്റു രാജ്യങ്ങൾ.