മംഗളൂരു: മലയാളികളെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടുന്ന നാലംഗ സംഘം ബെംഗളൂരുവിൽ പിടിയിലായി. അറസ്റ്റിലായവരിൽ രണ്ട് യുവതികളുമുണ്ട്. സൂറത്കൽ കൃഷ്ണാപുര റോഡിലെ ബീഡിത്തൊഴിലാളി രേഷ്മ (നീമ-32), ഇൻഷുറൻസ് ഏജന്റ് സീനത്ത് മുബീൻ (28), ഡ്രൈവർമാരായ അബ്ദുൾ ഖാദർ നജീബ് (34), ഇഖ്ബാൽ മുഹമ്മദ് (35) എന്നിവരെയാണ് പൊലീസ് അറസ്റ്റുചെയ്തത്.

നിിരവധി മലയാളികൾ ഇവരുടെ വലയിൽ കുടുങ്ങിയതായാണ് റിപ്പോർട്ട്. മലയാളിയായ ബസ് ജീവനക്കാരന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് നിരവധി പേർ ഇവരുടെ തട്ടിപ്പിനരയായതായി വ്യക്തമായത്. നഗ്‌നവീഡിയോ കാണിച്ച് ബസ് ജീവനക്കാരനായ മലയാളിയിൽനിന്ന് പണം തട്ടുകയും കൂടുതൽ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് അറസ്റ്റ്. ഫേസ്‌ബുക്ക് വഴി മലയാളികളെ വലയിലാക്കിയാണ് തട്ടിപ്പ്.

യുവതികൾ വ്യാജ ഫേസ്‌ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ചു. രണ്ടുമാസത്തോളം ഫേസ്‌ബുക്കിൽ ചാറ്റ് ചെയ്തശേഷം യുവതി ഇയാളെ മംഗളൂരുവിലേക്ക് ക്ഷണിച്ചു. ജനുവരി 14-ന് മംഗളൂരുവിലെത്തിയ യുവാവിനെ യുവതികൾ ഒരു വീട്ടിലെത്തിച്ചു. അബ്ദുൾ ഖാദറും ഇഖ്ബാലും ചേർന്ന് യുവാവിനെ മർദിച്ച് വിവസ്ത്രനാക്കി വീഡിയോ ചിത്രീകരിച്ചു. ഈ വീഡിയോ പ്രചരിപ്പിക്കുമെന്നും യുവതികളെ മാനഭംഗപ്പെടുത്തിയെന്ന് പരാതിനൽകുമെന്നും ഭീഷണിപ്പെടുത്തി അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ടു. യുവാവ് ഭയന്ന് തന്റെ കൈയിലുണ്ടായിരുന്ന 30,000 രൂപ നൽകി. കൂടുതൽ പണം ആവശ്യപ്പെട്ട് വീണ്ടും ഭീഷണി തുടർന്നതോടെയാണ് പൊലീസിൽ പരാതി നൽകിയത്.

തുടർന്ന് പ്രതികൾ താമസിക്കുന്ന കാന കട്ലയിലെ ഫ്ളോറന്റൈൻ അപ്പാർട്ടുമെന്റിൽനിന്ന് മൊബൈൽഫോണുകൾ, ക്രെഡിറ്റ് കാർഡ് തുടങ്ങിയവ പിടിച്ചെടുത്തു. ഇവരുടെ മൊബൈൽഫോണിൽനിന്ന് മറ്റ് ആറുപേരെക്കൂടി ഇത്തരത്തിൽ പറ്റിച്ചതിന്റെ വീഡിയോകൾ പൊലീസ് കണ്ടെത്തി. ആറുപേരും കേരളത്തിൽ നിന്നുള്ളവരാണെന്നാണ് പൊലീസ് നൽകുന്ന സൂചന. ഇതിൽ രണ്ടുപേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. തെൻകെണിയിൽപ്പെടുന്നവർ മാനഹാനി ഭയന്ന് പരാതി നൽകാത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്ന് സിറ്റി പൊലീസ് കമ്മിഷണർ എൻ. ശശികുമാർ പറഞ്ഞു.