- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഇന്ന് ജനാധിപത്യത്തിന്റെ വിജയാഘോഷം; ഐകമത്യം മഹാബലം; ഭിന്നിപ്പിക്കുന്ന ശക്തികൾ പുതിയതല്ലെങ്കിലും ഐക്യം മാത്രമാണ് മുന്നോട്ടുള്ള വഴി; ആഭ്യന്തര ഭീകരവാദത്തെ ചെറുക്കണം; എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റായിരിക്കും ഞാൻ': ലോകത്തിന് വീണ്ടും പ്രതീക്ഷ നൽകി ജോ ബൈഡന്റെ വാക്കുകൾ
വാഷിങ്ടൺ: എല്ലാവരും കാതോർത്തിരിക്കുകയായിരുന്നു. എന്താവും ജോ ബൈഡൻ പറയുക. ലളിത സുന്ദരമായി അദ്ദേഹം അത് പറഞ്ഞു. ഇന്ന് അമേരിക്കയുടെ ദിവസമാണ്, ജനാധിപത്യത്തിന്റെ ദിവസം ആണിത്. പുനരുദ്ധാരണത്തിന്റെയും ഉറച്ച തീരുമാനത്തിന്റെയും ദിവസം. ജനങ്ങളുടെ ഇച്ഛ നിറവേറിയിരിക്കുന്നു. ജനാധിപത്യം അമൂല്യമാണെന്നും അത് ദുർബലമാണെന്നും നമ്മൾ ഒരിക്കൽകൂടി പഠിച്ചിരിക്കുന്നു. ഈ മണിക്കൂറിൽ, എന്റെ സുഹൃത്തുക്കളെ... ജനാധിപത്യം വിജയിച്ചിരിക്കുന്നു- ബൈഡൻ പറഞ്ഞു.
ഭിന്നതകളെ മറികടക്കാൻ അദ്ദേഹം അമേരിക്കൻ ജനതയോട് ആഹ്വാനം ചെയ്തു. ഐക്യമില്ലാതെ സമാധാനമില്ല, അദ്ദേഹം കൂട്ടിച്ചേർത്തു. നമ്മളെ ഭിന്നിപ്പിക്കുന്ന ശക്തികൾ യഥാർത്ഥവും ആഴത്തിലുള്ളതുമാണ്. അവ പുതിയതല്ലെന്ന് എനിക്കും അറിയാം. എന്നാലും മുന്നോട്ടുള്ള പ്രയാണത്തിന് ഐക്യപാത മാത്രമേയുള്ളു ബൈഡൻ പ്രഖ്യാപിച്ചു.നമ്മൾ എല്ലാവരും തുല്യരാണെന്ന അമേരിക്കൻ ആദർശവും കടുത്തതും വൃത്തികെട്ടതുമായ വംശീയതയും, വിഭാഗീയതയും, ഭയവും അടങ്ങുന്ന യാഥാർത്ഥ്യവും തമ്മിലുള്ള നിരന്തര പോരാട്ടമായിരുന്നു നമ്മുടെ ചരിത്രം-ബൈഡൻ പറഞ്ഞു. ഇവയ്‌ക്കെതിരായ വിജയം ഉറപ്പില്ലെങ്കിലും യുദ്ധം നിലയ്ക്കാത്തതാണെന്നും ബൈഡൻ പറഞ്ഞു. എല്ലാവർക്കും അന്തസും അഭിമാനവും അവസരവും ഉറപ്പാക്കും
നമ്മളിന്ന് ഒരു സ്ഥാനാർത്ഥിയുടെ വിജയമല്ല ആഘോഷിക്കുന്നത്, ജനാധിപത്യത്തിന്റേതാണ്. രണ്ടാഴ്ച മുൻപ് നടന്ന അക്രമത്തെ മറികടന്ന് രാജ്യം വീണ്ടും ഒന്നായി. ഐക്യത്തോടെ പ്രതിസന്ധികളെ നേരിടണം, മറികടക്കണമെന്നും ബൈഡൻ പറഞ്ഞു. കോവിഡ് മഹാമാരിയും വംശീയതയുടെ വളർച്ചയും ഉൾപ്പെടെ എല്ലാ പ്രതിബന്ധങ്ങളെയും നേരിടും, പരാജയപ്പെടുത്തും. ആഭ്യന്തര ഭീകരവാദത്തെ ചെറുക്കണം. എല്ലാ അമേരിക്കക്കാരന്റെയും പ്രസിഡന്റായിരിക്കും. അമേരിക്കയെ വിജയകരമായി മുന്നോട്ടു നയിക്കാൻ ഐക്യം എന്ന ഒരേയൊരു പാത മാത്രമേയുള്ളൂ. ഐക്യത്തെക്കുറിച്ച് പറയുന്നത് ഇന്നൊരു മണ്ടൻ മനോരാജ്യമായി പോലും വിലയിരുത്തപ്പെട്ടേക്കാം-യുഎസ് പ്രസിഡന്റ് പറഞ്ഞു.
ഇന്ന് ദേശീയ ഓഫീസിലേക്ക് സത്യപ്രതിജ്ഞ ചെയ്ത ആദ്യഅമേരിക്കൻ വനിതയായി വൈസ് പ്രസിഡന്റായി കമല ഹാരിസ് മാറിയിരിക്കുകയാണ്. കാര്യങ്ങൾക്ക് മാറ്റം ഉണ്ടാവില്ല എന്ന് മാത്രം എന്നോട്ട് പറയരുത്. ഞാൻ എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റായിരിക്കും-ബൈഡൻ പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി ബൈഡനെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തു. യുഎസും ഇന്ത്യയും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധം ശക്തിപ്പെടുത്താൻ ബൈഡനുമായി സഹകരിച്ച് പ്രവർത്തിക്കാനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു.
മറുനാടന് ഡെസ്ക്