രവേൽക്കാനും, സ്വീകരിക്കാനും കാത്തുനിന്നില്ലെങ്കിലും, തന്റെ പിൻഗാമിക്കായി ഒരു കത്ത് എഴുതിവച്ചിട്ടാണ് ഡൊണാൾഡ് ട്രംപ് വൈറ്റ്ഹൗസിൽ നിന്നും കുടിയിറങ്ങിയത്. ഇന്നലെ ഇതാദ്യമായി ഓവൽ ഹൗസിൽ എത്തിയ ജോ ബൈഡന്റെ ആദ്യ ജോലിയും ആ കത്ത് വായിക്കുക എന്നതായിരുന്നു. തീർത്തും സ്വകാര്യമായ ഒരു എഴുത്തായതിനാൽ അതിന്റെ ഉള്ളടക്കം താൻ വ്യക്തമാക്കുന്നില്ലെന്നും, എന്നാൽ വളരെയധികം സ്നേഹത്തോടെയാണ് ട്രംപ് ആ കത്ത് എഴുതിയിരിക്കുന്നതെന്നുമായിരുന്നു പിന്നീട് അതിനെ കുറിച്ച് ജോ ബൈഡൻ പറഞ്ഞത്.

സാധാരണ ചെയ്യാറുള്ളതുപോലെ ഓവൽ ഓഫീസിലെ റെസൊല്യുട്ട് ഡസ്‌കിലായിരുന്നു ട്രംപ് ഈ കത്ത് വെച്ചിരുന്നത്. അധികാര കൈമാറ്റസമയത്ത് ട്രംപ് പാലിച്ച ഒരേയൊരു പരമ്പരാഗത സമ്പ്രദായവും ഇതു മാത്രമായിരുന്നു. അമേരിക്കയുടെ നയപരിപാടികളിൽ കാതലായ മാറ്റങ്ങൾ ഉണ്ടാകാൻ പോകുന്നു എന്നതിന്റെ വിളംബരം കൂടിയായിരുന്നു ഇന്നലത്തെ , ജോ ബൈഡന്റെ ഭരണം ഏറ്റെടുക്കൽ ചടങ്ങ്. ട്രംപിന്റേതിനു വിപരീതമായി, ഫേസ് മാസ്‌ക് ധരിച്ചുകൊണ്ടായിരുന്നു ജോ ബൈഡൻ എത്തിയത്. മാത്രമല്ല, ഇനിയുള്ള നൂറ് ദിവസം എല്ലാ അമേരിക്കക്കാരും വീടിനു വെളിയിൽ ഇറങ്ങുമ്പോൾ മാസ്‌ക് ധരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

പാഴാക്കാൻ സമയമില്ല, അതുകൊണ്ടുതന്നെ ആരംഭിക്കുവാൻ ഒരു നിശ്ചിത സമയം നോക്കേണ്ടതുമില്ല. അതായിരുന്നു ജോ ബൈഡന് പറയാൻ ഉണ്ടായിരുന്നത്. പറഞ്ഞതുപോലെത്തന്നെ മൂന്ന് എക്സിക്യുട്ടീവ് ഉത്തരവുകളിലാണ് ആദ്യ ദിവസം തന്നെ ജോ ബൈഡൻ ഒപ്പുവച്ചത്. അതിലൊന്ന് രാജ്യത്തിനകത്ത് പൊതുയിടങ്ങളിൽ മാസ്‌ക് നിർബന്ധമാക്കുന്ന ഒന്നായിരുന്നു. അവശവിഭാഗങ്ങൾക്ക് പിന്തുണയും സഹായവും നൽകുന്ന ഒരു ഉത്തരവിലും അതുപോലെ ട്രംപ് നേരത്തേ പിൻവാങ്ങിയ, പാരീസ് കാലാവസ്ഥ ഉടമ്പടിയിൽ വീണ്ടും ചേരുന്നതിനുള്ള ഉത്തരവുമായിരുന്നു ആദ്യ ദിവസം ഒപ്പുവച്ച മറ്റു ഉത്തരവുകൾ.

അടുത്ത ഏതാനും ദിവസങ്ങളിലായി പുതിയ എക്സിക്യുട്ടീവ് ഉത്തരവുകൾ ഇനിയും ഇറങ്ങുമെന്നും അദ്ദേഹം സൂചനകൾ നൽകി. കോവിഡ് കാലത്ത് അമേരിക്കയ്ക്ക് നഷ്ടമായ ഒരു പ്രതിച്ഛായയുണ്ട് അത് തിരിച്ചെടുക്കലായിരിക്കും തന്റെ പ്രധാന ലക്ഷ്യമെന്ന് ജോ ബൈഡൻ വ്യക്തമാക്കിയിരുന്നു. പ്രതിസന്ധി തരണം ചെയ്യുവാനുള്ള ചില ധൃത നീക്കങ്ങളും നടത്തിയേക്കും എന്നതിന്റെ സൂചനകൾ ലഭിച്ചിട്ടുണ്ട്.

സാധാരണ അമേരിക്കൻ പ്രസിഡണ്ടിന്റെ അധികാരമേൽക്കൽ ചടങ്ങിൽ കാണാറുള്ള ദൈർഘ്യമേറിയ ഫോട്ടോ സെഷനുകളും മറ്റും ഇത്തവണ ഉണ്ടായിരുന്നില്ല. സാധാരണ വാതില്പുറ ദൃശ്യങ്ങൾക്കായി തടിച്ചുകൂടാറുള്ളവരെയും ഇത്തവണ കാണാനായില്ല. കാപ്പിറ്റോൾ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ കനത്ത സുരക്ഷാ നടപടികളും അതുപോലെകോവിഡ് പരത്തിയ ഭീതിയും പൊതുജനങ്ങളെ ഈ ചടങ്ങിൽ നിന്നും അകറ്റി നിർത്തിയിരുന്നു.

നേരത്തേ ബൈഡനും കമലാ ഹാരിസും അജ്ഞാതരായ സൈനികരുടെ സ്മൃതിമണ്ഡപത്തിൽ ആദരവ് പ്രകടിപ്പിക്കുവാൻ എത്തിയപ്പോൾ ഇന്ന് ജീവിച്ചിരിക്കുന്ന മുൻ അമേരിക്കൻ പ്രസിഡണ്ടുമാരും മുൻ പ്രഥമ വനിതകളും അവരോടൊപ്പം ചേർന്നു, ട്രംപും കുടുംബവും ഒഴിച്ച്. ഇതിൽ ഇരു പാർട്ടികളിലേയും മുൻ പ്രസിഡണ്ടുമാരുണ്ടായിരുന്നു. ഒബാമയും ഭാര്യ മിഷേയ്ലും, ജോർജ്ജ്. ഡബ്ലു. ബുഷും ഭാര്യ ലോറാ ബുഷ്, ബിൽ ക്ലിന്റൺ, ഹിലാരി ക്ലിന്റൺ എന്നിവരായിരുന്നു ആർലിങ്ടൺ നാഷണൽ സിമെട്രിയിൽ പുതിയ പ്രസിഡന്റിനോടും വൈസ് പ്രസിഡണ്ടീനോടുമൊപ്പം എത്തിയിരുന്നത്.

ഡൊണാൾഡ്ട്രംപ് ഒഴിച്ചാൽ, ഇന്ന് ജീവിച്ചിരിക്കുന്ന മുൻ പ്രസിഡണ്ടുമാരിൽ ജിമ്മി കാർട്ടർ മാത്രമായിരുന്നു ഈ ചടങ്ങിൽ പങ്കെടുക്കാതിരുന്നത്. ആരോഗ്യ പ്രശ്നങ്ങളാലും കോവിഡ് ഭയത്താലുമാണ് 96 കാരനായ കാർട്ടർ ഈ പരിപാടിയിലേക്ക് വരാതിരുന്നത്. എന്നാൽ, അദ്ദേഹം ബൈഡനെ അനുമോദിച്ചുകൊണ്ടുള്ള ഒരു സന്ദേശം അയച്ചിരുന്നു. ഇതോടേ മുൻ അമേരിക്കൻ പ്രസിഡണ്ട് മാരുടെ കൂട്ടത്തിലും ട്രംപ് തീർത്തും ഒറ്റപ്പെട്ടിരിക്കുകയാണ്.

ജോ ബൈഡൻ ആദ്യദിവസം ഇറക്കിയ ഉത്തരവുകൾ

തന്റെ മുൻഗാമിയുടെ നയങ്ങൾക്ക് തീർത്തും വിപരീതദിശയിലായിരിക്കും താൻ നീങ്ങുക എന്ന് വ്യക്തമാക്കുന്നതായിരുന്നു പുതിയ അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡന്റെ ആദ്യ ദിവസത്തെ പ്രകടനം. കോവിഡ് പ്രതിസന്ധിയിൽ താറുമാറായിക്കിടക്കുന്ന അമേരിക്കയെ കൈപിടിച്ചൂയർത്തുക എന്ന കഠിനമയ ദൗത്യമാണ് ബൈഡൻ ഏറ്റെടുത്തിരിക്കുന്നത്. ആ ഉത്തരവാദിത്വ ബോധം പ്രതിഫലിക്കുന്ന പ്രവൃത്തികളാണ് അദ്ദേഹത്തിൽ നിന്നും ആദ്യ ദിവസം ഉണ്ടായതും. ഭരണമേറ്റെടുത്ത ഉടനെ ആഘോഷങ്ങൾക്കൊന്നും നിൽക്കാതെ കർത്തവ്യ നിരതനാവുകയായിരുന്നു അദ്ദേഹം.

അദ്ദേഹത്തിന്റെ ആദ്യ ഉത്തരവ് തന്നെ അമേരിക്കയിലെ പൊതുയിടങ്ങളിലെല്ലാം തന്നെ മാസ്‌ക് നിർബന്ധമാക്കുന്ന ഒന്നായിരുന്നു. കുടിയേറ്റം തടയുവാനായി മെക്സിക്കൻ അതിർത്തിയിൽ പണിതുകൊണ്ടിരിക്കുന്ന അതിർത്തി മതിലിന്റെ പണി മരവിപ്പിച്ചുകൊണ്ടുള്ളതായിരുന്നു രണ്ടാമത്തെ ഉത്തരവു. ഇതിനുള്ള സാമ്പത്തിക സഹായം പൂർണ്ണമായും നിർത്തലാക്കി. അതുപോലെ, മുസ്ലിം ഭൂരിപക്ഷമുള്ള 7 രാജ്യങ്ങളിൽ നിന്നുള്ളവർ അഭിമുഖീകരിച്ചിരുന്ന കുടിയേറ്റ വിലക്കും നീക്കി.

ഇതുകൂടാതെ, പാരീസ് കാലാവസ്ഥ ഉടമ്പടിയിൽ വീണ്ടും ചേരുക, ലോകാരോഗ്യ സംഘടനയിൽ നിന്നും പിന്മാറിയ നടപടി റദ്ദാക്കുക തുടങ്ങിയകാര്യങ്ങളിലും ബൈഡൻ തീരുമാനങ്ങൾ എടുത്തിട്ടുണ്ട്. അതുപോലെ തന്നെ, പൗരത്വമില്ലാത്തവരേയും സെൻസസിൽ ഉൾപ്പെടുത്തുക, അനധികൃത കുടിയേറ്റക്കാർക്ക് വ്യവസ്ഥകളോടെ പൗരത്വം നൽകുക തുടങ്ങിയവയും അദ്ദേഹം ഇറക്കിയ ഉത്തരവുകളിൽ ഉൾപ്പെടും.