ശബരിമല: ഈ വർഷത്തെ മണ്ഡല - മകരവിളക്കു തീർത്ഥാടനത്തിനു സമാപനം കുറിച്ച് ശബരിമല ക്ഷേത്രനട അടച്ചു. തിരുവാഭരണവുമായി പന്തളം കൊട്ടാരത്തിലേക്കുള്ള മടക്കഘോഷയാത്ര തുടങ്ങി.

ഇന്നലെ പുലർച്ചെ 5നു നട തുറന്ന് തന്ത്രി കണ്ഠര് രാജീവര് അഷ്ടാഭിഷേകം നടത്തി ദേവനെ ഒരുക്കി. മഹാഗണപതിഹോമം കഴിഞ്ഞതോടെ തിരുവാഭരണ വാഹകർ തൊഴുത് ശരണംവിളികളുമായി പേടകങ്ങൾ ശിരസ്സിലേറ്റി പതിനെട്ടാംപടി ഇറങ്ങി. തുടർന്ന് മേൽശാന്തി വി.കെ.ജയരാജ് പോറ്റി അയ്യപ്പവിഗ്രഹത്തിൽ ഭസ്മാഭിഷേകം നടത്തി യോഗദണ്ഡും ജപമാലയും അണിയിച്ചു ധ്യാനനിരതനാക്കി ഹരിവരാസനം ചൊല്ലി നട അടച്ചു.

രാജപ്രതിനിധിയായി നിശ്ചയിച്ചിരുന്ന പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിലെ ശങ്കർ വർമയ്ക്ക് ആശൂലം ആയതിനാൽ ആചാരപരമായി നടക്കാറുള്ള താക്കോൽ കൈമാറ്റം ഇത്തവണ നടന്നില്ല. ഔദ്യോഗിക കണക്കുകൾ പ്രകാരം ഈ തീർത്ഥാടനകാലത്ത് 1,65,420 പേർ ദർശനം നടത്തി. ആകെ വരുമാനം 21 കോടി രൂപ. കഴിഞ്ഞ തീർത്ഥാടനകാലത്ത് ആകെ വരുമാനം 269.26 കോടിയായിരുന്നു.