- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ ജീവനക്കാരുടെ ശമ്പളം, പെൻഷൻ, ക്ഷേമ പെൻഷൻ വർധന; ഉത്തരവ് ഉടൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളം, വിരമിച്ചവരുടെ പെൻഷൻ, സാമൂഹിക സുരക്ഷാ-ക്ഷേമ പെൻഷനുകൾ എന്നിവ വർധിപ്പിച്ചുള്ള ഉത്തരവ് ഉടൻ പുറത്തിറക്കുമെന്ന് മന്ത്രി ടി.എം. തോമസ് ഐസക് വ്യക്തമാക്കി. ഏപ്രിൽ മുതലാണു വർധന. ഉത്തരവിറക്കിയിട്ടും എജി ഉന്നയിച്ച സംശയങ്ങൾ കാരണം നടപ്പാക്കാൻ കഴിയാതിരുന്ന കോളജ് അദ്ധ്യാപകരുടെ പുതുക്കിയ യുജിസി ശമ്പളം ഫെബ്രുവരി ഒന്നു മുതൽ വിതരണം ചെയ്യും.
കുടിശിക പിഎഫിൽ ലയിപ്പിക്കും. ഈ തുക 2023-24, 2024-25 വർഷങ്ങളിൽ പിഎഫിൽ നിന്നു പിൻവലിക്കാമെന്നും ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിയിൽ മന്ത്രി വ്യക്തമാക്കി. സാമൂഹിക സുരക്ഷാ പെൻഷനു പുറത്തുള്ള കാൻസർ, എയ്ഡ്‌സ് രോഗികളുടെ പെൻഷൻ വർധിപ്പിക്കും. ചികിത്സാ സഹായം, കെയർ ടേക്കർ സഹായം തുടങ്ങിയ സ്‌കീമുകളിൽ നിന്നുള്ള പെൻഷൻ കൂടി പരിഗണിച്ച ശേഷമാകും തീരുമാനം.
പതിനൊന്നാം ശമ്പള പരിഷ്‌കരണ കമ്മിഷന്റെ ഇടക്കാല റിപ്പോർട്ട് അടുത്തയാഴ്ച സർക്കാരിനു സമർപ്പിക്കും. 10% മുതൽ 12% വരെ ശമ്പള വർധനയാകും കമ്മിഷൻ ശുപാർശ ചെയ്യുകയെന്നാണു സൂചന. ശമ്പളം നിർണയിക്കുന്നതിൽ കഴിഞ്ഞ തവണ നിശ്ചയിച്ച ഫോർമുലയിലും മാറ്റം വരുത്തും. പൂർത്തിയാക്കിയ ഒരു വർഷത്തേക്ക് അര ശതമാനം വെയിറ്റേജ് ആയിരുന്നു കഴിഞ്ഞ തവണ നിശ്ചയിച്ചിരുന്നത്. ഇതിൽ കുറവു വരുത്തും.
മറ്റു വർധനകൾ
- അങ്കണവാടി വർക്കർമാരുടെ പ്രതിമാസ പെൻഷൻ 2000 രൂപയിൽ നിന്നു 2500 രൂപയാക്കി.
- 2012 നു ശേഷം നിയമിച്ച സർക്കാർ പ്രീപ്രൈമറി സ്‌കൂളിലെ അദ്ധ്യാപകർക്കും (2267 പേർ) ആയമാർക്കും (1907 പേർ) 1000 രൂപ വീതം നൽകും.
- ആചാര സ്ഥാനീയരുടെയും കോലാധികാരികളുടെയും പ്രതിമാസ വേതനം പരിഷ്‌കരിക്കും.
- അനുബന്ധ മത്സ്യത്തൊഴിലാളി ക്ഷേമ പദ്ധതികൾക്കായി 10 കോടി വകയിരുത്തി.
- ഖാദി മേഖലയ്ക്ക് 20 കോടി. ഖാദി ക്ഷേമ നിധി അംശദായത്തിനുള്ള ആദ്യ ഗഡു ഈ മാസം നൽകും.
- പ്രാദേശിക പത്രപ്രവർത്തകരെ സാംസ്‌കാരിക ക്ഷേമനിധിയിൽ ഉൾപ്പെടുത്തും.