- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റിസോർട്ടിലെ ടെന്റിൽ നിന്നും പുറത്തിറങ്ങിയ ഷഹാനയെ ആന ഓടിച്ചു വീഴ്ത്തി ആക്രമിച്ചു; ബഹളം കേട്ട് ബന്ധുക്കൾ ഓടി എത്തിയെങ്കിലും ആന ആക്രമണം തുടർന്നതോടെ സംഭവ സ്ഥലത്ത് തന്നെ മരണം: ഇന്നലെ വയനാട്ടിൽ കാട്ടാനയുടെ കുത്തേറ്റ് മരിച്ചത് ദാറു നുജൂം കോളജിലെ സൈക്കോളജി വിഭാഗം മേധാവി
കൽപറ്റ: ഇന്നലെ വയനാട്ടിലെ മേപ്പാടിയിലുണ്ടായ കാട്ടാനയുടെ ആക്രണത്തിൽ മരിച്ചത് കോഴിക്കോട് പേരാമ്പ്രയിലെ ദാറു നുജൂം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ സൈക്കോളജി വിഭാഗം മേധാവിയായ കണ്ണൂർ സ്വദേശിനി ഷഹാന സത്താർ (26). മേപ്പാടി എളമ്പിലേരിയിലെ റെയിൻ ഫോറസ്റ്റ് റിസോർട്ടിൽ ബന്ധുക്കൾക്കൊപ്പം വിനോദസഞ്ചാരത്തിന് എത്തിയതായിരുന്നു ഷഹാനാ.
ടെന്റിൽ താമസിക്കുകയായിരുന്ന ഷഹാന പുറത്തേക്കിറങ്ങിയപ്പോൾ കാട്ടാന ആക്രമിക്കുക ആയിരുന്നു. ഇന്നലെ രാത്രി എട്ടുമണിയോടെയാണു സംഭവം. റിസോർട്ടിലെ ടെന്റുകളിലൊന്നിൽ ബന്ധുക്കൾക്കൊപ്പമായിരുന്ന ഷഹാന കഴിഞ്ഞിരുന്നത്. പുറത്തിറങ്ങിയപ്പോൾ ആന ഓടിച്ചുവീഴ്‌ത്തി ആക്രമിക്കുകയായിരുന്നുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ബന്ധുക്കൾ ഓടിയെത്തിയെങ്കിലും ആന ആക്രമണം തുടർന്നു. പിന്നീട് ഷഹാനയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ചേലേരി കാരയാപ്പിൽ കല്ലറപുരയിൽ പരേതനായ സത്താറിന്റെയും ആയിഷയുടെയും മകളാണ്. സഹോദരങ്ങൾ: ലുഖ്മാൻ, ഹിലാൽ, ഡോ. ദിൽഷാദ് ഷഹാന. റിസോർട്ടിനു മൂന്നു വശവും കാടാണ്. ഇവിടെ മൊബൈൽ റെയ്ഞ്ച് ഇല്ല. ഷഹാന ഭക്ഷണത്തിനു ശേഷം പുറത്തിറങ്ങി നിൽക്കുമ്പോഴാണ് കാട്ടാന ആക്രമിച്ചത്. കൂടെയുണ്ടായിരുന്ന 2 പേർ ഓടി രക്ഷപ്പെട്ടു. ഷഹാന സംഭവസ്ഥലത്തു തന്നെ മരിച്ചു.
അടുത്തകാലത്തായി നിരവധി ടൂറിസ്റ്റുകൾ ഇവിടെ എത്താറുണ്ട്. കോവിഡ് കാലത്തിന് ശേഷം റിസോർട്ടു തുറന്നതോടെ സഞ്ചാരികളുടെ ഒഴുക്കാണ് ഇവിടെ. വിനോദ സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത് ടെന്റു കെട്ടിയുള്ള താമസം തന്നെയാണ്. വനഭൂമിയുമായി അതിർത്തി പങ്കിടുന്ന പ്രദേശമായതിനാൽ ഇടയ്ക്കിടെ കാട്ടാന ഇറങ്ങാറുണ്ട്. ഇവിടെ വേണ്ടത്ര സുരക്ഷ ഒരുക്കാതെയാണ് ടെന്റുകൾ കെട്ടുന്നതെന്ന ആക്ഷേപവും ഇതോടെ ശക്തമായിട്ടുണ്ട്.
സമീപ പ്രദേശമായ ചുളിക്കയിൽ ഏതാനും വർഷങ്ങൾക്കു മുൻപ് കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. വന്യമൃഗശല്യത്തിന് പരിഹാരം കാണാൻ വനം വകുപ്പ് തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
മറുനാടന് മലയാളി ബ്യൂറോ