ലണ്ടൻ: ഓരോ ദിവസം ചെല്ലുംതോറും യുകെയിൽ കോവിഡ് സാഹചര്യങ്ങൾ സകല കണക്കുകൂട്ടലുകളും തെറ്റിക്കുകയാണ് . കോവിഡ് വ്യാപനത്തിന് കുറവുണ്ടായി പ്രതിദിന രോഗികളുടെ എണ്ണം അരലക്ഷത്തിൽ നിന്നും 20000 ലേക്ക് താഴ്‌ന്നെങ്കിലും കോവിഡ് ഇതിനകം ബാധിച്ചവരിൽ നല്ല പങ്കിനെയും മരണം കവർന്നെടുക്കുകയാണ് എന്ന് സൂചിപ്പിച്ചു ഇന്നലെ പ്രതിദിന കണക്കിൽ ഏറ്റവും ഉയർന്ന രണ്ടമത്തെ കണക്കാണ് പുറത്തു വന്നിരിക്കുന്നത് .

പബ്ലിക് ഹെൽത് ഇംഗ്ലണ്ട് പുറത്തുവിട്ട കണക്കിൽ ഇന്നലെ മാത്രം 1725 പേരുടെ മരണമാണ് രേഖപ്പെടുത്തിയിരിക്കുന്നത് . അതിനിടെ ഇപ്പോൾ ആശുപത്രിയിൽ കഴിയുന്ന 37000 ലധികം രോഗികളിൽ നല്ല പങ്കിന്റെയും അവസ്ഥ മോശം ആണെന്നും വിവിധ ആശുപത്രികളിൽ ബ്രിട്ടീഷ് മലയാളി നടത്തിയ അനൗഷ്ണം വെളിപ്പെടുത്തുന്നു . ഒരു ഡസനിൽ അധികം മലയാളികൾ ഗുരുതരാവസ്ഥ നേരിടുന്നതിൽ ലെസ്റ്റർ , പ്ലിമത് , ലണ്ടൻ , ബ്രിസ്റ്റോൾ എന്നിവിടങ്ങളിൽ ഒക്കെ അതീവ ഗുരുതരാവസ്ഥയിൽ മലയാളികൾ കഴിയുന്നു എന്നാണ് ലഭ്യമായ സൂചന . ഇതിനൊപ്പം ആവശ്യത്തിന് ഉപയോഗിക്കാൻ വെന്റിലേറ്ററുകളുടെ ലഭ്യതയിൽ കുറവുണ്ടെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകളും പുറത്തു വരികയാണ് .

നിലവിൽ നാലായിരത്തിലേറെ വെന്റിലേറ്ററുകളിലാണ് രോഗികൾ കിടക്കുന്നത് . ബ്രിട്ടനിലെ രണ്ടായിരത്തോളം ആശുപത്രികളിലായി 7500 വെന്റിലേറ്ററുകളാണ് പരമാവധിയുള്ളതു . ഇതിൽ തന്നെ കുറെയെണ്ണം പ്രവർത്തന രഹിതം ആണെന്നും എൻഎച്എസ് ജീവനക്കാർ ഇതിനകം വെളിപ്പെടുത്തിക്കഴിഞ്ഞു . കോവിഡ് ഒന്നാം വ്യാപനത്തിൽ പതിനായിരക്കണക്കിന് വെന്റിലേറ്ററുകൾ ബ്രിട്ടൻ നിർമ്മിക്കുക ആണെന്നും ഇതിനായി വാക്വക്‌ളീനർ കമ്പനി ആയ ഡൈസൻ നിർമ്മാണ കരാർ ഏറ്റെടുക്കും എന്നൊക്കെയായിരുന്നു സർക്കാർ ഭാഷ്യം . എന്നാൽ ഇതിനിടയിൽ വെന്റിലേറ്ററുകൾ കോവിഡ് രോഗികളെ പ്രതീക്ഷിച്ച പോലെ സഹായിക്കില്ലെന്നും പകരം ലളിത മാർഗമായ സിപാപ് മതിയാകും എന്നതായിരുന്നു എൻഎച്ചസിനു ലഭിച്ച ഉപദേശം . എന്നാൽ രണ്ടാം കോവിഡ് വ്യാപനത്തിൽ രോഗികളുടെ അവസ്ഥ കൂടുതൽ മോശമായതോടെ വെന്റിലേറ്ററുകൾ ഒഴിവാക്കാനാകാത്ത സാഹചര്യം രൂപം കൊണ്ടിരിക്കുകയാണ് .

ഇതോടെ പ്രായം ചെന്ന രോഗികൾക്ക് വെന്റിലേറ്റർ നൽകേണ്ട എന്ന തീരുമാനം പല ആശുപത്രികളും രഹസ്യമായി നടപ്പാക്കുകയാണ് . പലയിടത്തും 65 കഴിഞ്ഞ രോഗികളെ നിർദാക്ഷിണ്യം വാർഡുകളിൽ പ്രവേശിപ്പിക്കുന്ന രീതിയും ഇവരെ ഐസിയുവിലേക്കു മാറ്റണ്ട എന്ന നിർദ്ദേശവും നൽകിയിട്ടുണ്ട് . എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ ഒരു ട്രസ്റ്റും തയ്യാറുമല്ല . പകരം സാഹചര്യത്തിനൊത്തു കാര്യങ്ങളിൽ മാറ്റം വന്നുകൊണ്ടിരിക്കും എന്ന എവിടെയും തൊടാത്ത ഉത്തരമാണ് പുറത്തു വരുന്നത് . അടുത്തിടെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിയ മലയാളികളിൽ പലർക്കും വെന്റിലേറ്റർ ലഭിച്ചിട്ടില്ല എന്നാണ് വക്തമാകുന്നത് .

അടുത്ത ദിവസങ്ങളിൽ മരിച്ച മലയാളികളിൽ ചിലരെങ്കിലും വെന്റിലേറ്റർ ഉപയോഗിക്കാതെ സിപാപ് വഴി ശ്വസനം നിലനിർത്താൻ ശ്രമിച്ചു പരാജയപ്പെട്ടു മരണത്തിലേക്ക് നീങ്ങുക ആയിരുന്നു . തൊണ്ടയിലെ കഫം നീക്കി ശ്വസിക്കാൻ സഹായിക്കുന്ന സിപാപ് ശ്വാസ കോശം നിറയെ വൈറസുള്ള കോവിഡ് രോഗിയെ എപ്രകാരമാണ് ശ്വസിക്കാൻ സഹായിക്കുക എന്നതിന് ശാസ്ത്രീയമായ മറുപടിയൊന്നും ട്രസ്റ്റുകൾക്കില്ല . എന്നാൽ വെന്റിലേറ്റർ ആവശ്യമായ രോഗികൾക്ക് അത് നല്കാൻ തക്ക വിധം മെഷീനുകൾ കൈവശം ഇല്ലെന്നും ആശുപത്രികാൾ സമ്മതിക്കുന്നു .

രണ്ടാം കോവിഡ് വ്യാപനം ഉണ്ടാകുമെന്നും അത് കൂടുതൽ തീവ്രം ആയിരിക്കുമെന്നും ശാസ്ത്ര സംഘം വളരെ നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടും ബ്രിട്ടീഷ് സർക്കാർ വേണ്ട ഗൗരവം നൽകിയില്ല എന്നതാണ് ഇപ്പോഴത്തെ അസാധാരണ സാഹചര്യത്തിലേക്ക് കാര്യങ്ങൾ എത്തിച്ചതിൽ പ്രധാനമാകുന്നത് . കുറെയധികം വെന്റിലേറ്ററുകൾ കൂടി ലഭ്യമാക്കിയാൽ കൂടുതൽ ആരോഗ്യസ്ഥിതി ഉള്ള കോവിഡ് രോഗികളെ എങ്കിലും മരണത്തിനു നൽകാതെ രക്ഷിക്കാൻ കഴിയുമായിരുന്നു എന്ന് റെസ്പിറേറ്ററി വിഭാഗത്തിൽ ജോലി ചെയ്യുന്ന മലയാളി ആരോഗ്യ പ്രവർത്തകർ വ്യക്തമാക്കുന്നു .

റോയൽ ലണ്ടൻ ഹോസ്പിറ്റലിലെ ആകെയുള്ള 15 നിലകളിൽ 12 ലും കോവിഡ് രോഗികൾ നിറഞ്ഞരിക്കുകയാണ് / ഇതുതന്നെയാണ് പല ആശുപത്രികളുടെയും അവസ്ഥ . തിയറ്ററുകൾ ഒക്കെ താത്കാലിക വാർഡുകൾ ആക്കി മാറ്റിയിട്ടും രോഗികളെ കിടത്താൻ സ്ഥലമില്ല എന്നതാണ് സാഹചര്യം . ലോകത്തിൽ തന്നെ ഏറ്റവും ഉയർന്ന മരണ നിരക്ക് യുകെയിൽ ഉണ്ടാകാൻ കാരണവും സർക്കാരിന്റെ പിടിപ്പു കേടു തന്നെ ആണെന്ന് വക്തമാക്കുകയാണ് നിലവിലെ അവസ്ഥയെന്നും വക്തമാണ് . ,

ഒന്നാം കോവിഡ് പടർന്നു അതിന്റെ മൂർദ്ധന്യത്തിൽ എത്തിയ ഏപ്രിൽ 12 നു പോലും വെന്റിലേറ്ററിൽ എത്തിയ രോഗികളുടെ എണ്ണം 3301 ആയിരുന്ന സ്ഥാനത്താണ് ഇപ്പോൾ വെന്റിലേറ്ററിൽ എത്തിയ രോഗികളുടെ എണ്ണം 4076 ലേക്ക് ഉയർന്നിരിക്കുന്നത് . ഇക്കഴിഞ്ഞ ഡിസംബർ 18 നു 1364 രോഗികൾ മാത്രം വെന്റിലേറ്ററിൽ ഉണ്ടായിരുന്ന സാഹചര്യമാണ് ജനുവരി മൂന്നാം വാരത്തിൽ എത്തിയപ്പോൾ നാലായിരത്തിനു മുകളിൽ ഉയർന്നിരിക്കുന്നത് .

ഈ കണക്കിൽ നിന്നും തന്നെ രണ്ടാം വ്യാപനത്തിലെ തീവ്രതയും വക്തമാണ് . ആദ്യ ഘട്ടത്തിൽ ലണ്ടനിലും ബിർമിൻഹാമിലും ഒക്കെ സജീവമായിരുന്ന നൈറ്റിംഗേൽ ആശുപത്രികൾ ഇത്തവണ വേണ്ട വിധം പ്രവർത്തിക്കാൻ കഴിയാതെ പോയത് ജീവനക്കാരെ ലഭ്യമല്ലാത്തതിനാൽ ആണെന്നും സൂചന ഉണ്ടായിരുന്നു . ആശുപത്രികൾ തന്നെ ജീവനക്കാരുടെ കുറവിൽ വിഷമിക്കുമ്പോൾ എങ്ങനെ താൽക്കാലിക ആശുപത്രിയായി ആളുകളെ വിട്ടു നൽകും എന്നതായിരുന്നു പ്രധാന പ്രശനം .

അവസാന വർഷ മെഡിക്കൽ , നേഴ്സിങ് വിദ്യാർത്ഥികളെയും സൈന്യത്തെയും ഉപയോഗപ്പെടുത്തിയാണ് ഇപ്പോൾ പല ട്രസ്റ്റുകളും ജീവനക്കാരുടെ ക്ഷാമത്തെ പരിഹരിക്കുന്നത് .