കോട്ടയം: കോ്ത്ത് റോഡരികിൽ കുഴഞ്ഞുവീണയാൾ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന്റെ പിൻചക്രത്തിൽ തലയിടിച്ചു മരിച്ചു. നഗരത്തിലെ മാർക്കറ്റിൽ കോഴിച്ചന്തയ്ക്കു സമീപമാണ് ദാരുണമായ അപകടം നടന്നത്. ചന്തക്കടവ് വെട്ടിക്കാട്ടിൽ ടി.എം. ബേബിയുടെ മകൻ വി.ബി. രാജേഷാണ് (37) മരിച്ചത്. തിരക്കുള്ള മാർക്കറ്റിൽ ഇന്നലെ രാവിലെ 8.30 ന് ആളുകൾ നോക്കി നിൽക്കുമ്പോഴാണ് ദാരുണമായ അപകടം.

മരണ ശേഷം നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചു. രാജേഷിനെ രക്ഷിക്കാൻ ശ്രമിച്ച പൊലീസ്, അഗ്‌നിശമന സേനാംഗങ്ങൾ ക്വാറന്റീനിലായി. നഗരത്തിൽ തിരുനക്കര ഭാഗത്തെ തിരക്ക് കുറയ്ക്കുന്നതിന് തിരക്കേറിയ മാർക്കറ്റിനുള്ളിലൂടെയാണ് സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നത്. മാർക്കറ്റിന് സമീപത്താണ് രാജേഷിന്റെ വീട്. രാവിലെ മാർക്കറ്റിൽ എത്തിയ രാജേഷ് കോട്ടയം - പൂവന്തുരുത്ത് റൂട്ടിൽ സർവീസ് നടത്തുന്ന സാൽവിയ ബസിന്റെ പിൻചക്രത്തിലേക്ക് വീഴുകയായിരുന്നുവെന്നു വ്യാപാരികൾ പറഞ്ഞു.

രാജേഷ് ബസിനു സമീപം കുഴഞ്ഞ് വീണപ്പോൾ പിൻചക്രത്തിൽ തലയിടിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇന്ന് പോസ്റ്റ് മോർട്ടം കഴിഞ്ഞാൽ മരണ കാരണം വ്യക്തമാകും. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു. ബസിന്റെ പിൻചക്രം കയറിയാണ് രാജേഷ് മരിച്ചതെന്നായിരുന്നു ആദ്യം എല്ലാവരും കരുതിയത്. എന്നാൽ മൃതദേഹത്തിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ബസിന്റെ ചക്രം കയറിയിറങ്ങതായി കണ്ടിട്ടില്ലെന്നു സബ് ഇൻസ്‌പെക്ടർ ടി. ശ്രീജിത്ത് പറഞ്ഞു.

സംസ്‌കാരം കോവിഡ് മാനദണ്ഡപ്രകാരം ഇന്ന് രണ്ടിന് മുട്ടമ്പലം ശ്മശാനത്തിൽ. അവിവാഹിതനാണ് രാജേഷ്. അമ്മ: എം.കെ. രാധാമണി, സഹോദരങ്ങൾ: വി.ബി. കണ്ണൻ, വി.ബി. മധുകുമാർ.