നാടകീയമായ നടപടികളിലൂടെ ബ്രിട്ടനിലേക്ക് ഫൈസർ വാക്സിൻ പോകുന്നത് തടയുവാനുള്ള പുതിയ നിയമങ്ങളുമായി ബ്രസ്സൽസ് എത്തി. യൂറോപ്യൻ യൂണിയനിൽ വാക്സിൻ ക്ഷാമം രൂക്ഷമായതോടെ അംഗരാജ്യങ്ങളിൽ ഉദ്പാദിപ്പിക്കുന്ന വാക്സിൻ കയറ്റുമതി ചെയ്യുന്നത് തടയുവാനുള്ള അധികാരം അതാത് രാജ്യങ്ങൾക്ക് നൽകുന്ന നിയമം യൂറോപ്യൻ കമ്മീഷൻ കൊണ്ടുവരും എന്ന സൂചനകൾ വരുന്നു. ഇതോടെ ബെൽജിയത്തിൽ ഉദ്പാദിപ്പിക്കുന്ന ഫൈസർ-ബയോൺടെക് വാക്സിൻ ബ്രിട്ടനിൽ എത്തുന്നത് ഇനിയും വൈകുമെന്ന ആശങ്കയുയർന്നിട്ടുണ്ട്. 40 മില്ല്യൺ ഡോസുകളാണ് ബ്രിട്ടൻ ഓർഡർ ചെയ്തിരിക്കുന്നത്.

ഇതിനിടയിൽ, ഉദ്പാദന പ്രക്രിയയിൽ വരുന്ന കാലതാമസം എന്തെന്നറിയുവാൻ ബെൽജിയത്തിലെ സെനെഫെ പട്ടണത്തിലുള്ള അസ്ട്രാസെനെകയുടെൻ ഉദ്പാദനയൂണിറ്റിൽ ബെൽജിയം ആരോഗ്യവകുപ്പ് അധികൃതർ പരിശോധന നടത്തിയതായി സ്ഥിരീകരിച്ചു. കരാറിൽ പറഞ്ഞത്ര അളവ് വാക്സിനുകൾ നൽകാൻ സാധിക്കില്ലെന്ന ആംഗ്ലോ-സ്വീഡിഷ് കമ്പനിയുടെ വെളിപ്പെടുത്തലിന്റെ നിജസ്ഥിതി മനസ്സിലാക്കാനായിരുന്നു ഈ ഇൻസ്പെഷന് യൂറോപ്യൻ കമ്മീഷൻ ഉത്തരവിട്ടത്. ഉദ്പാനത്തിൽ വരുന്ന കാലതാമസം മൂലം, ഓർഡർ ചെയ്തതിന്റെ 60 ശതമാനത്തോളം നൽകാനാകില്ലെന്ന് നേരത്തേ കമ്പനി യൂറോപ്യൻ യൂണിയനെ അറിയിച്ചിരുന്നു.

ഉദ്പാദിപ്പിക്കപ്പെട്ട വാക്സിനുകൾ രഹസ്യമായി ബ്രിട്ടനിലേക്ക് കയറ്റി അയച്ചതായി ബ്രസൽ സംശയിക്കുന്നു. ഇതാണ്, തങ്ങളുടെ അംഗരാജ്യങ്ങളിൽ ഉദ്പാദിപ്പിക്കപ്പെടുന്ന വാക്സിൻ, യൂറോപ്പിൽ വാക്സിന് ക്ഷാമം അനുഭവപ്പെടുമ്പോൾ മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യണമോ എന്ന കാര്യം പുനരാലോചിക്കാൻ യൂറോപ്യൻ യൂണിയനെ പ്രേരിപ്പിച്ചത്. ഇതിനായി രൂപംകൊടുത്ത പുതിയ നിയമമനുസരിച്ച് ഓരോ പ്രാവശ്യവും വാക്സിനുകൾ യൂറോപ്യൻ യൂണിയന് പുറത്തേക്ക് പോകുമ്പോൾ കസ്റ്റംസ് അധികൃതർ അക്കാര്യം കമ്മീഷനെ അറിയിക്കണം. ഇന്ന് ഈ നിയമത്തിന് അന്തിമരൂപം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ചില പ്രത്യേക സാഹചര്യങ്ങളിൽ കയറ്റുമതി പൂർണ്ണമായും നിരോധിക്കുവാനും സാധ്യതയുണ്ടെന്ന് യൂറോപ്യൻ യൂണിയൻ വൃത്തങ്ങൾ പറയുന്നു. എന്നാൽ, വാക്സിൻ നിർമ്മാതാക്കൾ യൂറോപ്യൻ യൂണിയനുമായി ഉണ്ടാക്കിയ കരാർ ലംഘിക്കുന്ന അപൂർവ്വം സന്ദർഭങ്ങളിൽ മാത്രമേ ഇത്തരത്തിലുള്ള നിരോധനം ഉണ്ടാകൂ എന്നും അവർ വ്യക്തമക്കി. എല്ലാം നേരായ രീതിയിൽ പോകുന്ന ഒരു ലോകത്തിൽ വാക്സിനേഷൻ പദ്ധതി സുഗമമായി നടക്കും. നിർഭാഗ്യവശാൽ നമ്മൾ ജീവിക്കുന്നത് അത്തരമൊരു ലോകത്തിലല്ല എന്നും അവർ ഓർമ്മിപ്പിക്കുന്നു.

വാക്സിൻ കയറ്റുമതി നിരോധിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ ഇന്ന് വെളിപ്പെടുത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ അത് നിലവിൽ വരികയും ചെയ്യും. യൂറോപ്പ്യൻ യൂണിയൻ രാഷ്ട്രങ്ങളിൽ വാക്സിൻ ലഭ്യത ഉറപ്പുവരുത്തുവാൻ നിയമപരമായ വഴികൾ തേടുന്നതിനെ യൂറോപ്യൻ കൗൺസിൽ പ്രസിഡണ്ട് ചാൾസ് മൈക്കലും പിന്താങ്ങി. നാല് അംഗരാജ്യങ്ങളുടെ തലവന്മാർക്ക് എഴുതിയ കത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ബെൽജിയത്തിലെ ഉദ്പാദനയൂണിറ്റിൽ ഉണ്ടായ ചില പ്രശ്നങ്ങൾ കാരണം, ഓർഡർ ചെയ്ത അളവിലുള്ള വാക്സിൻ നൽകാൻ കഴിയില്ലെന്ന് അസ്ട്രാസെനെക്ക അറിയിച്ചതിനെ തുടർന്ന് യൂറോപ്യൻ യൂണിയൻ രാഷ്ട്രങ്ങളിലെ വാക്സിൻ പദ്ധതി പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. കടുത്ത ക്ഷാമം മൂലം ഫ്രാൻസിലെ മിക്കയിടങ്ങളിലും വാക്സിന്റെ ആദ്യ ഡോസ് നൽകുവാനുള്ള പദ്ധതി റദ്ദ് ചെയ്യേണ്ടതായി വന്നു. വരുന്ന ഏപ്രിൽ വരെയെങ്കിലും രാജ്യത്ത് വാക്സിൻ ക്ഷാമം അനുഭവപ്പെടുമെന്ന് ജർമ്മൻ ആരോഗ്യവകുപ്പ് മന്ത്രിയും സമ്മതിച്ചു.

സ്പെയിനിലെ മാഡ്രിഡ്, കാന്റാബ്രിയ മേഖലകളിൽ വാക്സിന്റെ ആദ്യ ഡോസ് നൽകുന്നത് തത്ക്കാലം നിർത്തിവച്ചിരിക്കുകയാണ്. മിച്ചം വന്ന ഡോസുകൾ രണ്ടാം ഡോസായി നൽകുകയാണിപ്പോൾ. അതേസമയം, ക്രിസ്ത്മസ്സിനു ശേഷം രോഗവ്യാപന നിരക്കും മരണനിരക്കും കുതിച്ചുയർന്ന പോർച്ചുഗലിൽ, മുൻഗണനാ പട്ടികയിലുള്ളവർക്ക് വാക്സിൻ നൽകി പൂർത്തിയാക്കുവാൻ ഏപ്രിൽ വരെയെങ്കിലും സമയമെടുക്കും എന്നാണ് സൂചന. നേരത്തേ ഉദ്ദേശിച്ചിരുന്നതിലും രണ്ടുമാസത്തോളം കാലതാമസമാണ് ഇക്കാര്യത്തിൽ ഉണ്ടാവുക.

വാക്സിൻ വിവാദത്തിൽ സ്‌കോട്ടലാൻഡ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്റ്റർജൻ യൂറോപ്പ്യൻ യൂണിയന്റെ പക്ഷം പിടിക്കുകയും ബ്രിട്ടനിലേക്ക് വന്ന വാക്സിന്റെ വിശദാംശങ്ങൾ പുറത്താക്കുമെന്ന് പറയുകയും ചെയ്ത പശ്ചാത്തലത്തിലാന് യൂറോപ്യൻ യൂണിയൻ ഇത്തരത്തിലൊരു നീക്കവുമായി വന്നിരിക്കുന്നത്. ബ്രിട്ടനിലേക്കെത്തിയ വാക്സിന്റെ വിശദാംശങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്ന് ബോറിസ് ജോൺസൺ നേരത്തേനിർദ്ദേശിച്ചിരുന്നു. എന്നാൽ, അസാധാരണമായ ഒരു നീക്കത്തിലൂടെ ഈ നിർദ്ദേശത്തെ നിരാകരിക്കുകയായിരുന്നു ഫസ്റ്റ് മിനിസ്റ്റർ.