- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരു മാസം കൂടിയെങ്കിലും നാട്ടിലേക്ക് പോകുന്നത് സ്വപ്നം കാണേണ്ട; അന്താരാഷ്ട്ര വിമാനയാത്ര നിരോധനം ഫെബ്രുവരി 28 വരെ നീട്ടി കേന്ദ്ര സർക്കാർ; വന്ദേഭാരതവും ഇല്ലാതായതോടെ പ്രവാസികൾക്ക് നിരാശ
ഇന്ത്യയിലേക്കുള്ള അന്താരാഷ്ട്ര വിമാനസർവ്വീസുകളുടെ നിരോധനം ഫെബ്രുവരി 28 വരെ നീട്ടി കേന്ദ്രസർക്കാർ ഉത്തരവിറക്കിയതോടെ തത്ക്കാലത്തേക്കെങ്കിലും നാട്ടിലേക്കുള്ള പോക്ക് പ്രവാസികൾക്ക് ഒരു സ്വപ്നം മാത്രമാവുകയാണ്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി ജി സി എ) ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. അതേസമയം ഈ നിയന്ത്രണങ്ങൾ ചരക്ക് വിമാനങ്ങൾക്കും ഡി ജി സി എയുടെ പ്രത്യേക അനുമതിയൂള്ള വിമാനസർവ്വീസുകൾക്കും ബാധകമാവുകയില്ലെന്നും ഉത്തരവിൽ പറയുന്നുണ്ട്.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ ജൂണിലായിരുന്നു അന്താരാഷ്ട്ര വിമാന സർവ്വീസുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. അതിനുശേഷം, അന്ന് ഏർപ്പെടുത്തിയിരുന്ന ലോക്ക്ഡൗണിൽ പല ഘട്ടങ്ങളിലായി ഇളവുകൾ പ്രഖ്യാപിച്ചപ്പോഴും വിദേശ സർവ്വീസുകൾക്കുള്ള നിരോധനം പിൻവലിച്ചിരുന്നില്ല. ആ നിരോധനമാണ് ഇപ്പോൾ ഫെബ്രുവരി 28 വരെ നീട്ടിയിരിക്കുന്നത്. എന്നിരുന്നാലും തിരഞ്ഞെടുക്കപ്പെട്ട ചില റൂട്ടുകളിൽ, വിശദമായ പരിശോധനക്ക് ശേഷം അന്താരാഷ്ട്ര വിമാന സർവ്വീസുകൾക്ക് അനുമതി നൽകാൻ സാധ്യതയുണ്ട്.
എന്നാൽ ഇതിനായി പൊതുവായ മാനദണ്ഡങ്ങൾ ഒന്നുംതന്നെ ഉണ്ടായിരിക്കില്ല. മറിച്ച്, ഓരോ സർവ്വീസുകളും പ്രത്യേകം പ്രത്യേകം പരിഗണിച്ചായിരിക്കും ഇതിനുള്ള അനുമതി നൽകുക. അതേസമയം, ഇന്ത്യയ്ക്കകത്ത് അഭ്യന്തര വിമാനസർവ്വീസുകൾക്കുള്ള അനുമതി കഴിഞ്ഞവർഷം തന്നെ കേന്ദ്ര സർക്കാർ നൽകിയിരുന്നു. 2020 മെയ് 25 നായിരുന്നു അഭ്യന്തര സർവ്വീസുകൾ ആരംഭിച്ചത്. ഇന്നലെ മാത്രം 2,179 അഭ്യന്തര സർവ്വീസുകളിലായി 2 ലക്ഷത്തിലധികം യാത്രക്കാരാണ് യാത്രചെയ്തതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ വർഷം ബ്രിട്ടനിൽ അതിവ്യാപന ശേഷിയുള്ള, ജനിതകമാറ്റം സംഭവിച്ച പുതിയ ഇനം കൊറോണ വൈറസിനെ കണ്ടെത്തിയതോടെ ബ്രിട്ടനിലേക്കും ബ്രിട്ടനിൽ നിന്നും ഉള്ള എല്ലാ വിമാന സർവ്വീസുകളും ഇന്ത്യ നിരോധിച്ചിരുന്നു. പിന്നീട് ഈ നിരോധനം പിൻവലിക്കുകയും ചെയ്തിരുന്നു. അതിനിടയിൽ കോവിഡിനെ നിയന്ത്രണവിധേയമാക്കുന്നതിൽ ഇന്ത്യ ഒരു പരിധിവരെ വിജയിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷ് വർദ്ധൻ പറഞ്ഞു. ഇന്ത്യയിൽ മൊത്തം ജില്ലകളിൽ അഞ്ചിലൊന്നിലും കഴിഞ്ഞ ഒരാഴ്‌ച്ചയായിട്ട് ഒരു പുതിയ കേസുപോലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ ഫെബ്രുവരി 28 വരെ നീട്ടിയ വിദേശ വിമാനസർവ്വീസുകൾക്കുള്ള നിരോധനം അതുകഴിഞ്ഞാലും നീട്ടുമോ എന്നകാര്യത്തിൽ വ്യക്തതയില്ല. നേരത്തേ പ്രവാസികളെ നാട്ടിലെത്തിക്കാൻ പ്രത്യേകം നടപ്പിലാക്കിയ വന്ദേഭാരത് പദ്ധതികൂടി നിർത്തലാക്കിയതോടെ പ്രവാസികൾ നാട്ടിലെത്താൻ ആകാതെ കഷ്ടപ്പെടുകയാണ്. നാട് ഇനിയും കുറേനാളുകൾ കൂടി പ്രവാസികൾക്ക് ഒരു സ്വപ്നം മാത്രമായി തുടരും.