കോഴിക്കോട്ന്മ ശാസ്ത്രീയമായി ജീവനക്കാരെ വിന്യസിക്കാത്തതു മൂലം സർവീസുകൾ മുടങ്ങുന്നതു തടയാൻ കെഎസ്ആർടിസിയിൽ സ്ഥലംമാറ്റത്തിനൊരുങ്ങുന്നു. ഇതിനുള്ള കരടു പട്ടിക പ്രസിദ്ധീകരിച്ചു. പരാതികൾ പരിഗണിച്ച ശേഷം 10ന് അന്തിമ പട്ടിക പുറത്തിറക്കും. ചില യൂണിറ്റുകളിൽ ആവശ്യത്തിനു ജീവനക്കാരില്ലാത്തതും ചിലയിടത്ത് ആവശ്യത്തിലധികം ആളുള്ളതും സർവീസുകളെ ബാധിക്കാൻ തുടങ്ങിയതോടെയാണ് ജീവനക്കാരെ പുനർവിന്യസിക്കാൻ തീരുമാനിച്ചത്. സർവീസുകൾ കാര്യക്ഷമമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കണ്ടക്ടർമാരുടെ സ്ഥലംമാറ്റത്തിനു 310 പേരുടെ പട്ടികയും ഡ്രൈവർമാരുടേതിനു 324 പേരുടെ പട്ടികയുമാണ് തയാറാക്കിയിരിക്കുന്നത്. ജീവനക്കാരുടെ അപേക്ഷ പരിഗണിച്ച് തയാറാക്കിയ പട്ടികയും ക്രമീകരണത്തിന്റെ ഭാഗമായുള്ള പട്ടികയും പരിഗണിച്ച ശേഷമാണ് ഇവ തയാറാക്കിയത്. വനിതാ ജീവനക്കാരെ ഹോം ഡിപ്പോയിൽ നിന്ന് അകലേയ്ക്കു സ്ഥലം മാറ്റില്ലെന്ന് തൊഴിലാളി സംഘടനകൾക്കു മാനേജ്‌മെന്റ് ഉറപ്പുനൽകിയിരുന്നു.