മോസ്‌കോ: തടവിലാക്കപ്പെട്ട റഷ്യയുടെ പ്രതിപക്ഷ നേതാവ് അലക്‌സി നവൽനിയുടെ മോചനത്തിനായി രാജ്യമെങ്ങും പ്രതിഷേധം ശക്തമാകുന്നു. പതിനായിരങ്ങളാണ് നവൽനിയുടെ മോചനം ആവശ്യപ്പെട്ട് പ്രതിഷേധ സമരവുമായി രംഗത്തിറങ്ങിയിരിക്കുന്നത്. പുടിന്റെ അഴിമതി ഭരണത്തെ എതിർത്തും നവൽനിയുടെ മോചനം ആവശ്യപ്പെട്ടും ജനനം തെരുവു കീഴടക്കിയപ്പോൾ ആയിരങ്ങൾ അറസ്റ്റിലായി. പ്രതിഷേധറാലികളിൽ പങ്കെടുത്ത നവൽനിയുടെ ഭാര്യ യുലിയ നവൽനയ ഉൾപ്പെടെ 4,700 പേർ അറസ്റ്റിലായതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കൊടുംതണുപ്പിനെ അവഗണിച്ചും ജനങ്ങൾ കൂട്ടംകൂട്ടമായി തെരുവിലിറങ്ങുകയും പുടിനെതിരെ മുദ്രവാക്യം വിളിക്കുകയും ചെയ്യുന്നു. സമീപകാലത്ത് റഷ്യ സാക്ഷ്യം വഹിച്ച ഏറ്റവും വലിയ പ്രക്ഷോഭങ്ങളിൽ ഒന്നായി മാറുകയാണ് നവൽനിക്കു വേണ്ടി രൂപം കൊണ്ട പ്രതിഷേധ പ്രകടനങ്ങൾ. സൈബീരിയ ഉൾപ്പെടെയുള്ള റഷ്യയുടെ ചില ഭാഗങ്ങളിൽ അതികഠിനമായ തണുപ്പാണെങ്കിൽ പോലും ജനം വീടുവിട്ട് തെരുവു കീഴടക്കുന്ന കാഴ്ചയാണ് ദൃശ്യമാകുന്നത്.

അതേസയമം പുടിന്റെ അഴിമതി ഭരണം അവസാനിപ്പിക്കാൻ അമേരിക്ക ഇടപെടണണമെന്നും ആവശ്യവും റഷ്യക്കാർ ശക്തമാക്കിയിരിക്കുകയാണ്. റഷ്യക്കെതിരായ യുഎസ് വിദേശനയം കടുപ്പിക്കണമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് ആവശ്യപ്പെട്ട് അലക്‌സി നവൽനി നേതൃത്വം നൽകുന്ന അഴിമതി വിരുദ്ധ ഫൗണ്ടേഷൻ രംഗത്തെത്തി. പ്രതിപക്ഷ നേതാക്കളെ കൊന്നൊടുക്കി അഴിമതി മൂടി വയ്ക്കാമെന്നത് വ്യാമോഹം മാത്രമാണെന്നും റഷ്യയുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യാന്തര വിലക്കുകൾ എർപ്പെടുത്തണമെന്നു യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് നവൽനി ആവശ്യപ്പെട്ടിരുന്നു.

പുടിന്റെ സന്തത സഹചാരികളും അഴിമതിക്കാരുമായ 8 ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് നവൽനിയുടെ നേതൃത്വത്തിലുള്ള അഴിമതി വിരുദ്ധ ഫൗണ്ടേഷൻ രംഗത്തെത്തി. അഴിമതിക്കാരായ 35 റഷ്യൻ ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഫൗണ്ടേഷൻ യുഎസിനു കൈമാറിയതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാസവിഷം ഉപയോഗിച്ചുള്ള വധശ്രമത്തിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ട അലക്‌സി നവൽനി ജർമനിയിൽ ചികിത്സയ്ക്കു ശേഷം കഴിഞ്ഞ 17നു റഷ്യയിൽ മടങ്ങിയെത്തിയെങ്കിലും വിമാനത്താവളത്തിൽവച്ചുതന്നെ പൊലീസ് അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചു. മുൻ ജയിൽവാസകാലത്തു പരോൾ ചട്ടലംഘനം നടത്തിയെന്നാരോപിച്ചാണ് അറസ്റ്റ്.

നവൽനിയെയും അറസ്റ്റിലായ മറ്റെല്ലാവരെയും നിരുപാധികം വിട്ടയക്കണമെന്നും ജനാധപത്യരീതിയിൽ പ്രതിഷേധിക്കാൻ ജനങ്ങളെ അനുവദിക്കണമെന്നും അമേരിക്കയും ബ്രിട്ടനും ഫ്രാൻസും ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ റഷ്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പുടിൻ ഭരണകൂടം ഇതു പുഛിച്ചുതള്ളി. നവൽനിയും അനുയായികളും പാശ്ചാത്യശക്തികളുടെ താളത്തിനൊന്നു തുള്ളുകയാണെന്നും ഈ പ്രകടനങ്ങൾ അവർ തമ്മിലുള്ള ഗൂഢാലോചനയുടെ ഫലമാണെന്നുമായിരുന്നു റഷ്യയുടെ പ്രതികരണം.