ന്യൂഡൽഹി: മ്യാന്മാറിലെ സ്ഥിതി വിശദമായി നിരീക്ഷിച്ച് ഇന്ത്യ. മ്യാന്മറിലെ പട്ടാള അട്ടിമറി നീക്കം സംബന്ധിച്ച് ഒരാഴ്ച മുൻപേ സൂചനകൾ ലഭിച്ചിരുന്നു. ഒരാഴ്ച മുൻപു വാർത്താസമ്മേളനത്തിൽ, സൈന്യം അധികാരം പിടിച്ചെടുക്കുമോ എന്ന ചോദ്യത്തിന് ഒന്നും പറയാനാകില്ലെന്നു സൈനിക വക്താവ് പ്രതികരിക്കുകയും ചെയ്തിരുന്നു. അന്നു മുതൽ ഡൽഹിയിലെ മ്യാന്മർ നിരീക്ഷകർ ഈ നീക്കം ഏറെക്കുറെ പ്രതീക്ഷിച്ചിരുന്നതുമാണ്.

ഐക്യരാഷ്ട്ര സംഘടനയും മുന്നറിയിപ്പു നൽകിയിരുന്നതാണ്. അടിയന്തര സന്ദർഭങ്ങളിൽ പ്രസിഡന്റിന്റെ അനുമതിയോടെ അധികാരം ഏറ്റെടുക്കാൻ സൈന്യത്തിനു ഭരണഘടന അനുമതി നൽകുന്നുണ്ട്. എന്നാൽ ഇപ്പോൾ പ്രസിഡന്റിനെ തടവിലാക്കിയാണു സൈന്യം അധികാരം ഏറ്റെടുത്തിരിക്കുന്നതാണഅ ലോകം ഉറ്റു നോക്കുന്നത്.

ജനാധിപത്യ ഭരണകൂടവുമായും പട്ടാളവുമായും നല്ല ബന്ധം നിലനിർത്താനാണ് ഇന്ത്യ ശ്രമിച്ചുപോന്നത്. ജനാധിപത്യമുന്നേറ്റങ്ങൾക്കു ധാർമിക പിന്തുണ നൽകിയിരുന്നപ്പോഴും ഇതായിരുന്നു ഇന്ത്യയുടെ നയം. അതിന്റെ ഫലമായി ഇന്ത്യയുടെ വടക്കുകിഴക്കൻ അതിർത്തിയിലെ വിഘടനവാദികളെയും നുഴഞ്ഞുകയറ്റക്കാരെയും നേരിടുന്നതിൽ സൈന്യം ഇന്ത്യയുമായി സഹകരിച്ചിരുന്നു. മാത്രമല്ല, മ്യാന്മറിൽ വർധിക്കുന്ന ചൈനയുടെ സ്വാധീനത്തെ ചെറുക്കാൻ ഈ നയം സഹായിച്ചിട്ടുണ്ടെന്നുമാണ് ഇന്ത്യയിലെ വിലയിരുത്തൽ.

അഞ്ച് പതിറ്റാണ്ടോളം പട്ടാളഭരണത്തിലായിരുന്ന മ്യാന്മറിൽ 2011ൽ ആണു ജനാധിപത്യ പ്രക്രിയകൾ ആരംഭിച്ചത്. മുൻ ഭരണാധികാരി ജനറൽ ഓങ് സാനിന്റെ മകൾ ഓങ് സാൻ സൂ ചി നയിച്ച ജനമുന്നേറ്റത്തിന്റെ ഫലമായാണു ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടത്. എങ്കിലും ഭരണകാര്യങ്ങളിൽ സൈന്യത്തിനുള്ള കാര്യമായ പങ്ക് തുടർന്നുപോന്നു.