- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യയുടെ മധുരവിപ്ലവം വിജയത്തിലേക്ക്; തേൻ ഉത്പാദനം ഒരു ലക്ഷം ടൺ ആയി ഉയർന്നു
കോട്ടയം: മൂന്നുവർഷം മുൻപ് തുടക്കമിട്ട മധുരവിപ്ലവവത്തിന് പിന്നാലെ ഇന്ത്യയുടെ തേൻ ഉത്പാദനം വിജയത്തിലേക്ക്. പ്രതിവർഷം ഒരുലക്ഷം ടൺ തേൻ എന്ന നിലയിൽ ഉത്പാദനം ഉയർന്നു. കയറ്റുമതിയിൽ ഇന്ത്യ എട്ടാംസ്ഥാനത്തെത്തി. പ്രതിവർഷം 35,000 ടൺ എന്ന നിലയിൽ നിന്നാണ് 2020-ൽ ഒരുലക്ഷം ടൺ തേനെന്ന നിലയിലെത്തിയത്. പത്തുവർഷത്തിനിടെ 200 ശതമാനം വളർച്ചയുണ്ടായി.
ജർമനി, യു.എസ്.എ., യു.കെ., ജപ്പാൻ, ഫ്രാൻസ്, ഇറ്റലി, സ്പെയിൻ എന്നീ രാജ്യങ്ങളിലാണ് ഇന്ത്യൻ തേനിന് പ്രിയമേറിയത്. ചൈനയാണ് തേൻകയറ്റുമതിയിൽ ഇപ്പോൾ മുൻനിരയിൽ. എന്നാൽ, ഗുണനിലവാരത്തിൽ മുന്നിലുള്ള ഇന്ത്യൻ തേനിന് ആഗോളവിപണിയിൽ പ്രിയമേറുന്നുണ്ട്. പുതുതായി 1.35 ലക്ഷം തേൻപെട്ടികൾ കർഷകർക്ക് വിതരണം ചെയ്യാനായത് ഉത്പാദനവർധനയ്ക്ക് കാരണമായി. 16,000 പുതിയ കർഷകർ ഈ രംഗത്തേക്കുവന്നു. തേനീച്ചകൾമൂലം പരാഗണം കൂടുതൽ നടന്നതിനാൽ വിളവും കൂടി.
തേനീച്ചക്കർഷകരുടെ ക്ലസ്റ്റർ രൂപവത്കരിച്ച് ആനുകൂല്യങ്ങൾ നൽകിയതോടെയാണ് കൃഷിയിൽ താത്പര്യമേറിയത്. 500 കർഷകരുള്ള ക്ലസ്റ്ററിന് അഞ്ചുകോടി രൂപവരെ വിനിയോഗിച്ചിട്ടുണ്ട്. തേനീച്ചക്കൃഷി പ്രോത്സാഹിപ്പിക്കാൻ 2020-21 വർഷത്തേക്ക് 63 കോടി രൂപ നീക്കിവെച്ചു.
മറ്റ് സംരംഭങ്ങൾ നടത്തുന്നവർ, മറ്റ് കൃഷിക്കാർ, തൊഴിലില്ലാത്ത യുവജനങ്ങൾ, വീട്ടമ്മമാർ, കുടിയേറ്റ തൊഴിലാളികൾ എന്നിവരെ തേനീച്ചക്കൃഷിയിലേക്ക് എത്തിക്കാനും ശ്രമം തുടങ്ങി. നബാർഡ്, നെഹൃയുവകേന്ദ്ര, എസ്.സി., എസ്.ടി.വകുപ്പുകൾ, തദ്ദേശസ്ഥാപനങ്ങൾ, സംസ്ഥാനങ്ങളിലെ കൃഷി, ഹോർട്ടികൾച്ചർ വകുപ്പുകൾ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി.