- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാക്സിനേഷനുമായി ബന്ധമില്ലെങ്കിലും കൊറോണ തലയും കുത്തി വീണിരിക്കുന്നു; ലോകം എമ്പാടും രോഗികളുടെ എണ്ണത്തിൽ 30 ശതമാനം ഇടിവ്; കോവിഡ് എപിസെന്ററായിരുന്ന അമേരിക്കയിൽ പാതിയോളമായി കുറഞ്ഞു; വാക്സിന്റെ മാനം രക്ഷിക്കാൻ ദൈവം കോവിഡിനെ വീഴ്ത്തിയ കഥ
ദൈവത്തിന്റെ വികൃതികളിൽ മറ്റൊന്നു മാത്രമായിരുന്നോ കൊറോണ വൈറസ് ? കാലം പറയുന്നത് അതായിരുന്നു എന്നാണ്. ഭൂമിയുടെ അവകാശികളായി സ്വയം അവരോധിക്കപ്പെട്ട മനുഷ്യരെ കൂട്ടിലടച്ച് ശിക്ഷിക്കാൻ നിയതി തീർത്ത ഒരു ഉപാധിയായിരുന്നു കോവിഡ്. തന്റെ കർമ്മം പൂർത്തിയാക്കിയതോടെ കൊറോണ പിന്മാറാൻ തുടങ്ങുകയാണ്. വാക്സിനേഷനും ലോക്ക്ഡൗണുമൊക്കെ അതിന്റെ വഴിയേനീങ്ങുമ്പോഴും, ഇതിനൊക്കെ അപ്പുറമായി കൊറോണ സ്വയം പിൻവാങ്ങുന്നു എന്നതിന്റെ സൂചനകൾ ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നായി ലഭിച്ചുകൊണ്ടിരിക്കുന്നു.
ലോകത്തിലെ തന്നെ, കോവിഡിന്റെ എപിസെന്ററായി മാറിയ അമേരിക്കയിൽ, ഇനിയും വലിയൊരു വിഭാഗം ജനങ്ങളിലേക്ക് വാക്സിൻ എത്തിച്ചേർന്നിട്ടില്ലെങ്കിൽ പോലും രോഗവ്യാപനനിരക്കിൽ കനത്ത ഇടിവുണ്ടാകുന്നതായി കണക്കുകൾ പറയുന്നു. ഇന്നലെ അമേരിക്കയിൽ 1,10,679 പേർക്കാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. മൂന്നാഴ്‌ച്ച മുൻപത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ 44 ശതമാനമാണ് രോഗവ്യാപനനിരക്കിൽ വന്നിരിക്കുന്ന ഇടിവ്. മാത്രമല്ല, ഏകദേശം 44സംസ്ഥാനങ്ങളിൽ രോഗവ്യാപന നിരക്കിൽ കാര്യമായ കുറവ് രേഖപ്പെടുത്തിയിരിക്കുന്നു.
അതുപോലെ ചികിത്സതേടി ആശുപത്രിയിലെത്തുന്നവരുടെ കാര്യത്തിലുംകാര്യമായ കുറവ് അനുഭവപ്പെടുന്നുണ്ട്. ഫെബ്രുവരി ആരംഭിച്ചതോടെ ആശുപത്രിയിലുള്ള രോഗികളുടെ എണ്ണം 1 ലക്ഷത്തിൽ താഴെയായി. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ ഇതാദ്യമായാണ് 1 ലക്ഷത്തിൽ താഴെ പോകുന്നത്. നിലവിൽ 92,880 പേരാണ് കോവിഡിനുള്ള ചികിത്സതേടി വിവിധ ആശുപത്രികളീലുള്ളത്. നവംബർ 29 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ എണ്ണമാണിത്.
വിവിധ കണക്കുകൾ സസൂക്ഷം വിശകലനം ചെയ്ത വിദഗ്ദർ പറയുന്നത് അമേരിക്കൻ ജനസംഖ്യയിലെ ഏകദേശം എട്ട് ശതമാനം പേർക്ക് മാത്രമാണ് ഇതുവരെ വാക്സിൻ നൽകിയിട്ടുള്ളത്. അതുകൊണ്ടുതന്നെ രോഗവ്യാപനത്തിൽ ഇപ്പോഴുണ്ടാകുന്ന ഈ ഇടിവ് വാക്സിനേഷൻ കാരണമാണെന്ന് പറയാൻ ആവില്ലെന്നാണ്. ഇത് അമേരിക്കയിലെ കാര്യം മാത്രമല്ല, ലോകത്താകമാനം കഴിഞ്ഞ മൂന്നാഴ്‌ച്ചയായി രോഗവ്യാപന നിരക്കിൽ 30ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ആഗോളതലത്തിലെ കണക്കുകൾ പരിശോധിച്ചാൽ ഇതുവരെ 13 ശതമാനം ആളുകൾക്ക് മാത്രമാണ് വാക്സിന്റെ ആദ്യ ഡോസ് ലഭിച്ചിട്ടുള്ളത്.
ഇവിടെയാണ് സുപ്രധാനമായ ചോദ്യമുയരുന്നത്, എങ്ങനെയാണ് കോവിഡ് വ്യാപനം കുറയുന്നത്. പൊതു ആരോഗ്യരംഗത്തെ വിദഗ്ദർ പറയുന്നത് ഒരുപക്ഷെ, ഔദ്യോഗിക കണക്കുകൾ പറയുന്നതിലും അധികം പേരെ കൊറോണ ബാധിച്ചിരിക്കാം എന്നാണ്. അതിന്റെ ഫലമായി അവരുടെ ശരീരത്തിന് ആർജ്ജിക്കാൻ കഴിഞ്ഞ സ്വയം പ്രതിരോധ ശക്തിയാകാം ഇപ്പോൾ ഈ കുഞ്ഞൻ വൈറസിനെ വ്യാപനത്തിൽ നിന്നുംതടയുന്നത് എന്നാണ്. മാത്രമല്ല, യാത്രകൾ കുറഞ്ഞതും ആളുകൾ കൂട്ടംകൂടുന്നത് കുറഞ്ഞതുമൊക്കെ ഇതിനു കാരണമായിട്ടുണ്ട് എന്നും അവർ പറയുന്നു.
അതേസമയം, ഇതൊരു നല്ല ശകുനമായി കണ്ട് നിയന്ത്രണങ്ങൾ പിൻവലിക്കുന്നതും കരുതലിൽ വീഴ്‌ച്ചവരുത്തുന്നതും ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിച്ചേക്കാം എന്ന് ലോകാരോഗ്യ സംഘടനയുടെ തലവൻ ടെഡ്രോസ് അഡാനോം മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. കഴിഞ്ഞ വർഷവും ലോകത്തിലെ പല രാജ്യങ്ങളിലും രോഗവ്യാപനം കുറഞ്ഞുവന്നിരുന്നു. ഇതേതുടർന്ന് നിലവിലുണ്ടായിരുന്ന പല നിയന്ത്രണങ്ങളും സാവധാനം എടുത്തുകളഞ്ഞു. തത്ഫലമായി സംഭവിച്ചതുകൊറോണ വർദ്ധിച്ച ശക്തിയോടെ തിരിച്ചടിക്കുക എന്നതായിരുന്നു എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
അതേസമയം, യൂണിവേഴ്സിറ്റി ഓഫ് വാഷിങ്ടണിലെ ഡോ. അലി മൊക്ദാദ് പറയുന്നത് രോഗവ്യാപനം കുറയുന്നതിൽ പ്രധാന കാരണമല്ലെങ്കിൽ കൂടി ഒരു കാരണം വാക്സിൻ ആണെന്നാണ്. ആരംഭത്തിൽ ചില തടസ്സങ്ങളും പ്രായോഗിക വിഷമങ്ങളും നേരിട്ടിരുന്നു എങ്കിലും പൊതുവേ ലോകത്താകമാനം വാക്സിനേഷൻ പദ്ധതി വേഗതയിലായിട്ടുണ്ട്. എന്നിരുന്നാൽ പോലും, ലോക ജനതയുടെ 13 ശതമാനത്തോളം പേർക്ക് മാത്രമാണ് ഇതുവരെ വാക്സിന്റെ ആദ്യ ഡോസ് ലഭിച്ചിട്ടുള്ളത്. രോഗത്തെ പ്രതിരോധിക്കുന്നതിനുള്ള ഹേർഡ് ഇമ്മ്യുണിറ്റി ലഭിക്കുന്നതിന് ചുരുങ്ങിയത് 65 ശതമാനം ആളുകളിലെങ്കിലും പ്രതിരോധ ശേഷി രൂപപ്പെടണം.
അതുകൊണ്ടുതന്നെ രോഗവ്യാപനം കുറഞ്ഞു വരുന്നതിൽ ഇന്നത്തെ സാഹചര്യത്തിൽ വാക്സിൻ' കാര്യമായ പങ്കില്ലെന്നാണ് മറ്റുചില വിദഗ്ദരുടെ മതം. അവർ രണ്ട് കാര്യങ്ങളാണ് ഇപ്പോൾ രോഗവ്യാപനത്തിലുണ്ടാകുന്ന കുറവിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ചിലരിൽ, സ്വാഭാവികമായി തന്നെ ഈ വൈറസിനെ ചെറുക്കാനുള്ള പ്രതിരോധ ശേഷി ഉണ്ടായിരിക്കാം. അത് ഇല്ലാത്തവരെയാണ് വൈറസ് ആക്രമിച്ചത്. ഇപ്പോൾ അവരുടെ എണ്ണം കുറഞ്ഞു, സ്വാഭാവിക പ്രതിരോധ ശേഷിയുള്ളവരുടെ എണ്ണം കൂടുകയും ചെയ്തു. അതുപോലെ, ഔദ്യോഗിക കണക്കിലും അധികം പേർക്ക് കോവിഡ് നേരിയ തോതിലെങ്കിലും ബാധിച്ചിട്ടുണ്ടാകാം. ഇതിന്റെ ഫലമായി രൂപപ്പെട്ട ആന്റിബോഡികൾ അവരുടെ ശരീരത്തിൽ പ്രതിരോധ ശേഷി രൂപപ്പെടുത്തിയിരിക്കാം.
ഇനിയൊരു കാര്യം, ലോകത്തിന്റെ മിക്കയിടങ്ങളിലും ഒഴിവുകാലം അവസാനിച്ചു എന്നതാണ്. ഇത് ജനങ്ങളുടെ യാത്രകളും ഒത്തുചേരലുകളുമെല്ലാം കുറച്ചു. നിരത്തുകളീലും ഷോപ്പിങ് സെന്ററുകളിലുമൊക്കെ തിരക്കും ഇല്ലാതെയായി. ഇതും വൈറസിന്റെ വ്യാപനം കുറയുവാൻ ഇടയാക്കിയിട്ടുണ്ട്. യാത്രകൾ കുറയ്ക്കുന്നതിനൊപ്പം തന്നെ മാസ്‌ക് ധരിക്കുക എന്നത് ഇപ്പോൾ ധാരാളം പേരുടെ സ്വഭാവമായി മാറിയിട്ടുണ്ട്. ഇതും രോഗവ്യാപനം തടയുവാൻ ഒരു കാരണമായിട്ടുണ്ട്.
കോവിഡ് രോഗികളുടെ കാര്യത്തിൽ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിലും കഴിഞ്ഞ മൂന്നാഴ്‌ച്ചകളിൽ രോഗവ്യാപനത്തിൽ വലിയ കുറവ് ദൃശ്യമായിട്ടുണ്ട്. മൂന്നാഴ്‌ച്ചകൊണ്ട് 25 ശതമാനത്തിന്റെ കുറവാണ് ഇന്ത്യയിൽ കോവിഡ് വ്യാപനത്തിന്റെ കാര്യത്തിൽ രേഖപ്പെടുത്തിയത്. ഇന്ത്യൻ ജനസംഖ്യയിൽ ഏകദേശം 40 ശതമാനം പേർക്ക് വരെ കോവിഡ് ബാധിച്ചിട്ടുണ്ടാകാം എന്നാണ് ഡോ. മൊക്ദാദ് പറഞ്ഞത്. ഇത് ഇന്ത്യയ്ക്ക് ഹേർഡ് ഇമ്മ്യുണിറ്റി നേടിക്കൊടുത്തു. അതാണ് ഇന്ത്യയിൽ ഇപ്പോൾ രോഗവ്യാപനം കുറയുവാൻ ഇടയായത് എന്നും അദ്ദേഹം പറയുന്നു.
അതേസമയം, പല പാശ്ചാത്യ രാജ്യങ്ങളിലും രോഗവ്യാപനത്തിൽ കുറവ് ദൃശ്യമാകുന്നതിനു മുൻപ് തന്നെ അത് ഇന്ത്യയിൽ ദൃശ്യമായി എന്നാണ് മൊക്ദാദ് പറയുന്നത്. അതിന് തികച്ചും വ്യത്യസ്തമായ കാരണങ്ങൾ ഉണ്ടാകാം. കാലാവസ്ഥയും അതിൽ ഒരു പ്രധാന ഘടകമാണ്. അതേസമയം, കൊറോണയ്ക്ക് തുടർച്ചയായി സംഭവിച്ചുകൊണ്ടിരിക്കുന്ന മ്യുട്ടേഷൻ ഈ കുഞ്ഞൻ വൈറസിനെ കുറിച്ചുള്ള ആശങ്ക ഇപ്പോഴും നിലനിർത്തുന്നുണ്ട്. ജനിതക ഘടനയിലെ മാറ്റങ്ങൾ, നിലവിൽ മനുഷ്യർ നേടിയ പ്രതിരോധശേഷിയെ മറികടക്കാൻ ആയാൽ, ലോകം അഭിമുഖീകരിക്കുക മറ്റൊരു വൻദുരന്തമായിരിക്കും എന്നാണ് വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നത്.
മറുനാടന് മലയാളി ബ്യൂറോ