കൊച്ചി: മയക്കുമരുന്ന് കേസിൽ മൂന്നു വർഷത്തിലേറെയായി കുവൈത്തിൽ ജയിലിൽ കഴിയുന്ന മകനെ ചിലർ ചതിക്കുകയായിരുന്നുവെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. യുവാക്കളെ ജോലി വാഗ്ദാനം ചെയ്ത് ഗൾഫിലേക്ക് അയച്ച് നടത്തുന്നത് വൻ തട്ടിപ്പെന്ന് തിരിച്ചറിഞ്ഞആണ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടത്. മകന്റെ നിരപരാധിത്വം ബോധിപ്പിക്കാനായാൽ ജയിൽ മോചിതനാകുമെന്നു കാട്ടി എറണാകുളം നായരമ്പലം സ്രാമ്പിക്കൽ ക്ലീറ്റസ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ഉത്തരവ്. കേന്ദ്ര ഏജൻസികളുമായി സഹകരിച്ച് അന്വേഷണം നടത്താനാണ് ക്രൈംബ്രാഞ്ചിനോട് നിർദേശിച്ചിരിക്കുന്നത്.

സത്യം കണ്ടെത്താൻ പരാജയപ്പെട്ടാൽ കൂടുതൽ ചെറുപ്പക്കാർ ഇത്തരം ചതിയിൽപ്പെടുമെന്നും കോടതി പറഞ്ഞു. കേസിൽ അറസ്റ്റിലായ ആളുടെ നിരപരാധിത്വം കുവൈത്ത് അധികൃതരെ ബോധിപ്പിക്കുന്നതിനായാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന കാര്യം വാസ്തവമാണെന്ന് കോടതി വിലയിരുത്തി. ഹർജിക്കാരന്റെ മകൻ ചതിക്കപ്പെടുകയായിരുന്നുവോ എന്നത് അന്വേഷിക്കേണ്ടതാണ്. ഇത്തരം കുറ്റകൃത്യങ്ങൾ രാജ്യ താത്പര്യങ്ങൾക്ക് എതിരായുള്ളതാണ്. അതിനാൽ തന്നെ ഗൗരവത്തോടെ കാണണമെന്നും കോടതി അഭിപ്രായപ്പെട്ടു.

2018 ജനുവരി ആറിനാണ് ജോമോൻ ചതിക്കപ്പെട്ട് കുവൈത്തിൽ അറസ്റ്റിലാകുന്നത്. ജോലി തേടി പോയ ജോമോനെ സ്‌പോൺസറായ ആന്റണിയാണ് ചതിയിൽപ്പെടുത്തിയതെന്നാണ് സൂചന. വലിയ പരിചയം ഇഉല്ലാത്ത ആന്റണി എന്ന പേരുള്ള ഒരാൾ ആണ് കുവൈറ്റിൽ ജോലി വാഗ്ദാനം ചെയ്ത് ജോമോന് ടിക്കറ്റും വിസയും നൽകിയത്. അതും തികച്ചും സസൗജന്യമായി. കുവൈത്തിൽ സൂപ്പർമാർക്കറ്റിൽ ജോലി കിട്ടുമെന്നുമായിരുന്നു പറഞ്ഞിരുന്നത്. കുവൈറ്റിലേക്കുള്ള യാത്രയിൽ ആന്റണിയും ഒപ്പമണ്ടാകുമെന്നായിരുന്നു പറഞ്ഞത്. എന്നാൽ ഇയാൾ അവസാന നിമിഷം ഒഴിഞ്ഞു മാരി.

ജനുവരി അഞ്ചിനാണ് ജോമോൻ കൊച്ചി വിമാനത്താവളത്തിൽനിന്ന് കുവൈത്തിലേക്ക് പുറപ്പെട്ടത്. ആന്റണിയും ഒപ്പമുണ്ടാകുമെന്ന് പറഞ്ഞെങ്കിലും വിമാനത്താവളത്തിലെത്തിയ ആന്റണി തനിക്കൊപ്പം വരാൻ അസൗകര്യം ഉണ്ടെന്നു പറഞ്ഞ് സീൽ ചെയ്ത ഒരു ബാഗും മൊബൈൽ ഫോണും സിം കാർഡും കൈമാറി. കുവൈത്തിൽ എത്തിയ ശേഷം ഈ മൊബൈലിൽനിന്ന് വിളിക്കാനായി ഒരു നമ്പറും നൽകി. കുവൈത്തിൽ വിമാനമിറങ്ങിയ ജോമോന് വിമാനത്താവള അധികൃതർ ലഗേജ് വിട്ടുനൽകിയില്ല. ലഗേജിനായി പിറ്റേ ദിവസം വരാൻ നിർദേശിച്ചു.

ജോമോൻ ആന്റണി നൽകിയ നമ്പരിൽ ബന്ധപ്പെട്ടു. മലയാളിയായ ഒരാളെത്തി ജോമോനെ ഒരു ഹോട്ടലിൽ ആക്കി. പിറ്റേ ദിവസം ലഗേജ് വാങ്ങാനായി വിമാനത്താവളത്തിലെത്തിയ ജോമോനെ കുവൈത്ത് പൊലീസ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചതിന് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതി ജീവപര്യന്തം ശിക്ഷിച്ചതിനെ തുടർന്ന് അന്നു മുതൽ ജോമോൻ കുവൈത്തിലെ ജയിലിലാണ്.

ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ മയക്കുമരുന്ന് കടത്തുന്നതിനായി ഉപയോഗിക്കുകയാണെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. സംഭവത്തെക്കുറിച്ച് എക്‌സൈസ് വിഭാഗത്തെ ക്ലീറ്റസ് അറിയിച്ചു. ഇന്ത്യൻ എംബസിയുമായി ബന്ധപ്പെട്ടപ്പോൾ തെറ്റുകാരനല്ലെന്ന റിപ്പോർട്ട് അന്വേഷണ ഏജൻസി നൽകിയാൽ ജോമോനെ ജയിൽ മോചിതനാക്കാനാകുമെന്ന് അറിയിച്ചു. തുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഞാറയ്ക്കൽ പൊലീസിൽ പരാതി നൽകി. എന്നാൽ പൊലീസ് ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചില്ല.

യുവാക്കളെ ഉപയോഗിച്ച് മയക്കുമരുന്നു കടത്തുന്നതായി എക്‌സൈസ് കണ്ടെത്തിയെങ്കിലും ഇക്കാര്യത്തിൽ വിശദമായ അന്വേഷണം എക്‌സൈസ് നടത്തിയിട്ടില്ലെന്നായിരുന്നു പൊലീസ് കോടതിയിൽ നൽകിയ വിശദീകരണം.