ന്യൂഡൽഹി: കേരളത്തിലെ കോവിഡ് വ്യാപനം ആശങ്കാ ജനകമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കേരളത്തിലെ കോവിഡ് നിരക്ക് ദേശിയ ശരാശരിയുടെ ആറിരട്ടിയായി ഉയർന്നിട്ടുണ്ട്. ഈ ആഴ്ചയിലെ താരതമ്യത്തിലാണ്, കേരളത്തിലെ കോവിഡ് സ്ഥിരീകരണ നിരക്ക് ദേശീയ നിരക്കിന്റെ ആറിരട്ടിയായി ഉയർന്നത്. ഇന്ത്യയിൽ 1.82 ശതമാനവും കേരളത്തിൽ 11.2 ശതമാനവും. കേരളം ഉൾപ്പെടെ എട്ട് സംസ്ഥാനങ്ങളിൽ കോവിഡ് സ്ഥിരീകരണ നിരക്ക് ദേശീയ ശരാശരിയെക്കാൾ കൂടുതലാണ്.

ചണ്ഡിഗഡ്, പുതുച്ചേരി, ലഡാക്ക്, നാഗാലാൻഡ്, ഗോവ, മഹാരാഷ്ട്ര, ഛത്തീസ്‌ഗഡ് എന്നിവിടങ്ങളിലും സ്ഥിതി രൂക്ഷമാണ്. ഇതിൽ, കേരളവും മഹാരാഷ്ട്രയും ഒഴികെ മറ്റു സംസ്ഥാനങ്ങളിൽ നേരത്തെ സ്ഥിതി രൂക്ഷമായിരുന്നില്ല. ഈ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരുകളുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും പിന്തുണയ്ക്ക് കേന്ദ്ര സംഘങ്ങളെ അയച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തു ചികിത്സയിൽ തുടരുന്നതിൽ 44.8% പേരും കേരളത്തിലാണ്.

അതേസമയം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേരിൽ കോവിഡ് പരിശോധന നടത്തിയ ഇന്നലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കു 10ൽ താഴെയായി. വൈറസ് സ്ഥിരീകരിച്ചത് 6102 പേരിൽ. ഇന്നലെ 84,007 സാംപിളുകൾ പരിശോധിച്ചപ്പോൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.26%.