- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 30 കോടിയുടെ ഭാഗ്യം ലഭിച്ചത് തമിഴ് സിനിമാതാരം ആര്യയുടെ സഹോദരിക്ക്; ആദ്യ പരീക്ഷണത്തിൽ ഭാഗ്യം തേടിയെത്തിയപ്പോൾ വിശ്വസിക്കാനാവാതെ തസ് ലീനയും കുടുംബവും: ദോഹയിൽ സ്ഥിരതാമസമാക്കിയ തസ്ലീനയ്ക്ക് ഇത് സന്തോഷ നിമിഷം
അബുദാബി: അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 30 കോടിയുടെ ഭാഗ്യം ലഭിച്ചത് തമിഴ് സിനിമാതാരം ആര്യയുടെ സഹോദരിക്ക്. 30 കോടി രൂപ (15 ദശലക്ഷം ദിർഹം) യാണ് ഖത്തറിൽ സ്ഥിരതാമസക്കാരിയായ തൃക്കരിപ്പൂർ വടക്കേ കൊവ്വൽ സ്വദേശി തസ്ലീന പുതിയപുരയിലിനും കുടുംബത്തിനും ലഭിച്ചത്. കഴിഞ്ഞ ദിവസം നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ നറുക്കെടുപ്പിൽ എറണാകുളം മുളന്തുരുത്തി സ്വദേശി സൂരജ് അനീദ് ഏഴു കോടിയിലേറെ രൂപ സമ്മാനം നേടിയതിന് പിന്നാലെയാണ് മറ്റൊരു മലയാളി കുടുംബത്തെ തേടിയും കോടികളുടെ ഭാഗ്യം എത്തിയത്.
ഭർത്താവിനും മൂന്ന് മക്കൾക്കുമൊപ്പം ഖത്തറിലെ ദോഹയിൽ താമസിക്കുന്ന തസ് ലിന ജനുവരി 26-ന് ഓൺലൈനായെടുത്ത 291310 നമ്പർ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. തസ് ലിന ആദ്യമായി എടുത്ത ടിക്കറ്റിൽ തന്നെ ഭാഗ്യം തേടി എത്തിയപ്പോൾ അവിശ്വസനീയമാണിതെന്നാണ് ബിഗ് ടിക്കറ്റ് പ്രതിനിധികളുടെ ആദ്യ ഫോൺകോളിന് തസ്ലീന നൽകിയ മറുപടി. തമിഴ് സിനിമാതാരം ആര്യയുടെ (ജംഷി) സഹോദരി കൂടിയാണ് തൃക്കരിപ്പൂർ വടക്കേ കൊവ്വൽ സ്വദേശിനിയായ തസ്ലീന.
പ്രമുഖ ഹോട്ടൽ ശൃംഖലയായ എം.ആർ.എ.യുടെ ഉടമകളിലൊരാളായ അബ്ദുൽ ഖദ്ദാഫാണ് ഭർത്താവ്. ഇരുവർക്കും മൂന്ന് മക്കളുമുണ്ട്. നേരത്തെ 10 വർഷത്തോളം ദുബായിൽ പ്രവാസിയായിരുന്ന യുവതി ജനുവരി 26നായിരുന്നു ഓൺലൈനിലൂടെ 291310 നമ്പർ ടിക്കറ്റെടുത്തത്. ഒരു സുഹൃത്ത് പറഞ്ഞതനുസരിച്ചാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പിനെക്കുറിച്ച് അറിഞ്ഞത്. എന്നാൽ, ആദ്യ പരീക്ഷണം തന്നെ ഭാഗ്യം കൊണ്ടുവന്നതിൽ അതിയായ സന്തോഷമുണ്ട്. ഇന്നലെ നടന്ന നറുക്കെടുപ്പ് പക്ഷേ, തത്സമയം കണ്ടിരുന്നില്ല. സമ്മാനത്തുകയിൽ നിന്ന് മക്കളുടെ വിദ്യാഭ്യാസത്തിന് വേണ്ടി ഉപയോഗിക്കും. മറ്റു കാര്യങ്ങൾ തീരുമാനിച്ചിട്ടില്ല.
ഇത്തവണ ബിഗ് ടിക്കറ്റിന്റെ മുഴുവൻ നറുക്കും ലഭിച്ചത് ഇന്ത്യക്കാർക്കാണ്. ഇവരിൽ ഭൂരിഭാഗവും മലയാളികളാണെന്നതാണ് മറ്റൊരു സന്തോഷ വാർത്ത. രണ്ടാം നറുക്കായ മൂന്നരലക്ഷം ദിർഹത്തിന് (69.5 ലക്ഷം രൂപ) ദുബായിൽ ജോലി ചെയ്തിരുന്ന പ്രേം മോഹൻ അർഹനായി. ജനുവരി 26ന് ഇദ്ദേഹത്തിന് ജോലി നഷ്ടപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഭാഗ്യ ദേവത പടികടന്ന് എത്തിയത്.
മൂന്നാം നറുക്കായ ഒരു ലക്ഷം ദിർഹത്തിന് (19 ലക്ഷത്തോളം രൂപ) അലി അസ്‌കറും നാലാം നറുക്കായ 80,000 ദിർഹത്തിന് (15 ലക്ഷത്തോളം രൂപ) നിധിൻ പ്രകാശും അർഹരായി. ബിഗ് ടിക്കറ്റിന്റെ ആഡംബര കാർ നറുക്കും ഇന്ത്യക്കാരി നേടി.