കാഞ്ഞങ്ങാട്: കൊട്ടടയ്ക്ക വില വിപണി ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ. കിലോഗ്രാമിന് (പഴയത്) 440 രൂപയിലും പുതിയത് 385 രൂപയിലുമാണ് കാഞ്ഞങ്ങാട് വിപണിയിൽ കച്ചവടം നടന്നത്. കോവിഡ് മൂലം അടയ്ക്ക ഇറക്കുമതി നിലച്ചതും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അടക്കയ്ക്ക് ആവശ്യം കൂടിയതുമാണ് വില ഉയരാൻ കാരണമായി പറയുന്നത്. കാലാവസ്ഥാ വ്യതിയാനത്തിൽ അടയ്ക്ക ഉദ്പാദനം കുറഞ്ഞതും മറ്റൊരു കാരണമായി.

ലോക്ഡൗണിനു മുൻപ് മാർച്ച് മാസത്തിൽ 266 രൂപയും 298 രൂപയുമായിരുന്നു പുതിയതിന്റെയും പഴയതിന്റെയും വില. ഇത് മെയ്‌ മാസത്തിൽ യഥാക്രമം 290-ലേക്കും 330-ലേക്കും ഉയർന്നു. പത്തു ദിവസം മുൻപ് ദിവസവും അഞ്ചും പത്തും രൂപ വർധിച്ചാണ് ഇപ്പോൾ 385-ലും 440-ലും എത്തിനിൽക്കുന്നത്.

കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രതികൂല കാലാവസ്ഥയും മഹാളി രോഗവും കാരണം വലിയ തോതിലുള്ള വിളനഷ്ടമാണ് കവുങ്ങുകർഷകർക്ക് നേരിടേണ്ടി വന്നത്. കർഷകരുടെ സംയുക്ത സംരംഭമായ കാംപ്കോ വഴിയാണ് കർഷകർ പ്രധാനമായും അടയ്ക്ക വിറ്റഴിക്കുന്നത്. വില ഉയർന്നതോടെ സ്വകാര്യ കച്ചവടക്കാരും രംഗത്തുണ്ട്.