തിരുവനന്തപുരം: പാലക്കാട് വാളയാർ അട്ടപ്പള്ളത്ത് പ്രായപൂർത്തിയാകാത്ത രണ്ട് ദളിത് പെൺകുട്ടികളെ ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയടക്കമുള്ള സി പി എം കാർ കൂട്ടബലാൽസംഗം ചെയ്ത കേസിൽ പ്രതികളെ തെളിവു നശിപ്പിച്ച് ശിക്ഷയിൽ നിന്ന് രക്ഷിച്ചെടുത്ത പൊലീസുദ്യോഗസ്ഥരെയും വിചാരണ അട്ടിമറിച്ച് പ്രതികളെ ശിക്ഷയിൽ വിന്നും രക്ഷിച്ചെടുത്ത സ്‌പെഷ്യൽ പ്രോസിക്യൂട്ടർമാരെയും പ്രതി ചേർത്ത് പ്രതികളായ പീഡകർക്കൊപ്പം വിചാരണ ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന ഡി ജി പി ക്ക് നോട്ടീസ്.

വാളയാർ പൊലീസ് സബ് ഇൻസ്‌പെക്ടർ പി.സി. ചാക്കോ, സർക്കിൾ ഇൻസ്‌പെക്ടർ വിപിൻ കുമാർ, ഡിവൈഎസ്‌പിമാരായ വാസുദേവൻ, എം.ജെ. സോജൻ, രണ്ടു വനിതാ പബ്ലിക് പ്രോസിക്യൂട്ടർമാർ എന്നിവരെ വാളയാർ പീഡന കേസിലെ പ്രതികളായ ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി പാമ്പാമ്പള്ളം കള്ളങ്കാട് വലിയ മധു എന്ന വി.മധു (30), സിപിഎം പ്രവർത്തകരായ ഇടുക്കി രാജാക്കാട് നാലു തെക്കിൽ വീട്ടിൽ ഷിബു (46), കൊച്ചു മധുവെന്ന എം. മധു എന്നിവർക്കൊപ്പം സംയുക്തമായി വിചാരണ ചെയ്യാനായി കുറ്റപത്രം സമർപ്പിക്കണമെന്നാണ് നോട്ടീസിലെ ആവശ്യം.

ഇപ്പോൾ നടക്കുന്ന തുടരന്വേഷണത്തിൽ കേസട്ടിമറിച്ച പൊതുസേവകരായ ആറു പേരെ പ്രതിചേർത്ത് തുടരന്വേഷണ റിപ്പോർട്ടായി അഡീഷണൽ കുറ്റപത്രം വിചാരണക്കോടതിയായ പാലക്കാട് പോക്‌സോ കോടതിയിൽ സമർപ്പിക്കണമെന്നാവശ്യപ്പെട്ട് പൊതു താൽപര്യാർത്ഥം അഡ്വ.നെയ്യാറ്റിൻകര. പി. നാഗരാജാണ് നോട്ടീസയച്ചത്. അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും പ്രതിഭാഗം ചേർന്ന് കേസ് വിചാരണ അട്ടിമറിച്ച് പ്രതികളെ ശിക്ഷയിൽ രക്ഷിച്ചെടുത്ത കേസാണ് നോട്ടീസിനാധാരമായത്. പാലക്കാട് പോക്‌സോ കോടതി തെളിവിന്റെ അഭാവത്തിൽ എല്ലാ പ്രതികളെയും വെറുതെ വിട്ടിരുന്നു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 201( കുറ്റക്കാരെ ശിക്ഷയിൽ നിന്ന് രക്ഷിച്ചെടുക്കാൻ തെളിവ് അപ്രത്യക്ഷമാക്കൽ), 166 എ (പീഡനക്കേസ് വിവരം ലഭിച്ചിട്ടും കേസ് ഉടൻ രജിസ്റ്റർ ചെയ്യാതിരിക്കലും മൊഴിയെടുക്കാതിരിക്കലും), 217 (ശിക്ഷയിൽ നിന്ന് ആളെ രക്ഷിക്കണമെന്ന ഉദ്ദേശ്യത്തോടെ പബ്ലിക് സർവ്വന്റ് നിയമ നിർദ്ദേശം അനുസരിക്കാതിരിക്കൽ), 218 (ശിക്ഷയിൽ നിന്ന് ആളെ രക്ഷിക്കണമെന്ന ഉദ്ദേശ്യത്തോടെ പബ്ലിക് സർവ്വന്റ് തെറ്റായ റിക്കാർഡോ ലിഖിതമോ രൂപപ്പെടുത്തൽ), 120 ബി (ക്രിമിനൽ ഗൂഢാലോചന) എന്നീ വകുപ്പുകൾ പ്രകാരം ആറു പേർക്കെതിരെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ച് മറ്റു പ്രതികൾക്കൊപ്പം ജോയിന്റ് ട്രയൽ (സംയുക്ത വിചാരണ) ചെയ്യണമെന്നും നോട്ടീസിൽ പറയുന്നു. തുടരന്വേഷണ പ്രത്യേക അന്വേഷണ സംഘത്തിന് ആറുപേരെയും പ്രതിചേർത്ത് അഡീഷണൽ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കാൻ നിർദ്ദേശം നൽകണമെന്നും നോട്ടീസ് കേസ് ഡയറി ഫയലിന്റെ ഭാഗമാക്കി സിബിഐ എത്തുമ്പോൾ സി ബി ഐ ക്ക് കൈമാറണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

2017 ജനുവരി 13 ന് 13 വയസ്സുള്ള മൈനർ പെൺകുട്ടിയും മാർച്ച് 4 ന് 9 വയസ്സുള്ള ഇളയ സഹോദരിയും വാളയാർ അട്ടപ്പള്ളത്തെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ആഭ്യന്തര വകുപ്പിൽ പ്രതികൾക്കുള്ള സ്വാധീനത്താൽ നേരിട്ടുള്ള തെളിവും ശാസ്ത്രീയ തെളിവുകളും പൊലീസ് നശിപ്പിച്ചു. ഫോറൻസിക് വിദഗ്ധരെയും വിരലടയാള വിദഗ്ധരെയും മറ്റും കൃത്യ സ്ഥലത്തെത്തിക്കുകയോ പെൺകുട്ടി ധരിച്ചിരുന്ന വസ്ത്രങ്ങൾ, ആഭരണങ്ങൾ, ക്രൈം സീനിൽ നിന്ന് ശേഖരിക്കേണ്ട വസ്തുക്കൾ എന്നിവ ശേഖരിക്കാതെയും തെളിവ് നശിപ്പിച്ച് പ്രതികൾക്കൊപ്പം പൊലീസ് നിലയുറപ്പിച്ചു. നിയമ പരിജ്ഞാനമില്ലാത്ത രക്ഷിഷിതാക്കൾക്ക് പെൺകുട്ടിയുടെ വസ്ത്രങ്ങൾ തിര്യെ നൽകുകയായിരുന്നു. കുറച്ചു നാളുകൾ കഴിഞ്ഞ് അവർ അത് കത്തിച്ചു കളയാനിടയാക്കി ഇരക്കൊപ്പം നിൽക്കേണ്ട പൊലീസ് ബോധപൂർവ്വം പ്രതികൾക്കൊപ്പം നിന്ന് തെളിവ് നശിപ്പിക്കാൻ ഒത്താശ ചെയ്തു. പെൺകുട്ടിയുടെ ശരീരത്തു നിന്നു ശേഖരിക്കേണ്ട പുരുഷന്റെ മുടിയിഴകൾ, സെമിനൽ സ്റ്റെയിൻസ്, ഉമിനീർ, സ്വകാര്യ ഭാഗത്തു നിന്നു പൊലീസ് സർജൻ മുഖേന ശേഖരിക്കേണ്ട വജൈനൽ സ്വാബ്, സ്മിയേഴ്, കൈയിലെ നഖ ഭാഗങ്ങൾ തുടങ്ങിയവ ശേഖരിക്കാതെ ബോധപൂർവ്വം പൊലീസ് ഒഴിവാക്കി.

ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 161 പ്രകാരമുള്ള സാക്ഷിമൊഴികളിലും പ്രതികളെ കൃത്യവുമായി ബന്ധിപ്പിക്കുന്ന നിർണ്ണായക വിവരങ്ങൾ ഒഴിവാക്കിയാണ് പൊലീസ് കോടതിയിൽ ഹാജരാക്കിയത്. പല നിർണ്ണായക തെളിവുകളും മഹസറും ബോധപൂർവ്വം കാലതാമസം വരുത്തി കോടതിയിൽ ഹാജരാക്കി സംശയത്തിന്റെ ആനുകൂല്യം പ്രതികൾക്ക് നേടിക്കൊടുത്ത് കേസ് അട്ടിമറിച്ചു ശിക്ഷയിൽ നിന്ന് പ്രതികളെ രക്ഷിച്ചെടുത്തു.

അന്വേഷണത്തിലെയും കുറ്റപത്രത്തിലെയും പാകപ്പിഴകൾ കണ്ടിട്ടും പ്രോസിക്യൂട്ടർമാർ തുടരന്വേഷണ ഹർജി കോടതിയിൽ സമർപ്പിക്കാതെ പ്രതികൾ കേസ് വിചാരണയിൽ നിന്ന് ഊരിപ്പോകാൻ കളമൊരുക്കി.ദൃക്‌സാക്ഷികളില്ലാത്ത കേസിൽ സാഹചര്യത്തെളിവുകളുടെ ചങ്ങല കോർത്തിണക്കേണ്ടതുണ്ട്. കേസ് വിചാരണയിൽ കൂറുമാറിയ സാക്ഷികളെ ഇന്ത്യൻ തെളിവു നിയമത്തിലെ വകുപ്പ് 154 പ്രകാരം നേരരാംവണ്ണം ക്രോസ് വിസ്താരം ചെയ്യാതെ പ്രതികൾക്കൊപ്പം ചേർന്ന് പ്രോസിക്യൂട്ടർമാർ നിയമത്തെയും നീതിന്യായ കോടതിയെയും നോക്കുകുത്തിയാക്കിയതായും നോട്ടീസിൽ പറയുന്നു. എൽ ഡി എഫ് സർക്കാർ തന്നെ സ്‌പെഷ്യൽ പ്രോസിക്യൂട്ടറെ വച്ച് ഡിവൈഎഫ്‌ഐക്കാരായ പ്രതികളെ രക്ഷിച്ചെടുക്കുകയായിരുന്നുവെന്ന ആക്ഷേപം ഉയർന്നിരുന്നു.

പൊലീസിന്റെയും പ്രോസിക്യൂട്ടർമാരുടെയും ബോധപൂർവ്വമായ ക്രമക്കേടുകൾ 2020 ഏപ്രിൽ 25 ന് ജുഡീഷ്യൽ അന്വേഷണ കമ്മീഷനായ ജില്ലാ ജഡ്ജി പി.കെ. ഹനീഫയും ഹൈക്കോടതി ജസ്റ്റീസുമാരായ എ. ഹരിപ്രസാദും എം. ആർ. അനിതയും അടങ്ങിയ ഡിവിഷൻ ബെഞ്ചും 2021 ജനുവരി 6 ന് കണ്ടെത്തി. പുനർവിചാരണക്കും തുടന്വേഷണത്തിനും ഹൈക്കോടതി ഉത്തരവിട്ടു. പെൺകുട്ടികളുടെ രക്ഷിതാക്കളുടെ ആവശ്യപ്രകാരം തുടരന്വേഷണം സിബിഐക്ക് വിടുന്നതായി അറിയിച്ചു. അതേസമയം സിബിഐക്ക് കൈമാറുന്ന ഉത്തരവ് പുറപ്പെടുവിച്ച് സിബിഐ എത്തും മുമ്പ് ആഭ്യന്തര മന്ത്രി പിണറായി വിജയൻ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാൻ ഡിജിപിക്ക് നിർദ്ദേശം നൽകുകയായിരുന്നു. ഇത് കേസ് വീണ്ടും അട്ടിമറിക്കാനാണോയെന്ന സംശയം ഉയരുന്നുണ്ട്. അതേ സമയം മൂത്ത മകളുടെ പീഡന കേസ് മാത്രമാണ് സി ബി ഐ ക്ക് വിട്ടത്. തുടർന്ന് മാതാപിതാക്കൾ വീണ്ടും പരാതിപ്പെട്ടത് മാധ്യമ വാർത്തയായപ്പോൾ മാത്രമാണ് ഇളയ കുട്ടിയുടെ മരണവും സിബിഐക്ക് കൈമാറാൻ ആഭ്യന്തര മന്ത്രി പിണറായി വിജയൻ ഫെബ്രുവരി 4 ന് ഉത്തരവിറക്കിയത്.